.

.

Wednesday, March 28, 2012

വേമ്പനാട്ടുകായല്‍ അപകടാവസ്ഥയില്‍

ആലപ്പുഴ : വേമ്പനാട്ടുകായല്‍ മലിനീകരണം സര്‍വ്വകാല റിക്കോഡിലെത്തിയതായി പഠനറിപ്പോര്‍ട്ട്. കാര്‍ഷിക സര്‍വകലാശാലയുടെ പ്രതിമാസ പഠനറിപ്പോര്‍ട്ടില്‍ ഏറ്റവും ഒടുവിലത്തേതിലാണ് ഏറെ ആശങ്ക പരത്തുന്ന വിവരമുള്ളത്.
വേമ്പനാട്ടുകായല്‍, പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ നദികള്‍ എന്നിവിടങ്ങളിലാണ് കാര്‍ഷിക സര്‍വകലാശാല പഠനം നടത്തിയത്. കായലിനെ അപേക്ഷിച്ച് നദികളുടെ സ്ഥിതി താരതമ്യേന ഭേദമെന്നാണ് കണ്ടെത്തല്‍.
പച്ച നിറമുള്ള കൊഴുത്ത വെള്ളമാണ് കായലില്‍ പലയിടത്തുമെന്ന് കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. പായല്‍ പോലെയുള്ള ജൈവ സൂഷ്മസസ്യങ്ങള്‍ പെരുകിയതാണ് ഇതിനു പ്രധാനകാരണം. രാസമൂലകങ്ങള്‍ കണ്ടമാനം കൂടി. വെള്ളത്തിന്റെ സുതാര്യത കുറഞ്ഞു. നദികളിലൂടെ നഗരമാലിന്യങ്ങളും ഒഴുകിയെത്തുന്നു. വലകളില്‍ പുഴുക്കള്‍ കുടുങ്ങുന്നതും പതിവായി. ഹൗസ്‌ബോട്ട് മാലിന്യങ്ങള്‍ക്ക് നിയന്ത്രണമില്ലാതായി 10,000 ടണ്ണോളം രാസവളം കുട്ടനാട്ടില്‍ ഒന്നാംകൃഷിക്കുപയോഗിക്കുന്നു. ഇതത്രയും കായലിലാണ് എത്തുന്നത്. രാസമൂലകങ്ങള്‍ കൂടുതല്‍ കണ്ടെത്തിയതിനു കാരണമിതാണെന്നാണു വിലയിരുത്തല്‍.

സൂര്യപ്രകാശം വേമ്പനാട്ടുകായലിലെ വെള്ളത്തിലൂടെ കടന്നു പോകുന്നത് കഷ്ടിച്ച് 50 മുതല്‍ 60 സെ.മീ. വരെ മാത്രം. ശുദ്ധജലത്തില്‍ സാധാരണ രണ്ടുമുതല്‍ രണ്ടര മീറ്റര്‍ വരെ പ്രകാശം കടന്നു പോകുന്ന സ്ഥാനത്താണ് ഈ വ്യത്യാസം. ഇത് മാലിന്യത്തിന്റെ കാഠിന്യമാണ് സൂചിപ്പിക്കുന്നത്.

പ്രാണവായുവില്‍ ജീര്‍ണ്ണിക്കുന്ന വസ്തുക്കളുടെ സൂചകമായ ഡി.ഒ.ഡി. വര്‍ദ്ധിച്ചതായും കണ്ടെത്തി- പാര്‍ട് പെര്‍ മില്യണ്‍ 5.0 ആണ് സാധാരണ അളവ്. മുമ്പൊരിക്കലും മാലിന്യം ഇത്ര അപകടകരമായ അളവിലെത്തിയിട്ടില്ലെന്ന് സര്‍വകലാശാലാധികൃതര്‍ പറഞ്ഞു.
കൊഴുത്തവെള്ളം പല മീനുകള്‍ക്കും വംശനാശ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രധാനമായും കരിമീനിനാണ് പ്രശ്‌നം. തെളിഞ്ഞവെള്ളം ഇവയുടെ നിലനില്പിന് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

മാലിന്യം മൂലം വേമ്പനാട്ടു കായലില്‍ കോല, പൂമീന്‍ , തിരുത, കണമ്പ് എന്നീ മത്സ്യഇനങ്ങള്‍ കാണാനേ ഇല്ല. പുന്നമട, 24,000കായല്‍, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലൊക്കെ മാലിന്യത്തിന്റെ രൂക്ഷത വെറുതെ നോക്കിയാല്‍ പോലും മനസ്സിലാവും.
തണ്ണീര്‍മുക്കം ബണ്ടുതുറന്ന് ഓരുവെള്ളം കയറ്റുകയാണ് ഇതിന് അടിയന്തരപരിഹാരമെന്ന് ഡോ. പത്മകുമാര്‍ പറഞ്ഞു. പക്ഷേ, കുട്ടനാട്ടില്‍ കൃഷിയുടെ താളം തെററിയത് ഇതിനു തടസ്സമായി. കൊയ്ത്തു പകുതി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ബാക്കികൂടി പൂര്‍ത്തിയാകാന്‍ രണ്ടുമാസം കാത്തിരിക്കണം. ബണ്ടു തുറക്കല്‍ അത്രയും വൈകുന്നത് കായലിന്റെ കാര്യം കഷ്ടത്തിലാക്കും.
28 Mar 2012 Mathrubhumi Alappuzha News (എസ്.ഡി. വേണുകുമാര്‍)

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക