.

.

Friday, March 16, 2012

അഴിഞ്ഞിലത്തെ വയല്‍നികത്തല്‍ അപൂര്‍വ പക്ഷികള്‍ക്കും വിനയാവും

അഴിഞ്ഞിലം: അഴിഞ്ഞിലത്തെ വയല്‍പ്രദേശം നികത്താന്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്ന ശ്രമം ലോകത്തെ അത്യപൂര്‍വമായ പക്ഷിജാലത്തിന് അന്ത്യം കുറിക്കും. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ ഉള്‍പ്പെടുത്തി ലോക വന്യജീവി സംരക്ഷണ സംഘടന പുറത്തിറക്കിയ ചുവന്നപട്ടികയില്‍ ഉള്‍പ്പെടുന്ന അഞ്ചോളം പക്ഷികളെയാണ് അഴിഞ്ഞിലത്ത് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ലോകത്തില്‍ 200ല്‍ താഴെ എണ്ണം മാത്രം അവശേഷിക്കുന്ന പക്ഷികളും ഉള്‍പ്പെടും. ഇവയുടെ അതിജീവന ശ്രമത്തിന് മേലെയാണ് സ്വകാര്യ കമ്പനികള്‍ ലാഭക്കൊതിയുടെ മണ്ണിടാനൊരുങ്ങുന്നത്.
കേരളത്തില്‍ അപൂര്‍വമായി മാത്രം കാണപ്പെട്ട വര്‍ണക്കൊക്ക്, കുറിത്തലയന്‍ വാത്ത്, തവിടന്‍ നെല്ലിക്കോഴി, വാലന്‍ താമരക്കോഴി, ചാരത്തലയന്‍ തിത്തിരി, കൊമ്പന്‍ കുയില്‍ എന്നീ ചുവന്നപട്ടികയിലെ പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വര്‍ണക്കൊക്ക്, കുറിത്തലയന്‍ വാത്ത്, വാലന്‍ താമരക്കോഴി എന്നിവ ലോകത്തില്‍തന്നെ 200ല്‍ താഴെ എണ്ണം മാത്രം അവേശഷിക്കുന്നവയാണെന്ന് പഠനങ്ങള്‍ പറയുന്നു. അങ്ങേയറ്റം വംശനാശഭീഷണി നേരിടുന്നവയാണ് ഈ പക്ഷികള്‍.
അടുത്തകാലം വരെ യൂറോപ്പ്, ആര്‍ട്ടിക് മേഖല, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളില്‍നിന്ന് 150ലധികം ഇനം ദേശാടനപ്പക്ഷികള്‍ ഇവിടെയെത്തിയിരുന്നു. പ്രദേശത്തെ അനിയന്ത്രിത വയല്‍നികത്തല്‍മൂലം ഇവയുടെ വംശവര്‍ധനയും പ്രതിസന്ധിയിലാണ്. കരിയാള, വാള്‍ കൊക്കന്‍, തെറ്റി കൊക്കന്‍, പവിഴക്കാലി, ചോരക്കാലി, സ്റ്റെപ്‌സ് തുടങ്ങിയ പക്ഷികളാണ് പ്രധാനമായും ഇവിടെ വിരുന്നെത്താറുള്ളത്. അപൂര്‍വയിനം തവിടന്‍, ചെമ്പന്‍ നെല്ലിക്കോഴികളെയും ഇവിടെ മാത്രമാണ് കാണാന്‍ കഴിയുന്നത്. പ്രദേശത്തെ ജലസ്രോതസ്സുകളും കൈത്തോടുകളും വരമ്പുകളും ഇല്ലാതായതോടെ നെല്ലിക്കോഴികളുടെ എണ്ണവും കുറഞ്ഞു.

കാര്‍ഷിക സമൃദ്ധിയുടെ പ്രതീകങ്ങളായി കണക്കാക്കിയിരുന്ന മഴക്കൊറ്റകള്‍ ഇവിടത്തെ വയലുകളില്‍ ഒരുകാലത്ത് സര്‍വസാധാരണമായിരുന്നു. ചിന്നക്കൊക്ക്, കരിംകൊറ്റ തുടങ്ങിയ പക്ഷികളും മേഖലയില്‍ കാണപ്പെടുന്നുണ്ട്.

പരുന്ത് വര്‍ഗത്തില്‍പ്പെട്ട വെള്ളിയെറിയന്‍, താലിപ്പരുന്ത്, കിന്നരിപ്പരുന്ത് എന്നിവയും ഇവിടെയുണ്ട്. മുണ്ടന്‍ മരംകൊത്തി, മഞ്ഞക്കാഞ്ചി മരംകൊത്തി തുടങ്ങിയവയും ഇവിടെ ഉണ്ടായിരുന്നു. കുന്നുകളിലെയും വയലുകളിലെയും സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാതായാതാണ് ഈ പക്ഷികള്‍ക്ക് ഭീഷണിയായിരിക്കുന്നത്.

വൈറ്റ് ബെല്ലീഡ് ഡ്രോങ്കോ (കാക്കത്തമ്പുരാന്‍), കൂട്ട്, വാലന്‍ താമരക്കോഴി, കോട്ടണ്‍ ടീല്‍ (പച്ച ഇരണ്ട), ചൂള ഇരണ്ട തുടങ്ങിയവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

നീര്‍കാക്കകളുടെ വന്‍ കോളനികളുണ്ടായിരുന്ന സ്ഥലമാണിത്. വരമ്പന്‍, ചെമ്പന്‍പാടി, കൊമ്പന്‍പാടി, കരിവയറന്‍, കതിര്‍വാലന്‍ കിളി തുടങ്ങിയ വാനമ്പാടികളും ഇവിടെ കാണാം. അതേസമയം, ചില പുതിയ പക്ഷികളുടെ ആഗമനം പക്ഷിനിരീക്ഷകരെ അദ്ഭുതപ്പെടുത്തുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണാറുള്ള ചേരക്കോഴി, ബ്ലാക്ക്‌നെക്ക്ഡ് സ്റ്റോര്‍ക്ക്, ഓപ്പണ്‍ ഡില്‍ സ്റ്റോര്‍ക്ക് എന്നിവയാണ് പുതുതായി എത്തിയ അതിഥികള്‍.

ആവാസവ്യവസ്ഥയിലുണ്ടായ മാറ്റമാണ് പക്ഷികളുടെ തിരോധാനത്തിന് കാരണം. അതുകൊണ്ടുതന്നെ പ്രദേശത്ത് നടക്കുന്ന പ്രകൃതിവിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പാവുകയാണ് പക്ഷികളുടെ തിരോധാനം.
16 Mar 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക