.

.

Tuesday, March 6, 2012

തെന്മല ഡാം കടുത്ത വരള്‍ച്ചയില്‍; ഉമയാറില്‍ അടിത്തട്ട് തെളിഞ്ഞു

തെന്മല: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചനപദ്ധതിയുടെ സംഭരണിയായ തെന്മല പരപ്പാര്‍ ഡാം കടുത്ത വരള്‍ച്ചയില്‍. വെള്ളം ഇറങ്ങിയതിനാല്‍ ഡാമിന്റെ അങ്ങേയറ്റമായ ഉമയാറില്‍ 7 കിലോമീറ്റര്‍ ദൂരത്ത് അടിത്തട്ട് തെളിഞ്ഞു. 116.73 മീറ്റര്‍ പൂര്‍ണസംഭരണശേഷിയുള്ള ഡാമില്‍ തിങ്കളാഴ്ചത്തെ ജലനിരപ്പ് 107 മീറ്ററാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 3 മീറ്റര്‍ വെള്ളത്തിന്റെ കുറവുണ്ട്. തെന്മല ഡാമിന്റെ പ്രധാന പോഷകനദിയായ ചെന്തുരുണിയുടെ കൈവഴി ഉമയാര്‍ ഡാമില്‍ ചേരുന്ന ഭാഗത്താണ് അടിത്തട്ട് തെളിഞ്ഞിരിക്കുന്നത്.
മരക്കുറ്റികളും മണ്‍കൂനകളും വീണുകിടക്കുന്ന മരങ്ങളുമെല്ലാം ചെന്തുരുണി വന്യജീവിസങ്കേതത്തിനുള്ളില്‍പ്പെട്ട ഉമയാറിലെ കാഴ്ചയാണ്. 7 കിലോമീറ്റര്‍ താഴെ വണ്ടല്ലൂര്‍മുതലാണ് വെള്ളമുള്ളത്. വരള്‍ച്ച കടുത്തതോടെ 23 കിലോമീറ്റര്‍ നീളത്തില്‍ കിടന്ന ജലാശയം 16 കിലോമീറ്ററായി ചുരുങ്ങി. വേനലിന്റെ തുടക്കത്തില്‍ത്തന്നെ ഡാം വരണ്ടത് വരുംദിനങ്ങളില്‍ ജലവിതരണത്തെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കല്ലട ജലസേചനപദ്ധതിയുടെ തെന്മല അണയിലെ വെള്ളം ഉപയോഗിച്ചാണ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വേനല്‍ക്കാല ജലവിതരണം നടത്തിയിരുന്നത്.
93 മീറ്ററില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ ഡാമില്‍നിന്നുള്ള ജലവിതരണം നിര്‍ത്തിവയേ്ക്കണ്ടിവരും.
എക്കലും മണലും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞതിനാല്‍ ഡാം ചെറിയ മഴയില്‍ നിറഞ്ഞുകവിയുകയും വേനലിന്റെ തുടക്കത്തില്‍ത്തന്നെ വരളുകയുമാണ്. എക്കല്‍ നീക്കം ചെയ്യാന്‍ ഡാം അധികൃതര്‍ പദ്ധതികളിട്ടുവെങ്കിലും ജലാശയം വന്യജീവിസങ്കേതത്തില്‍ ആയതിനാല്‍ ചെന്തുരുണി വന്യജീവിസങ്കേതം അധികൃതരുടെ എതിര്‍പ്പു കാരണം നടന്നില്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക