.

.

Friday, March 16, 2012

പ്രാചീനയുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തി

ചേവായൂരിലെ കിര്‍ത്താഡ്‌സ് പരിസരത്തുനിന്ന് നിന്ന് ചെറുശിലായുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തി. വെള്ളാരംകല്ലിലും സ്ഫടികശിലയിലും നിര്‍മിച്ച കല്‍ച്ചുരണ്ടികളും ബ്ലേഡുകളും ബോറര്‍ ശിലായുധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കിര്‍ത്താഡ്‌സിലെ റിസര്‍ച്ച് അസിസ്റ്റന്റും പുരാതത്ത്വ നരവംശശാസ്ത്ര ഗവേഷകനുമായ എന്‍.കെ. രമേശാണ് ഇവ കണ്ടെടുത്തത്.

ഇന്നത്തെ മേശക്കത്തിക്ക് സമാനമായ രീതിയില്‍ മൂര്‍ച്ചയേറിയതും ചെറിയതുമായ ശിലായുധങ്ങളാണ് ചെറുശിലായുഗത്തിലെ മനുഷ്യര്‍ നിര്‍മിച്ചിരുന്നത്.
ചെറുതരം പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടി ഉപജീവനം നടത്തിയിരുന്ന ചെറുശിലായുഗ മനുഷ്യര്‍ മീന്‍പിടിത്തത്തിലും സാമര്‍ഥ്യം പ്രകടിപ്പിച്ചവരായിരുന്നു.
കേരളത്തില്‍ ആദ്യമായി ചെറുശിലായുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തിയത് ചേവായൂരില്‍ നിന്നായിരുന്നു. 1930-കളില്‍ ബ്രിട്ടീഷ് ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ കെ.ആര്‍.വി. ടോഡ് ആയിരുന്നു ഇവ കണ്ടെത്തിയത്. ഇരുമ്പ് നിര്‍മിച്ചിരുന്നതിന്റെ തെളിവുകളും ഇവിടെ നിന്ന് രമേശ് ശേഖരിച്ചിട്ടുണ്ട്. നേരത്തേ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് ആദിമമനുഷ്യവാസത്തിന്റെ നിരവധി തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. ടോഡ് കണ്ടെത്തിയ ചെറുശിലായുധങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. രമേശ് കണ്ടെടുത്തവ കണ്ണൂര്‍ സര്‍വകലാശാലയിലെ നരവംശശാസ്ത്ര വകുപ്പിലെ എത്തനോളജിക്കല്‍ ആന്‍ഡ് ഹെറിറ്റേജ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.
16 Mar 2012 Mathrubhumi Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക