.

.

Friday, March 2, 2012

മാലിന്യങ്ങളെ എന്തിന് ഭയക്കണം

മാലിന്യ പ്രശ്‌നപരിഹാരത്തിനായി അധികാരികളും ജനങ്ങളും നേട്ടോട്ടമോടുന്നതിനെ കുറിച്ച് ചോദിച്ചാല്‍ കോഴിക്കോട്ടുകാരനായ അബൂബക്കര്‍ ചിരിക്കും. കാരണം എന്തെന്നല്ലേ? മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും അത് ലാഭകരമാക്കുന്നതിനും പല വഴികളുണ്ടെങ്കിലും ജനങ്ങള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ബക്കറിന്റെ അഭിപ്രായം. ജൈവമാലിന്യങ്ങളില്‍ നിന്നു കൂടുതല്‍ വൈദ്യുതിയും ഗ്യാസും ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനും അബൂബക്കറിന് കഴിഞ്ഞു. കേരളത്തിലെ നഗരങ്ങള്‍ മാലിന്യ പ്രശ്‌നത്തില്‍ ചീഞ്ഞു നാറുമ്പോള്‍ അതിന് പരിഹാരം കാണാന്‍ തന്റെ നേതൃത്വത്തിലുള്ള കമ്പനി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ജൈവോര്‍ജ രംഗത്ത് പുതിയ നേട്ടം ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്‌കൈലേന്‍ ഗ്രീനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വന്തമാക്കിയപ്പോള്‍ അതിന്റെ അമരത്ത് അബൂബക്കറായിരുന്നു. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശിയായ പി. അബൂബക്കര്‍. ചെയര്‍മാന്‍ ചെങ്ങന്നൂര്‍ സ്വദേശി ഡോ. രാജ വിജയകുമാറും. എട്ട് വര്‍ഷത്തെ ഗവേഷണത്തിലൂടെ സെറിഗ്യാസ് എന്ന ജൈവ ഗ്യാസ് പിറവിയെടുത്തപ്പോള്‍ അതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരവും ലഭിച്ചു. വീടുകളിലും പരിസരത്തും മാലിന്യം എന്നും ഭീഷണി ഉയര്‍ത്തുമ്പോള്‍ കുറച്ച് മാലിന്യങ്ങളില്‍ നിന്നു കൂടുതല്‍ ബയോഗ്യാസ് എന്ന സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത്. പ്ലാസ്റ്റിക് ഒഴികയുള്ള ഏത് മാലിന്യങ്ങളും ഉപയോഗിച്ച് പാചകവാതകം ഉണ്ടാക്കുന്ന സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.

കെമിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരിയായ അബൂബക്കര്‍ 25 വര്‍ഷമായി ഈ രംഗത്തുണ്ട്. ഗള്‍ഫില്‍ ഓയില്‍ റിഫൈനറിയില്‍ ജോലി നോക്കിയതിനുശേഷം ബാംഗ്ലൂരിലെത്തി മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടക്കത്തില്‍ മലിനജലം ശുദ്ധീകരിക്കുന്ന മേഖലയിലായിരുന്നു. തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിക്കുന്നതിനായി ചൈനയിലേക്ക് പോയി. മാലിന്യ സംസ്‌കരണ രംഗത്ത് ചൈന നേടിയ നേട്ടം ആരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് അബൂബക്കര്‍ പറയുന്നു. നമ്മള്‍ ചാണകം നേരെ വളമായാണ് ഉപയോഗിക്കുന്നതെങ്കില്‍ ചൈനയില്‍ ചാണകത്തില്‍ നിന്നു ഗ്യാസ് എടുത്തതിന് ശേഷം മാത്രമേ വളമായി ഉപയോഗിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാസ് എടുത്തുമാറ്റിയാല്‍ മാത്രമേ ചാണകത്തിന് വളത്തിന്റെ യഥാര്‍ഥ ഗുണം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ചാണകം അടക്കം എല്ലാ ജൈവ മാലിന്യങ്ങളില്‍ നിന്നും മീഥയിന്‍ ഗ്യാസ് മാറ്റിയില്ലെങ്കില്‍ അത് അന്തരീക്ഷത്തിന് ഭിഷണിയാണ്, ഒരു കിലോ മീഥേന്‍ ഗ്യാസില്‍ ഇതിന്റെ എത്രയോ മടങ്ങ് കാര്‍ബണ്‍ഡയോക്‌സൈഡ് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഓസോണ്‍ പാളികള്‍ക്ക് ഹാനികരമാണ്. ജൈവ മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചാലുണ്ടാകുന്ന ഈ പ്രശ്‌നം അധികൃതര്‍ കണക്കാക്കുന്നില്ലെന്ന് പരാതിയും ബക്കറിനുണ്ട്. എന്നാല്‍ വീടുകളില്‍ നിന്നു പുറംതള്ളുന്ന ജൈവ മാലിന്യങ്ങള്‍ ഗ്യാസാക്കി മാറ്റിയാല്‍ സാമ്പത്തികമായും കുടുംബത്തിന് നേട്ടമാണ്. മാലിന്യങ്ങള്‍ സംഭരിച്ച ഇന്ധനമാക്കി മാറ്റാന്‍ പല കമ്പനികളും തയ്യാറാണെങ്കിലും സര്‍ക്കാര്‍തലത്തില്‍ അനുകൂല നടപടി ഉണ്ടാവാറില്ലെന്ന് അബൂബക്കര്‍ കുറ്റപ്പെടുത്തുന്നു.

സ്‌കെയിലേന്‍ ഗ്രീനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത സെറി ഓര്‍ഗാനിക് ഫ്യുവല്‍ ടെക്‌നോളജിയിലൂടെ ജൈവമാലിന്യങ്ങളില്‍ നിന്നു 65 ശതമാനം കൂടുതല്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കാന്‍ കഴിയും. മാത്രമല്ല അപകടനിരക്ക് കുറവും ചൂട് കണക്കാക്കുന്ന കലോറി ഫിക് എല്‍.പി.ജിക്ക് തുല്യമാണ്. ഇതേത്തുടര്‍ന്നാണ് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ വകുപ്പ് ഇതിന് അംഗീകാരം നല്‍കിയത്.
സെറിഗ്യാസില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറവാണെന്നതും പ്രത്യേകതയാണ്. ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും സെറിഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് മാത്രമല്ല പാചകവാതകത്തിന് ഓയില്‍ കമ്പനികളെ ആശ്രയിക്കേണ്ടിയും വരില്ല. ഗാര്‍ഹിക പ്ലാന്റുകള്‍ നേരിട്ട് ആവശ്യക്കാരില്‍ എത്തിക്കുന്നതിനുള്ള പദ്ധതിയും ഉണ്ട്. ഗ്യാസിന് ശേഷം പ്ലാന്റില്‍ ശേഷിക്കുന്നവ വളമായും ഉപയോഗിക്കാം.
02 Mar 2012 Mathrubhumi Online News

1 comment:

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക