.

.

Friday, March 9, 2012

മൃഗശാലയിലെ പച്ചപ്പുകള്‍ കരിയുന്നു

'വെള്ളമില്ലെങ്കിലും പൂക്കാതിരിക്കാന്‍ എനിക്കാവതില്ല' എന്ന കവിഭാഷ്യത്തെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് മൃഗശാല വളപ്പിലെ കണിക്കൊന്നയും സമീപത്തെ പുല്‍ത്തകിടിയും.
നേപ്പിയര്‍ മ്യൂസിയത്തിന് സമീപത്തുള്ള സന്ദര്‍ശകര്‍ ധാരാളമായി എത്തി വിശ്രമിക്കുന്ന മനോഹരമായ പുല്‍ത്തകിടി കരിഞ്ഞുണങ്ങിയിട്ടുണ്ട്.കരിഞ്ഞ പുല്‍ത്തകിടിയില്‍ കരിയിലകളും മരച്ചില്ലകളും ധാരാളമായുണ്ട്. പുല്‍ത്തകിടി വൃത്തിയാക്കി സൂക്ഷിക്കാനും വെള്ളം നനയ്ക്കാനും 50 ജീവനക്കാര്‍.
 ഇവയുടെ പരിസരം വൃത്തിയാക്കാന്‍ തൂപ്പുകാര്‍ 50. എന്നിട്ടും ഇവിടെ വൃത്തിഹീനമായ അവസ്ഥയെന്നാണ് സന്ദര്‍ശകര്‍ പറയുന്നത്. വൃക്ഷങ്ങളെയും മനോഹരമായ പുല്‍ത്തകിടിയെയും നനച്ചും പരിസരം വൃത്തിയാക്കാനും ഇവിടെ ജീവനക്കാരില്ലേയെന്നാണ് സന്ദര്‍ശകര്‍ ചോദിക്കുന്നത്.എന്നാല്‍ നേപ്പിയര്‍ മ്യൂസിയത്തിനടുത്തുള്ള പുല്‍ത്തകിടിയും പരിസരത്തെ വൃക്ഷങ്ങളും നനയ്ക്കാനായി ഒരു ജലസംഭരണി നിര്‍മിക്കുന്നതിലേക്കായി പൊതുമരാമത്ത് വകുപ്പിന് മൃഗശാല അധികൃതര്‍ കാല്‍ക്കോടി രൂപ നല്‍കിയിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് രൂപ നല്‍കിയത്. 2007-ല്‍ 19.5 ലക്ഷം നല്‍കി. എന്നാല്‍ ഭീമന്‍ ജലസംഭരണിക്ക് തുക മതിയാകില്ലായെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം ആരംഭിച്ചില്ല. തുടര്‍ന്ന് മൃഗശാല ഡയറക്ടര്‍ ഡോ. കെ. ഉദയവര്‍മ്മന്‍ പി.ഡബ്ല്യു.ഡി. അധികൃതര്‍ക്ക് കത്തെഴുതി. അഞ്ചര ലക്ഷം രൂപകൂടി അനുവദിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബാക്കി അഞ്ചര ലക്ഷവും നല്‍കി. എന്നാല്‍ പണം വാങ്ങി പി.ഡബ്ല്യു.ഡി. അധികൃതര്‍ മുങ്ങിയതായാണ് ആക്ഷേപം.

ഈ ജലസംഭരണി നിര്‍മിച്ചാല്‍ സമീപത്തെ കുളത്തില്‍നിന്ന് വെള്ളം സംഭരിച്ച് വേണ്ടരീതിയില്‍ വൃക്ഷപരിപാലനം നടത്താന്‍ കഴിയുമായിരുന്നു. മൃഗശാലയിലെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏറ്റുപിടിച്ച് പി.ഡബ്ല്യു.ഡി. എല്ലാം അവതാളത്തിലാക്കുകയാണ് പതിവെന്നാണ് പരക്കെ ആക്ഷേപം. കുംഭച്ചൂട് കഴിഞ്ഞ് ഇടവമെത്തിയാലും പണി തുടങ്ങില്ലായെന്ന് നിര്‍ബന്ധം പിടിക്കുകയാണ് ഈ വകുപ്പ്.
09 Mar 2012 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക