.

.

Saturday, March 3, 2012

കണികാണാന്‍ കണിക്കൊന്ന പൂക്കുമോ..?

ഇത്തവണ വിഷുവിന് കൊന്നപ്പൂവിനെ കണികാണാന്‍ കിട്ടുമോയെന്ന് ആശങ്ക ഉയരുന്നു. നാട്ടിലെ കൊന്നമരങ്ങള്‍ മിക്കവാറും പൂത്തുലഞ്ഞു നില്‍ക്കുന്നു. രണ്ടോ മൂന്നോ നാള്‍ കഴിഞ്ഞാല്‍ അവ വാടി ദളങ്ങള്‍ കൊഴിയും. വിഷു ഇനിയും ഒന്നരമാസം അകലെയാണ്. അതുവരെ കൊന്നപ്പൂക്കള്‍ ഇങ്ങനെ നില്‍ക്കുമോ? കായകളുമായി ഇലകൊഴിഞ്ഞ മരങ്ങളാവും വിഷുവെത്തുമ്പഴേയ്ക്കും കണിക്കൊന്ന.

സാധാരണഗതിയില്‍ മാര്‍ച്ചോടെ ചില മരങ്ങള്‍ പൂവിടാറുണ്ട്. ഫെബ്രുവരി മാസത്തില്‍ അപൂര്‍വം മൊട്ടുകള്‍ വിരിഞ്ഞ് മാര്‍ച്ച് അവസാനത്തോടെ ഇലകള്‍ പൂര്‍ണമായി പൊഴിഞ്ഞ് വെറും പൂങ്കുലകള്‍ മാത്രമായി കണ്ണിന് കുളിരായി കൊന്നകള്‍ മാറുകയാണ് പതിവ്. എന്നാല്‍ ആ രീതി കാലംതെറ്റി പൂത്ത കൊന്നകള്‍ മറന്നു പോയോ എന്നു സംശയം. ഇപ്പോഴിതാ ഫെബ്രുവരി അവസാനിക്കാറായപ്പോള്‍ തന്നെ മിക്ക മരങ്ങളും നിറയെ പൂത്തു.

ഇങ്ങനെയായാല്‍, ഇത്തവണ കച്ചവടക്കാരും ആവശ്യക്കാരും കണിക്കൊന്നയ്ക്കായി പരക്കം പായേണ്ടിവരുമെന്നുറപ്പാണ്. കാലവസ്ഥയിലുണ്ടായ മാറ്റമാണ് കൊന്നമരം കാലംതെറ്റി പൂക്കാന്‍ ഇടയായതെന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടറായിരുന്ന ഡോ. ആര്‍. അന്‍സാരി പറഞ്ഞു. ചെടികള്‍ക്ക് വളരുന്നതിനും പുഷ്പിക്കുന്നതിനും കാലവും സമയവുമുണ്ട്. മഴക്കാലത്ത് ചെടികള്‍ പുഷ്പിക്കില്ല. തണുപ്പ് കാലത്ത് അവയുടെ വളര്‍ച്ച നിശ്ചലമാവും.

തണുപ്പ് മാറി ചൂട് വരുന്നതോടെയാണ് പൂക്കളുണ്ടാവുക. കൊന്നമരങ്ങള്‍ തുലാവര്‍ഷത്തെയും ആശ്രയിക്കുന്നുണ്ട്. ഇത്തവണ തുലാവര്‍ഷം കുറവും കാലം തെറ്റിയുമായതിനാലാവണം കൊന്ന നേരത്തെ പുഷ്പിക്കാന്‍ ഇടയായതെന്നും അന്‍സാരി കരുതുന്നു.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക