.

.

Monday, March 12, 2012

തീര്‍ഥങ്കര നീരുറവ നശിക്കുന്നു

കാക്കൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നടുവല്ലൂര്‍ നീര്‍ത്തടപരിധിയില്‍പ്പെടുന്ന തീര്‍ഥങ്കരയിലെ നീര്‍ച്ചാലുകള്‍ കടുത്ത ഭീഷണിയില്‍. നീരുറവയുടെ ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചും തീയിട്ട് നശിപ്പിച്ചും തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മുന്നൂറ്റിയമ്പതിലധികം വീട്ടുകാര്‍ക്ക് കുടിനീര് ലഭിക്കുന്നത് പ്രകൃതിദത്തമായ ഈ ജലസ്രോതസ്സില്‍ നിന്നാണ്.
കാക്കൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് ഈ നീരുറവയെയാണ് ആശ്രയിക്കുന്നത്. ഇവിടെയുള്ള നിരവധി കോളനികള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് പഞ്ചായത്തിന്റെ കീഴില്‍ തീര്‍ഥങ്കര ശുദ്ധജലവിതരണപദ്ധതിയും നിലവിലുണ്ട്. എന്നാല്‍ നീരുറവയുടെ ഉത്ഭവസ്ഥലവും കുടിവെള്ള വിതരണ ടാങ്ക് വെച്ചിട്ടുള്ള സ്ഥലത്തിന് ചുറ്റുപാടും നീര്‍ച്ചാല്‍ ഒഴുകുന്ന പ്രദേശങ്ങളും സ്വകാര്യവ്യക്തികളുടെ അധീനതയിലാണ്. ഇതില്‍ പ്രദേശത്തുകാരല്ലാത്ത സ്ഥലമുടമകളുമുണ്ട്. ഇവിടത്തുകാരുടെ കുടിവെള്ളപ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ ഗൗനിക്കാതെ ഇത്തരം സ്ഥല മുടമകളാണ് നീര്‍ച്ചാലുകളുടെ ഓരങ്ങള്‍ വെട്ടിത്തെളിക്കുകയും തീയിടുകയും ചെയ്തിട്ടുള്ളത്.
തലപ്പൊയില്‍, ഇയ്യാങ്കോട്ചാലില്‍ കോളനിയില്‍ നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് 1980 മാര്‍ച്ചിലാണ് തീര്‍ഥങ്കര ശുദ്ധജല വിതരണപദ്ധതി ആരംഭിച്ചത്. പ്രകൃതിദത്തമായ നീരുറവ ബണ്ട് നിര്‍മിച്ച് തടഞ്ഞ് പൈപ്പ് വഴി ടാങ്കില്‍ ശേഖരിച്ചാണ് ജലവിതരണം നടത്തിയിരുന്നത്. പദ്ധതി വിപുലീകരിച്ച് കൂടുതല്‍ പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ പിന്നീടിത് ഗ്രാമപ്പഞ്ചായത്തിന് കൈമാറി.

2002-ല്‍ നിലവിലെ ടാങ്ക് പൊളിച്ചുമാറ്റി കൂടുതല്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കുകയും ചെയ്തു. മേപ്പാടിച്ചാലില്‍ ഹരിജന്‍ കോളനി, ചാത്തോത്തുങ്കര കോളനി, വെങ്കണക്കര കോളനി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെനിന്ന് കുടിവെള്ളവിതരണം ആരംഭിച്ചു. ഇതുവഴി മുന്നൂറ്റിയമ്പതിലധികം കുടുംബങ്ങള്‍ക്ക് കുടിനീരെത്തിക്കാന്‍ സാധിച്ചു.

മൂന്നു വീടുകള്‍ക്ക് ഒരു പൈപ്പ് കണക്ഷനാണ് സ്ഥാപിച്ചത്. നീരുറവയെ ആശ്രയിച്ച് നടത്തുന്ന പദ്ധതിക്ക് വൈദ്യുതിയോ മറ്റു സംവിധാനങ്ങളോ ആവശ്യമില്ല.

തീര്‍ഥങ്കര കുടിവെള്ളപദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച പ്രദേശം മാത്രമേ പഞ്ചായത്തിന്റെ അധീനതയിലുള്ളൂ. അതിനാല്‍ ഈ ജലസ്രോതസ്സ് നിലനില്ക്കുന്ന വിധത്തില്‍ സംരക്ഷിച്ചുനിര്‍ത്തുന്നതിന് കഴിയുന്നില്ലെയെന്ന വസ്തുത ആശങ്കാജനകമാണ്. ഈ പ്രദേശത്ത് അധിവസിക്കുന്ന സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഇവയുടെ സംരക്ഷണം ഏറ്റെടുക്കാനും കഴിയാത്ത സ്ഥിതിയിലാണ്. കൊടുംവേനലില്‍ പോലും വറ്റാതെ തങ്ങള്‍ക്ക് കുടിനീരു തരുന്ന നീര്‍ച്ചാലുകള്‍ നശിച്ചുപോകുമോയെന്ന പേടിയിലാണ് കുടുംബങ്ങള്‍. പൊന്‍കുന്ന് മല ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, രാമല്ലൂര്‍, നടുവല്ലൂര്‍ പ്രദേശങ്ങളിലെല്ലാം ഈ നീരുറവ വറ്റിയാല്‍ കടുത്ത ജലക്ഷാമം അനുഭവിക്കേണ്ടിവരും.

സ്വാര്‍ഥതാത്പര്യക്കാരായ സ്ഥലമുടമകള്‍ നടത്തുന്ന ചെയ്തികളെ തടയാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വന്തം സ്ഥലം വെട്ടിത്തെളിച്ച് ഭംഗിയാക്കുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളുമുള്‍പ്പെടുന്ന ഒരു വലിയ ജനത കുടിവെള്ള സ്രോതസ്സുകള്‍ നഷ്ടമാവുമോയെന്ന ആശങ്കയിലാണ്. ഭൂരിഭാഗവും കുന്നിന്‍പ്രദേശമായതിനാല്‍ ഈ നീര്‍ച്ചാലുകളല്ലാതെ ഇവര്‍ക്ക് മറ്റൊരു ആശ്രയവുമില്ല.
12 Mar 2012 Mathrubhumi News(കെ. പ്രസാദ്‌)

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക