.

.

Thursday, March 8, 2012

ലോറിയില്‍ ആനകളുടെ 'സര്‍ക്കസ്':പാപ്പാനും ഡ്രൈവറും കുടുങ്ങി

അമ്പലപ്പുഴ: സര്‍ക്കസ് കൂടാരത്തിലെ രണ്ടു പിടിയാനകളെ ഒരു ലോറിയില്‍ ബാരിക്കേഡോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ കയറ്റിക്കൊണ്ടുപോയ ഡ്രൈവറും ക്ലീനറും പാപ്പാനും പോലീസ് പിടിയില്‍. കസ്റ്റഡിയിലായ ആനകള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സര്‍ക്കസ് വിദ്യകള്‍ കാട്ടിയത് കാണികളെ രസിപ്പിച്ചു. നാലരമണിക്കൂറിന് ശേഷം ബാരിക്കേഡില്ലാതെ തന്നെ ആനകളെ കയറ്റിയ ലോറി വിട്ടയച്ച പോലീസ് നടപടിയും ആക്ഷേപത്തിനിടയാക്കി.

പ്രമുഖ സര്‍ക്കസ് കമ്പനിയുടെ രണ്ട് പിടിയാനകളെയാണ് ബുധനാഴ്ച ബാരിക്കേഡില്ലാത്ത ഒരു ലോറിയില്‍ കയറ്റി കായംകുളത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയത്. യാത്രക്കിടെ ആനകള്‍ തുമ്പിക്കൈയുയര്‍ത്തി മരച്ചില്ലകളിലും അടുത്ത വാഹനങ്ങളിലും പിടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയിലൂടെ വന്ന ലോറി പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു.

ലോറിഡ്രൈവര്‍ കൊല്ലം കിളികൊല്ലൂര്‍ അനീഷ് ഭവനില്‍ അനീഷ് (26), ക്ലീനര്‍ കരുനാഗപ്പള്ളി തെക്കുംഭാഗം കൊരുന്നയില്‍ വീട്ടില്‍ കലാധരന്‍ (47), പാപ്പാന്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയില്‍ രാജബജാര്‍ ഗ്രാമത്തില്‍ നബിബക്‌സ് നിസാം (62) എന്നിവരെ അറസ്റ്റു ചെയ്തു. ആനകളോട് ക്രൂരത കാട്ടിയതിനും നാട്ടാന പരിപാലന നിയമലംഘനത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു.

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലെ ആനകളുടെ പ്രകടനം കാണാന്‍ നിരവധി പേര്‍ തടിച്ചുകൂടി. തുമ്പിക്കൈ ഉയര്‍ത്തിയും തലയാട്ടിയും ആനകള്‍ കൗതുകം പകര്‍ന്നു. തുമ്പിക്കൈ നീട്ടി വൈദ്യുതി ലൈനില്‍ പിടിക്കാനും മരക്കൊമ്പൊടിക്കാനും ആനകള്‍ ശ്രമിച്ചു. മണിക്കൂറുകളോളം ഭക്ഷണവും വെള്ളവുമില്ലാതെ ആനകളെ നിര്‍ത്തിയതില്‍ കാണികളായ ചിലര്‍ പ്രതിഷേധിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കി ലോറി വിട്ടയച്ചത്.
Mathrubhumi Alppuzha News 08 Mar 2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക