.

.

Tuesday, March 20, 2012

പക്ഷിസങ്കേതത്തിന്റെ ഭൂപടത്തില്‍ ഇനി മുണ്ടേരിക്കടവും

ചക്കരക്കല്ല്:പക്ഷിസങ്കേതത്തിന്റെ ഭൂപടത്തില്‍ മുണ്ടേരിക്കടവ് പക്ഷിസങ്കേതം- സംസ്ഥാന ബജറ്റിലെ അംഗീകാരം മുണ്ടേരിക്ക് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നാളുകള്‍ സമ്മാനിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലുതും മികച്ചതുമായ പക്ഷിസങ്കേതമായ മുണ്ടേരിക്കടവിന് അര്‍ഹിക്കുന്ന നേട്ടമാണ് ഇതോടെ കൈവന്നിരിക്കുന്നത്.
വളപട്ടണം പുഴയുടെ അനുബന്ധ പുഴയായി ഒഴുകുന്ന മുണ്ടേരിപ്പുഴയുടെ ഇരുകരകളിലും വിശാലമായ തണ്ണീര്‍ത്തടം. അതിലെ ജൈവവൈവിദ്ധ്യം ഇതിനകംതന്നെ ആഗോള പ്രശസ്തി നേടിയിരുന്നു. ഒരുലക്ഷത്തിലധികം പക്ഷികള്‍കൊണ്ട് സമ്പന്നമാണിവിടം. ഇതില്‍ തന്നെ 60ലധികം ദേശാടാന പക്ഷികള്‍. വംശനാശം നേരിടുന്ന 12 ഇനം പരുന്തുകള്‍ ഇവിടെമാത്രം കണ്ടുവരുന്നു.
കഴിഞ്ഞ മാസം പക്ഷിസങ്കേതത്തിന്റെ വിപുലമായ സാധ്യതകള്‍ പരിശോധിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെ പരിശോധന നടത്തിയിരുന്നു.

ഇതനുസരിച്ചുള്ള സാധ്യതകള്‍ യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സര്‍ക്കാറില്‍ സമര്‍പ്പിച്ചിരുന്നു.

മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിന് 220 ഹെക്ടര്‍ കോര്‍ കേന്ദ്രമായും ചേലോറ, എളയാവൂര്‍, പുഴാതി, കുറ്റിയാട്ടൂര്‍, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗവും കാട്ടാമ്പള്ളി തണ്ണീര്‍ത്തടവും ചേര്‍ത്ത് ഏഴര ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണായും വരും.

നേരത്തെ മുണ്ടേരി ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സാധ്യത കണ്ടെത്താന്‍ നിയോഗിച്ച പഠനഗ്രൂപ്പിന്റെ റിപ്പോര്‍ട്ടും ഖലീല്‍ ചൊവ്വ ചെയ്ത മുണ്ടേരിക്കടവിന്റെ ആവാസവ്യവസ്ഥ എന്ന അവതരണവും ഐക്യരാഷ്ട്രസംഘടനയുടെ യു.എന്‍.ഇ.പി.വിഭാഗത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്.

അത്യപൂര്‍വ്വ പക്ഷികളെ ഇവിടെ കണ്ടെത്തുന്നതായിട്ടാണ് പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുല്‍ക്കിളി(ഇന്ത്യയിലാദ്യം), ചാരക്കഴുത്തന്‍ കുരുവി, കരിന്തലയന്‍ കുരുവി, ചെന്തലയന്‍ കുരുവി, പുള്ളിച്ചോരക്കാലി, മഞ്ഞക്കുറിയന്‍ താറാവ്, കുടുമക്കുറിയന്‍ താറാവ്(ഇവ കേരളത്തിലാദ്യം) ഇങ്ങനെ നിരവധി പക്ഷികള്‍ ഈ സങ്കേതത്തിന്റെ സ്വന്തമാണ്. ഡോ.ഖലീല്‍ ചൊവ്വ, പി.പി.ബാബു. പി.സുമേശന്‍, കെ.പി.ഗംഗാധരന്‍, അഭിലാഷ് കെ.പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് പക്ഷിസങ്കേതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
20 Mar 2012 Mathrubhumi News, Photo : ManoramaOnline

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക