.

.

Sunday, March 4, 2012

വേനല്‍ കനക്കുന്നു; ബാണാസുരസാഗറില്‍ ജലനിരപ്പ് താഴ്ന്നു

പടിഞ്ഞാറത്തറ: വേനല്‍മഴ മാറിനിന്നതോടെ ബാണാസുരസാഗറിലെ ജലനിരപ്പ് താഴുന്നു. നാനാഭാഗത്തേക്കും കൈകള്‍ നീട്ടിയ അണക്കെട്ടിന്റെ ജലാശയം ചുരുങ്ങി വരികയാണ്. കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിയ കുന്നുകളെല്ലാം ചുവന്ന മണ്‍തിട്ടകളുമായി വേനലിന്റെ കാഠിന്യത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു.

ബാണാസുരസാഗറില്‍ 76.18 അടി വെള്ളമാണ് ശേഷിക്കുന്നത്. 57.95 മില്യന്‍ ക്യൂബിക് ലിറ്റര്‍ വെള്ളത്തിലാണ് ഇനിയുള്ള ദിവസങ്ങളില്‍ വൈദ്യുതി ഉത്പാദനം നടക്കുക. പ്രതിവര്‍ഷം ഏഴ് ടി.എം.സി.വെള്ളമാണ് അണക്കെട്ടിന്റെ സംഭരണശേഷി. കമ്മീഷന്‍ചെയ്ത് ആറുവര്‍ഷത്തിനുള്ളില്‍ 690 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ പദ്ധതികൊണ്ടുസാധിച്ചു. ലക്ഷ്യത്തെക്കാള്‍ പത്തിരട്ടിവരുമാനമാണ് ഈ പദ്ധതികൊണ്ടുമാത്രം കെ.എസ്.ഇ.ബി. ഉണ്ടാക്കിയത്.


2005-ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമ്പോള്‍ 203 കോടി രൂപയായിരുന്നു ആകെ ചെലവ്. 2004-ല്‍ 9.95 ക്യൂബിക് മീറ്റര്‍ വെള്ളമാണ് സംഭരിച്ചതെങ്കില്‍ 2010-ല്‍ 214.25 ക്യൂബിക് മീറ്ററായി സംഭരണശേഷി ഈ അണക്കെട്ട് കൈവരിച്ചു. 2011 ജൂലായ്‌വരെ 156.40 എം.എം.സി. ആയി ജലസംഭരണം ഉയര്‍ന്നു. 1400 ഹെക്ടറോളം വൃഷ്ടി പ്രദേശമുള്ള ഡാമില്‍നിന്നും മഴക്കാലത്ത് ഈ വര്‍ഷം ക്രമാതീതമായി വെള്ളം ഒഴുക്കിക്കളയേണ്ട അവസ്ഥയുമുണ്ടായി.

710ലിറ്റര്‍ വെള്ളമുപയോഗിച്ചാണ് കെ.എസ്.ഇ.ബി. ഒരു യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുന്നത്. യൂണിറ്റ് ഒന്നിന് നാലുരൂപ നിരക്കിലാണ് ഈടാക്കുന്നത്. ബാണാസുരമലയിലെ നിരവധി കാട്ടരുവികളും കരമാന്‍തോടുമാണ് അണക്കെട്ടിനെ സമ്പുഷ്ടമാക്കുന്നത്. സമൃദ്ധമായി ലഭിക്കുന്ന മഴയും കുറ്റിയാടി വിപുലീകരണ പദ്ധതിക്ക് ശക്തിപകരുന്നു. 1.7 ടി.എം.സി. വെള്ളം ജലസേചനത്തിനായി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഈ വെള്ളംകൂടി വൈദ്യുതി ഉത്പാദനത്തിനായി ചെലവഴിക്കുന്നു.

വെള്ളം ക്രമാതീതമായി താഴാന്‍ തുടങ്ങിയതോടെ മീന്‍പിടിത്തക്കാരും ബാണാസുരസാഗര്‍ അണക്കെട്ടിലേക്ക് വരാന്‍ തുടങ്ങി. ഫിഷറീസ് വകുപ്പ് ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെയാണ് അണക്കെട്ടില്‍ വിതറിയിരിക്കുന്നത്. മത്സ്യകൃഷിക്ക് അനുകൂലമായ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന ഈ ജലാശയം ഇനിയുള്ള നാളുകളില്‍ ചാകരയ്ക്ക് സ്വാഗതമരുളും. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ബോട്ടുയാത്രയടക്കം നിര്‍ത്തേണ്ടിവരുമെന്നാണ് അധികൃതരുടെ വിശദീകരണം.
04 Mar 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക