.

.

Friday, March 16, 2012

മുള്ളുതോട്ടി ഉപയോഗിച്ചാല്‍ ആനയുടമയ്‌ക്കെതിരെ കേസ്- മന്ത്രി

തൃശ്ശൂര്‍: മുള്ള് ഘടിപ്പിച്ച തോട്ടി ഉപയോഗിച്ച് ആനയെ പീഡിപ്പിച്ചാല്‍ ഉടമയ്ക്കും പാപ്പാനും എതിരെ കേസ് എടുക്കുമെന്ന് വനം മന്ത്രി. നാട്ടാനകള്‍ക്ക് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നതിനുള്ള പരിശോധനകള്‍ വിലയിരുത്താന്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അത്തരം തോട്ടികള്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആനകളുടെ പരിശോധനയോട് സഹകരിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. അവിടെ ആനകളെ പീഡിപ്പിക്കുന്നതായ പരാതി അന്വേഷിക്കും. ബോര്‍ഡ് ആനകളെ നോക്കാന്‍ മറ്റ് പലരെയും ഏല്‍പ്പിച്ചതായി അറിയുന്നു. ആവശ്യമായ വിവരങ്ങളൊന്നും വനംവകുപ്പിന് നല്‍കാന്‍ തയ്യാറാകുന്നുമില്ല. ഈ നിലപാട് തുടര്‍ന്നാല്‍ കര്‍ശനമായ നടപടി വേണ്ടിവരും. വൃദ്ധരായ ആനകള്‍ക്കായി തിരുവനന്തപുരത്ത് ഒരു വൃദ്ധസദനം തുടങ്ങും.
ആനകളെയും ഉടമകളെയും പാപ്പാന്മാരെയും കുറിച്ച് ചിത്രമടക്കം സകല വിവരങ്ങളുമുള്ള ഡാറ്റാ ബുക്കാണ് വനംവകുപ്പ് തയ്യാറാക്കുന്നത്. 16 പേജുള്ള ഈ പുസ്തകത്തിന്റെ ഒരു കോപ്പി വനംവകുപ്പും മറ്റൊന്ന് ഉടമയും സൂക്ഷിക്കണം. നലവില്‍ 600 ഓളം നാട്ടാനകള്‍ കേരളത്തില്‍ ഉണ്ടെങ്കിലും 300 എണ്ണത്തിന്റെ ഉടമാവകാശ വിവരങ്ങളേ വനംവകുപ്പിന്റെ പക്കലുള്ളൂ.അളവെടുക്കുന്നതിനായി 43 ആനകളെ വ്യാഴാഴ്ച എത്തിച്ചു. 40 ആനകളുടെ അളവ് വെള്ളിയാഴ്ചയാണ് എടുക്കുക. മാര്‍ച്ച് 31ന് മുമ്പ് സംസ്ഥാനത്താകെ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. പടങ്ങള്‍ സഹിതം വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
വ്യാഴാഴ്ച പരിശോധിച്ചവയില്‍ 314 സെ.മീ. ഉയരമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് പൊക്കമേറിയ ആന. 190 സെ.മീ. ഉയരമുള്ള 8 വയസുകാരന്‍ വെട്ടത്ത് ഗോപീകണ്ണനാണ് പൊക്കം കുറഞ്ഞവന്‍. തിരുവമ്പാടി ലക്ഷ്മിയാണ് ഏക പിടിയാന. ബാസ്റ്റിന്‍ വിനയചന്ദ്രന്റെ ശരീരത്തില്‍ മൈക്രോചിപ്പ് കണ്ടെത്താന്‍ കഴിയാത്തത് ഉദ്യോഗസ്ഥരെ വലച്ചു. സാധാരണ കഴുത്തില്‍ ചെവിയുടെ പിന്‍ഭാഗത്ത് ത്വക്കിനടിയിലാണ് ഇത് പിടിപ്പിക്കുക. ചിലപ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോയാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. അടുത്ത ദിവസവും പരിശോധന തുടരുന്നുണ്ട്. ഡി.എഫ്.ഒ. ശശികുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് റേഞ്ച് ഓഫീസര്‍മാരടക്കം 30 വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരായ അരുണ്‍ സക്കറിയ, വി. സുനില്‍കുമാര്‍, അജിത്കുമാര്‍ എന്നിവരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
16 Mar 2012 Mathrubhumi Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക