.

.

Thursday, March 29, 2012

അഴകളവു നല്‍കാന്‍ ആനകള്‍

കിടങ്ങൂര്‍:പൂരത്തിനെന്നപോലെ ആനകളെത്തിക്കൊണ്ടിരുന്നു. അവയെക്കാണാന്‍ ആനപ്രേമികളും. ആനയുടെ അളവെടുപ്പുകള്‍ കണ്ട് കൗതുകം പൂണ്ട് നാട്ടുകാരും. വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാട്ടാനകള്‍ക്ക് ഡാറ്റാബുക്ക് നല്‍കുന്നതിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ വിവരശേഖരണം ബുധനാഴ്ച കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്ര പരിസരത്തും ഇളങ്ങുളം ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്തുമായി നടന്നു. രണ്ടിടത്തുമായി 68 ആനകള്‍ എത്തി. കിടങ്ങൂരില്‍ 51 ഉം ഇളങ്ങുളത്ത് 17 ഉം.

121 ആനകളുടെ ഉടമകളാണ് ജില്ലയില്‍ ആകെ പരിശോധനയ്ക്കായി അപേക്ഷ നല്‍കിയിരുന്നത്. വിവരശേഖരണം വ്യാഴാഴ്ച കുമളിയിലും നടത്തും. ജില്ലയിലെ നിരവധി ആനകള്‍ തേക്കടിയില്‍ വിനോദസഞ്ചാരികളുടെ സവാരിക്കായും മറ്റും കുമളി ഭാഗത്തുള്ളതിനാലാണ് അവിടെവച്ച് വിവരം ശേഖരിയ്ക്കുന്നത്.

ആനയുടെ ഉയരം, നീളം, കൊമ്പിന്റെയും വാലിന്റെയും നീളം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബുക്കില്‍ ചേര്‍ക്കും. ആനയുടെ ആരോഗ്യസ്ഥിതിയും ഡോക്ടര്‍മാര്‍ പരിശോധിച്ച് രേഖപ്പെടുത്തും. ആനയുടമകള്‍ മുന്‍പ് വനംവകുപ്പിന് നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചുറപ്പു വരുത്തുകയാണ് ചെയ്യുന്നത്.

രണ്ട് ഡാറ്റാബുക്കുകള്‍ ഓരോ ആനയ്ക്കും ഉണ്ടായിരിക്കും. ആനയുടെ നാല് വശത്തുനിന്നുമുള്ള ഫോട്ടോകള്‍, ഉടമയുടെയും രണ്ട് പാപ്പാന്മാരുടെയും ഫോട്ടോകളും വിവരങ്ങളും, ആനയുടെ വിവരങ്ങള്‍ എന്നിവയടങ്ങിയ ഡാറ്റാബുക്കിന്റെ ഒരു പകര്‍പ്പ് ഉടമയ്ക്ക് നല്‍കും. ഒരെണ്ണം വനംവകുപ്പ് സൂക്ഷിക്കും. ആനയെ കൈമാറ്റം ചെയ്താല്‍ അത് രേഖപ്പെടുത്തുന്നതിനുള്ള സ്ഥലവും ബുക്കിലുണ്ട്.
കിടങ്ങൂരിലും ഇളങ്ങുളത്തുമായി നടന്ന വിവരശേഖരണത്തിന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ മഹേഷ്‌കുമാര്‍, കോന്നി ഫോറസ്റ്റ് റേഞ്ച് വെറ്ററിനറി ഓഫീസര്‍ ഡോ. സുനില്‍, തേക്കടിയില്‍ നിന്നുള്ള ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ശ്രീജിത്ത്, എരുമേലി റേഞ്ച് ഓഫീസര്‍ ഷാജി, പാറമ്പുഴ ഡിപ്പോ ഓഫീസര്‍ കെ.കെ. സത്യന്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ഷാജി കെ. വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി.
29 Mar 2012 Mathrubhumi Kottayam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക