.

.

Wednesday, March 7, 2012

നദീതീരങ്ങള്‍ക്കും ദാഹം

ചെങ്ങന്നൂര്‍: നദീതീര പ്രദേശങ്ങളിലും കുടിനീര്‍ക്ഷാമം രൂക്ഷമായി. നദികളാല്‍ സമ്പുഷ്ടമായ പ്രദേശമാണ് ചെങ്ങന്നൂര്‍. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍, വരട്ടാര്‍, ഉത്തരപ്പള്ളിയാര്‍, കുട്ടമ്പേരൂരാര്‍ എന്നിവ തലങ്ങുംവിലങ്ങും ഒഴുകുമ്പോള്‍ കുടിനീരിന് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകുമെന്ന് ആരും കരുതിയില്ല. നദീതീരങ്ങളില്‍ പൈപ്പുലൈനിട്ടപ്പോള്‍ ജനത്തിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. കാലം മാറിയപ്പോള്‍ സ്ഥിതിമാറി. പമ്പയുടെയും അച്ചന്‍ കോവിലാറിന്റെയുമെല്ലാം തീരത്ത് ജനം കുടിനീരിന് നെട്ടോട്ടമോടുകയാണ്.
വെണ്മണി ഗ്രാമപ്പഞ്ചായത്തില്‍ അച്ചന്‍കോവിലാറിന്റെ തീരത്തുള്ള പുന്തലയിലെ കിണറുകളധികവും വറ്റി വരണ്ടു. അല്പം വെള്ളമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ അത് ഉപയോഗിക്കാന്‍ കൊള്ളില്ല. ചെളി കലര്‍ന്ന് കറുത്ത വെള്ളമാണ്. ഏറെപ്പേരും കുടിനീര്‍ വിലകൊടുത്തു വാങ്ങുന്നു. റവന്യു വകുപ്പ് വാഹനത്തില്‍ കുടിവെള്ളം എത്തിക്കണമെന്ന് നാട്ടുകാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ അനങ്ങിയിട്ടില്ല.
വെണ്മണിയിലെ ശാര്‍ങമലയടക്കമുള്ള ഭാഗങ്ങളില്‍ കുടിനീര്‍ക്ഷാമംമൂലം ജനം വലയുകയാണ്. കിലോമീറ്ററുകള്‍താണ്ടി വെള്ളം ചുമന്നുകൊണ്ടുവന്ന് ഉപയോഗിക്കേണ്ട അവസ്ഥയാണ്.

പമ്പാനദി അതിരിടുന്ന പാണ്ടനാട്ടിലെ മിക്ക കിണറുകളും വറ്റിവരണ്ടു. ജല അതോറിറ്റിയുടെ ടാപ്പുകള്‍ തുറന്നാല്‍ ശബ്ദം മാത്രം. വെള്ളമില്ല.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ പമ്പാനദിയുടെ അടിത്തട്ട് മൂന്നുമുതല്‍ അഞ്ചുവരെ മീറ്റര്‍ കുഴിഞ്ഞതായി പമ്പാ പരിരക്ഷണ സമിതി ജന. സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍ പറഞ്ഞു.

മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള മണലൂറ്റ് ഈ അവസ്ഥയ്ക്ക് പ്രധാനകാരണമാണ്. ഉള്ള വെള്ളം നദിയിലേക്ക് ഒഴുകി മാറുന്നതിനാലാണ് കിണറുകള്‍ വരളുന്നത്. പമ്പാനദിയുടെ അടിത്തട്ട് സമുദ്രനിരപ്പിനേക്കാളും താണു. ഉപ്പുവെള്ളം നദിയിലേക്ക് കയറുന്ന കാലവും വിദൂരത്തല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക