.

.

Tuesday, March 13, 2012

തോട്ടയിടലും, നഞ്ചുകലക്കലും; പെരിയാര്‍ മലിനമാകുന്നു

കട്ടപ്പന: മീന്‍പിടിക്കാന്‍ നഞ്ചുകലക്കുന്നതും തോട്ടയിടുന്നതും കേരളത്തിലെ പ്രധാന നദികളിലൊന്നായ പെരിയാറിലെ വെള്ളം മലിനപ്പെടുത്തുന്നു. തോട്ടയിലും നഞ്ചിലും ചത്തൊടുങ്ങുന്ന ചെറുമീനുകള്‍, തവള, വാലുമാക്രി തുടങ്ങി ഉപേക്ഷിക്കപ്പെടുന്നവ ചീഞ്ഞളിഞ്ഞാണ് ജലം മലിനപ്പെടുന്നത്.

നീരൊഴുക്കു നിലയ്ക്കാറായതോടെ പെരിയാറിലെ ചെറുകയങ്ങള്‍ മിക്കതും ഒറ്റപ്പെട്ടു. ഇങ്ങനെയുള്ള കയങ്ങളിലാണ് തോട്ടായിട്ടുള്ള മീന്‍പിടിത്തം നടക്കുന്നത്.
വലിയ കയങ്ങളിലെ മീന്‍ പിടിക്കാന്‍ തൊട്ടുമുകളില്‍ ഒഴുക്കുവെള്ളത്തില്‍ നഞ്ചുകലക്കും. കടലാവണക്കിന്‍ കുരു (നഞ്ചുംകായ)വും, തുരിശും ചേര്‍ത്ത് അരച്ചാണ് നഞ്ചുകലക്കുന്നത്.

നഞ്ചിന്റെ പാര്‍ശ്വഫലങ്ങള്‍ കയവും കടന്ന് കിലോമീറ്ററോളമുള്ള മീനുകളും മറ്റ് ജീവികളും ചാകും. ഈ വെള്ളത്തില്‍ അലക്കുകയും കുളിക്കുകയും ചെയ്യുന്നവര്‍ക്ക് കണ്ണിനുനീറ്റല്‍, ചൊറിച്ചില്‍, തലവേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു.

രാത്രിയിലാണ് നഞ്ചുകലക്കുന്നതും തോട്ടയിടുന്നതും. നീരൊഴുക്കുനിലയ്ക്കാറാകുമ്പോള്‍ സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ഈ പ്രവൃത്തികാരണം പെരിയാറിലെ വിവിധയിനം മീനുകള്‍ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു.

പെരിയാറ്റിലെ നഞ്ചുകലക്കലിനും തോട്ടയിടുന്നതിനുമെതിരെ നാട്ടുകാരും വിവിധ സംഘടനകളും വര്‍ഷങ്ങളായി ജില്ലാ കളക്ടര്‍, ഗ്രാമപ്പഞ്ചായത്തുകള്‍, പോലീസ് എന്നിവര്‍ക്ക് പല പ്രാവശ്യം പരാതിനല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വേനല്‍ കടുത്തതോടെ ആയിരക്കണക്കിനാളുകളാണ് പെരിയാറിനെ ആശ്രയിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കാര്യമായ വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ നീരൊഴുക്ക് പൂര്‍ണമായും നിലയ്ക്കും. ഇനിയെങ്കിലും അനധികൃത മീന്‍പിടിത്തത്തിനും ജല മലിനീകരണത്തിനും എതിരെ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
13 Mar 2012 Mathrubhumi Idukki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക