.

.

Thursday, March 1, 2012

പുഴ വെറുമൊരു പുഴയല്ല

ജിയോംല്‍ മാക്വെ യുന്ദോങ് (ഒരു കുരുവിയെ കൊല്ലൂ കാമ്പയിന്‍), ദാ മാക്വെ യുന്ദോങ് (മഹത്തായ കുരുവി കാമ്പയിന്‍) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു മാവോയിസ്റ്റ് പദ്ധതിയുടെ വിചിത്ര ചരിത്രമുണ്ട് ആധുനിക ചൈനക്ക്. സംഗതിയിങ്ങനെ: 1958 മുതല്‍ 62 വരെ, വിപ്ലവാനന്തര ചൈനയില്‍ ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ 'മഹത്തായ കുതിച്ചുചാട്ടം (ദ ഗ്രേറ്റ് ലീപ് ഫോര്‍വേഡ്/ ദാ യ്വെ ഫിന്‍) എന്നപേരില്‍ ഒരു കിടിലന്‍ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്ത് കാര്‍ഷിക, വ്യവസായിക കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ചേര്‍ന്ന് നടപ്പാക്കിയ ബൃഹത്തായ കര്‍മപരിപാടികളുടെ മൊത്തം പേരാണത്.
 ഈ തീവ്രയത്ന പരിപാടികളിലെ ഒരിനമായിരുന്നു 'ഒരു കുരുവിയെ കൊല്ലൂ കാമ്പയിന്‍'. അതായത്, പെരുകിവരുന്ന കുഞ്ഞാറ്റക്കുരുവികള്‍ പാടങ്ങളില്‍ വന്നുനിറഞ്ഞ് നെല്‍മണികള്‍ തിന്നുതീര്‍ക്കുന്നുവെന്ന് പാര്‍ട്ടി കണ്ടെത്തി. അതിനാല്‍ ധാന്യോല്‍പാദനം വര്‍ധിപ്പിച്ച് വിപ്ലവ ചൈനയെ ലോകത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ 'പ്രതിവിപ്ലവകാരികളായ' ഈ കുരുവിക്കൂട്ടങ്ങളെ കൊന്നൊടുക്കുക. സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു. മാധ്യമങ്ങളിലൂടെ വന്‍പ്രചാരണം നല്‍കി. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികള്‍, സ്കൂളുകള്‍, പ്രാദേശിക കര്‍ഷക സമിതികള്‍ എന്നിവക്കെല്ലാം ടാര്‍ഗറ്റ് നല്‍കി. കൂടുതല്‍ കുരുവികളെ കൊല്ലുന്നവര്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ജനങ്ങള്‍ ഡ്രമ്മടിച്ചു കുരുവികളെ വിരട്ടിയോടിച്ചു, കൂടുകള്‍ തകര്‍ത്തു, മുട്ടകള്‍ പൊട്ടിച്ചെറിഞ്ഞു, സ്കൂള്‍ കുട്ടികള്‍ സൗജന്യമായി കിട്ടിയ കവണകളുമായി കുരുവികള്‍ക്കെതിരെ തിരിഞ്ഞു; അങ്ങനെ കുരുവികള്‍ക്കെതിരായ മഹത്തായ കുതിച്ചുചാട്ടം മുന്നേറി. രാജ്യത്ത് കുഞ്ഞാറ്റക്കുരുവികള്‍ ഏതാണ്ട് അപ്രത്യക്ഷമായി. 1960ല്‍ പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. രണ്ടു വര്‍ഷംകൊണ്ട് കുരുവികളെ ഏതാണ്ട് കൊന്നൊടുക്കി, നെല്‍കൃഷിയുടെ വിസ്തൃതിയും വലിയതോതില്‍ വര്‍ധിച്ചു. യന്ത്രവത്കരണവും ഗതിവേഗത്തിലായി. പക്ഷേ, നെല്ലുല്‍പാദനം മാത്രം വലിയതോതില്‍ കുറഞ്ഞുപോയി.
 എന്തുകൊണ്ടിത്? വിഷയം പഠിക്കാന്‍ മാവോ ഉത്തരവിട്ടു. പഠനം വന്നു. കുഞ്ഞാറ്റക്കുരുവികള്‍ നെല്‍മണിയേക്കാള്‍ കൂടുതല്‍, പ്രാണികളെയും കീടങ്ങളെയുമാണ് തിന്നുകൊണ്ടിരുന്നത്. കുരുവികള്‍ അപ്രത്യക്ഷമായപ്പോള്‍ കീടങ്ങള്‍ വര്‍ധിച്ചു. അവ ധാന്യങ്ങള്‍ നശിപ്പിച്ചു. തിരിച്ചുവരാന്‍ പാര്‍ട്ടി കല്‍പിച്ചാല്‍ വരാന്‍ പറ്റുന്ന പാകത്തിലായിരുന്നില്ല കുരുവിക്കൂട്ടം. അവ ഏതാണ്ട് നശിച്ചുകഴിഞ്ഞിരുന്നു. പിന്നീട് ചൈനയിലുണ്ടായ രൂക്ഷമായ ക്ഷാമത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളിലൊന്നായി ഈ കുരുവിക്കൊല വിലയിരുത്തപ്പെട്ടു.
നമ്മുടെ രാജ്യത്ത് നടപ്പാക്കപ്പെടാന്‍ പോകുന്ന നദീസംയോജന പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഓര്‍മയില്‍ വന്ന ഒരു ചരിത്രം കുറിച്ചുവെന്നുമാത്രം. ഗംഗ, ബ്രഹ്മപുത്ര, കാവേരി തുടങ്ങിയ മഹാനദികളെയും അവക്കിടയിലെ വലിയ നദികളെയും ചെറുനദികളെയും കനാലുകള്‍ കീറി പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് 'ദേശീയ നദീ സംയോജന പദ്ധതി'യെന്ന പേരില്‍ അറിയപ്പെടുന്നത്. 2016 ആകുമ്പോഴേക്ക് രാജ്യത്തെ 30 നദികളെ, അഞ്ച് ലക്ഷം കോടി രൂപ ചെലവഴിച്ച് ഇങ്ങനെ ബന്ധിപ്പിക്കും. അങ്ങനെ വെള്ളമില്ലാത്തിടത്തെല്ലാം വെള്ളമെത്തും; രാജ്യത്ത് വരള്‍ച്ച നാടുനീങ്ങും; കൃഷിയുല്‍പാദനം വര്‍ധിക്കും, ഇതാണ് പദ്ധതി. 2002ല്‍ വാജ്പേയി സര്‍ക്കാറാണ് ഇത് മുന്നോട്ട് വെച്ചത്. മന്‍മോഹന്‍ സിങ്ങിനാവട്ടെ പദ്ധതിയില്‍ കലശലായ താല്‍പര്യമുണ്ട്. തിങ്കളാഴ്ച സുപ്രീംകോടതി, പദ്ധതിക്ക് അനുകൂലമായി വിധി നല്‍കിക്കൊണ്ട് പറഞ്ഞത്, പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തി സംസ്ഥാനങ്ങള്‍ അലമ്പുണ്ടാക്കരുതെന്നാണ്. ചുരുക്കത്തില്‍ വരള്‍ച്ചക്കെതിരെ ഒരു 'മഹത്തായ കുതിച്ചു ചാട്ടം' ഉടന്‍ പ്രതീക്ഷിക്കാം.
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പമ്പ, അച്ചന്‍കോവിലാര്‍ എന്നീ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ട് നദികളെ കനാല്‍വെട്ടി കിഴക്കോട്ട് തിരിച്ചുവിട്ട് തമിഴ്നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കും. സൂത്രവാക്യം ലളിതമാണ്. പമ്പയിലും അച്ചന്‍കോവിലിലും നല്ലപോലെ വെള്ളമുണ്ട്. വൈപ്പാറിലില്ല. അപ്പോള്‍ ചുമ്മാ വെള്ളമെന്തിന് പാഴാക്കണം. നമുക്ക് കേരളത്തിലെ ജലം തമിഴ്നാട്ടിലെ ജലംകുറഞ്ഞ പുഴയിലെത്തിക്കാം. കുരുവി വേട്ടയില്‍ മാവോ സ്വീകരിച്ച അതേനയം. യഥാര്‍ഥത്തില്‍, പമ്പ, അച്ചന്‍കോവില്‍ തുടങ്ങിയ നദികളിലെ വെള്ളംകൊണ്ടാണ് ലോകതലത്തില്‍തന്നെ ശ്രദ്ധേയമായ തണ്ണീര്‍ത്തട ജൈവവ്യവസ്ഥയായ വേമ്പനാട് കായല്‍ നിലനില്‍ക്കുന്നത്. വേമ്പനാട് കായലിന് സംഭവിക്കുന്ന ഏതൊരു പാരിസ്ഥിതിക ആഘാതവും കുട്ടനാട് അടക്കം മധ്യതിരുവിതാംകൂറിലെ മുഴുവന്‍ കാര്‍ഷിക വ്യവസ്ഥയെയും ജൈവവ്യവസ്ഥയെയും അത്യന്തം പ്രതികൂലമായി ബാധിക്കും. ഇത് പമ്പയുടെ മാത്രം കാര്യമല്ല. ഗംഗയിലെ ജലം 2,640 കി.മീ ഇപ്പുറമുള്ള കാവേരിയുമായി ബന്ധിപ്പിക്കുമ്പോള്‍ ഗംഗയുടെ അന്തിമതടങ്ങള്‍ക്ക് എന്തു സംഭവിക്കും? ഗംഗയുടെ ജലംകൊണ്ടാണ് സുന്ദര്‍ബന്‍ കണ്ടല്‍/കായല്‍ പ്രദേശം നിലനില്‍ക്കുന്നത്. സുന്ദര്‍ബനിലുണ്ടാകുന്ന ആഘാതം ഇന്ത്യയില്‍ മാത്രമല്ല, ബംഗ്ളാദേശിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നത് ലളിതമായ കാര്യം.
കുറെ വെള്ളം ഒഴുകിയൊലിക്കുന്ന വെറുമൊരു ചാലിന്റെ പേരല്ല പുഴയെന്നത്. ഓരോ പുഴയും പേറുന്നതും നിലനിര്‍ത്തുന്നതുമായ വലിയൊരു ജൈവവ്യവസ്ഥയും അതിലൂടെ നിലനിര്‍ത്തപ്പെടുന്ന അത്യന്തം മനോഹരവും സങ്കീര്‍ണവുമായ ജൈവിക പാരസ്പര്യവുമുണ്ട്. നാം മനുഷ്യരും കിളികളും കുരുവികളും സസ്യജാലങ്ങളുമെല്ലാം നിലനിന്നുപോരുന്നത് ഈ പാരസ്പര്യത്തിലൂടെയാണ്. കുറേ ശാസ്ത്രമൗലികവാദികളുടെ ലളിതയുക്തി വെച്ച് ആലോചിക്കുമ്പോള്‍ ഗംഭീരമെന്നു തോന്നാവുന്നതാണ് നദീ സംയോജന പദ്ധതി. പക്ഷേ, ജൈവവ്യവസ്ഥയില്‍ കൈവെക്കുമ്പോള്‍ അത് നന്നായി ആലോചിച്ചിട്ടു വേണം.
വരള്‍ച്ച തടയണം, കൃഷി വര്‍ധിപ്പിക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തുകൊണ്ട് വരള്‍ച്ച വന്നുവെന്ന അന്വേഷണത്തിലൂടെയേ വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിയൂ. പ്രകൃതിക്കു മേല്‍ നടത്തിയ അസന്തുലിതമായ ഇടപെടലുകളാണ് വരള്‍ച്ചയുടെ പ്രധാന കാരണം. അതിനേക്കാള്‍ അസന്തുലിതമായ മറ്റൊരു ഇടപെടല്‍ നടത്തി വരള്‍ച്ചയെ പ്രതിരോധിക്കാമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.
കാടും മേടും കിളിയും പുഴയുമെല്ലാമടങ്ങുന്ന പരിസ്ഥിതിയെ തഴുകിയും തലോടിയുമല്ലാതെ, അതിനെ കീറിയും മുറിച്ചും വിരട്ടിയും നമുക്ക് കാര്യം നേടാന്‍ സാധിക്കുമോ?

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക