.

.

Wednesday, March 14, 2012

മുത്തങ്ങയിലേക്ക് പ്രവേശനമില്ല: വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു

സുല്‍ത്താന്‍ബത്തേരി: കാട്ടുതീ ഭീഷണിയില്‍ മുത്തങ്ങ വന്യജീവി സങ്കേതം അടച്ചതോടെ ദിവസേന നൂറ്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടെ ആളൊഴിഞ്ഞു.
കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതലാണ് മുത്തങ്ങ വന്യജീവിസങ്കേതം അടച്ചത്. ഫിബ്രവരിയില്‍ത്തന്നെ കാട്ടുതീ കാരണം തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര്‍ വന്യജീവി സങ്കേതങ്ങള്‍ അടച്ചിരുന്നു. അതുരണ്ടും അടച്ചതോടെ മുത്തങ്ങയില്‍ വന്‍ തിരക്കായി.
എന്നാല്‍ മുത്തങ്ങയും അടച്ചതോടെ അവിടെയും ആളനക്കമില്ലാതായി. ഇതോടെ മുത്തങ്ങ ഓഫീസ് പരിസരം മാന്‍കൂട്ടങ്ങളെക്കൊണ്ട് നിറഞ്ഞു. ഉള്‍ക്കാടുകള്‍ ആനകളാലും.
സീസണ്‍ ആരംഭിച്ചതിനാല്‍ ഒഴിവുദിനവും മറ്റും ആഘോഷിക്കാന്‍ ദിവസേന സഞ്ചാരികളെത്തുന്നുണ്ട്. അവരൊക്കെ നിരാശരായി തിരിച്ചുപോകേണ്ടിവരുന്നു. കൂടാതെ രണ്ടുമാസം മുമ്പ് ട്രക്കിങ്ങ് ആരംഭിച്ചിരുന്നതിനാല്‍ വിദേശവിനോദ സഞ്ചാരികളുമെത്തി. മുത്തങ്ങ അടച്ചതോടെ അവരൊക്കെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോവുകയാണ്.

ഒരാഴ്ച മുമ്പ് തുടര്‍ച്ചയായി അമ്പുകുത്തി മലനിരകളിലുണ്ടായ കാട്ടുതീ കുറഞ്ഞതോടെ കുറെ വിനോദസഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. മുത്തങ്ങയിലെ വനയാത്ര നിരോധിച്ചതോടെ ഇവിടെ ഓടിക്കൊണ്ടിരുന്ന മുപ്പതിലേറെ ജീപ്പുകള്‍ക്കും പുറത്തുനിന്നും വരുന്ന ജീപ്പുകള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. വന്യജീവികളെപ്പോലെ വേനല്‍മഴയ്ക്കായി ഇവരും കാത്തിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം വേനല്‍മഴ നേരത്തേ കിട്ടുകയും കാട്ടിലെ പച്ചപ്പിന് കോട്ടംതട്ടാതിരിക്കുകയും ചെയ്തിരുന്നതിനാല്‍ 15 ദിവസം മാത്രമേ വന്യജീവിസങ്കേതം അടയ്‌ക്കേണ്ടിവന്നുള്ളൂ. ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം കൂടാനാണ് സാധ്യത.

കര്‍ണാടകയിലേക്ക് കടക്കുന്ന വിനോദസഞ്ചാരികള്‍ക്ക് വന്‍ നികുതി ചുമത്തിയതാണ് കാരണം. ഇതിനാല്‍ മുത്തങ്ങയിലും മറ്റും ചുറ്റിത്തിരിഞ്ഞു പോവുകയാണ് അവരൊക്കെ ചെയ്തിരുന്നത്.

ഏപ്രില്‍ 10 വരെയാണ് വന്യജീവി സങ്കേതം അടച്ചിട്ടിരിക്കുന്നത്. വേനല്‍മഴ കനിഞ്ഞാല്‍ ഏപ്രിലില്‍തന്നെ തുറക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പിന്റെ കണക്ക്കൂട്ടല്‍. കാട്ടുതീക്ക് അല്പം ശമനംവന്നതും വനപാലകര്‍ക്ക് ആശ്വാസമായി.

ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ രാവിലെയും വൈകുന്നേരവും ഓടിക്കൊണ്ടിരുന്ന കാനനപാതയില്‍ വാഹനത്തിന്റെ തിരക്കൊഴിഞ്ഞതോടെ വന്യജീവികള്‍ സൈ്വരസഞ്ചാരത്തിലാണ്. മാനും കാട്ടുപോത്തും കാട്ടാനയും കാനനപാതയില്‍ നിറയുകയാണ്.
14 Mar 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക