.

.

Monday, March 5, 2012

വേനലിലും കുളിരുപകര്‍ന്ന് ലക്ഷ്മണ്‍ തീര്‍ഥ

കുട്ട (കര്‍ണാടക): പൊള്ളുന്ന വേനലിലും പാറക്കെട്ടുകളില്‍ നിന്ന് കുതിച്ചുചാടി, പതഞ്ഞൊഴുകുന്ന, ഇരുപ്പ് വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു.
കര്‍ണാടകയുടെ തെക്കേ അതിര്‍ത്തിയിലാണ് ലക്ഷ്മണ്‍ തീര്‍ഥ എന്ന് അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം. അന്‍പതടിയോളം താഴ്ചയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ബ്രഹ്മഗിരി മലനിരകളില്‍ നിന്നുമാണ് ഇരുപ്പ് കാട്ടരുവിയുടെ ഉത്ഭവം.
സദാ മഞ്ഞുപെയ്യുന്ന കുടക് താഴ്‌വാരത്തെ വനസ്ഥലികള്‍ പിന്നിട്ടുവേണം കേരളത്തില്‍ നിന്ന് ഇവിടെയെത്താന്‍. പതിറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ സഞ്ചാരികളുടെ വിനോദ ഭൂപടത്തില്‍ ഈ ജലപാതം വിസ്മയങ്ങള്‍ കാത്തുവെക്കുന്നു.
ജൈവ സന്തുലിത മേഖലയായതിനാല്‍ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് ഇരുപ്പ് വെള്ളച്ചാട്ടത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളും മറ്റും ഇവിടേക്ക് കടത്തി വിടുകയില്ല. ബാഗുകളും കൊണ്ടുപോകാന്‍ അനുവദിക്കില്ല. വേനല്‍ക്കാലമായാല്‍ കാട്ടുതീ തുടങ്ങുന്നതിനാല്‍ഇവിടെയെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക കര്‍മസേനയും രംഗത്തുണ്ട്. വഴുവഴുക്കുന്ന കല്ലുകളും പാറകളുമായതിനാല്‍ അരുവിയിലൂടെയുള്ള യാത്ര പലപ്പോഴും അപകടത്തിനിടയാക്കും. അതുകൊണ്ടുതന്നെ ഇവിടെ തൂക്കുപാലവും ഒരുക്കിയിട്ടുണ്ട്.
നഗരത്തിരക്കുകളില്‍നിന്ന് അവധിയെടുത്ത് യാത്ര തീരുമാനിക്കുന്നവരെല്ലാം ശാന്തമായ ഈ പ്രകൃതിയുടെ മടിത്തട്ടില്‍ പതിവായി എത്താറുണ്ട്. മാനന്തവാടിയില്‍നിന്ന് തോല്‍പ്പെട്ടി വഴി മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ലക്ഷ്മണതീര്‍ഥയില്‍ എത്താം. തോല്‍പ്പെട്ടി വന്യജീവി സങ്കേതം, കുറുവാ ദ്വീപ്, തിരുനെല്ലി അമ്പലം, പക്ഷി പാതാളം എന്നിവയുള്‍പ്പെടുത്തി യാത്ര തീരുമാനിക്കുന്നവര്‍ക്ക് ഇരുപ്പ് വെള്ളച്ചാട്ടത്തെക്കൂടി ഉള്‍പ്പെടുത്താം.
കുട്ടയില്‍നിന്നും ആറു കിലോമീറ്ററോളം കിഴക്കോട്ടു മാറിയാല്‍ രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തിലുമെത്താം. 20 രൂപയാണ് പ്രവേശനഫീസ്. സ്വകാര്യവാഹനങ്ങള്‍ക്ക് ചെക്ക്‌പോസ്റ്റില്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
05 Mar 2012 Mathrubhumi Wayand News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക