.

.

Thursday, March 29, 2012

വീട്ടുവളപ്പില്‍ വനമുണ്ടാക്കിയ ശ്യാമിന് ഹരിതം പുരസ്‌കാരം

ആലപ്പുഴ: ആലപ്പുഴയില്‍ വനം കാണാന്‍ പറ്റില്ല. വനമില്ലാത്ത ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുത്തന്‍ചിറ വീട്ടില്‍ ചെന്നാല്‍ പക്ഷേ, വലിയൊരു കാട് കാണാം. രണ്ടരയേക്കര്‍ വിശാലതയിലെ കാട് സ്വന്തം അധ്വാനംകൊണ്ട് ഉണ്ടാക്കിയെടുത്തത് വിദ്യാര്‍ഥിയായ ശ്യാം. ശ്യാമിന്റെ പ്രയത്‌നത്തെയും പരിസ്ഥിതിബോധത്തെയും സംസ്ഥാനസര്‍ക്കാര്‍ ആദരിച്ചത് ഹരിതം പുരസ്‌കാരം നല്‍കിക്കൊണ്ട്.
സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ശ്യാമിന് തോന്നിയ ആശയമാണ് ഇന്ന് കുളിര്‍മ്മ നല്‍കി,
ജീവജാലങ്ങളുടെ ആവാസകേന്ദ്രമായി നില്‍ക്കുന്നത്. തനിയെ കിളിര്‍ത്തുവന്ന മരവും ചെടിയുമൊന്നും നശിപ്പിച്ചില്ല. വെള്ളമൊഴിച്ച് അവയെ പരിപാലിച്ചു. കൈയില്‍ക്കിട്ടുന്ന എല്ലാ മരത്തൈകളും നട്ട് നനച്ചു, ഔഷധസസ്യങ്ങള്‍ തിരഞ്ഞുകണ്ടെത്തി വച്ചുപിടിപ്പിച്ചു. അങ്ങനെ വര്‍ഷങ്ങള്‍നീണ്ട അധ്വാനത്തിനൊടുവിലാണ് ശ്യാം കാടുണ്ടാക്കിയത്. ഇപ്പോള്‍ ബാംഗ്ലൂരില്‍ ബി.എസ്‌സി. നഴ്‌സിങ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് ശ്യാം.
ഇവിടെ ഇല്ലാത്ത മരങ്ങളില്ല. ഇല്ലിക്കാടിന്റെ മര്‍മ്മരവും ഇലഞ്ഞിപ്പൂവിന്റെ മദിപ്പിക്കുന്ന ഗന്ധവുമാണ് നമ്മെ എതിരേല്‍ക്കുക. തേക്ക്, ഈട്ടി, മഹാഗണി, ചന്ദനം, ആഞ്ഞിലി, പന തുടങ്ങി വിവിധ ജനുസ്സുകളില്‍പ്പെട്ട മരങ്ങള്‍ നിരന്നുനില്‍ക്കുന്നു. കുട്ടനാട്ടില്‍ പതിവായ വെള്ളപ്പൊക്കമാണ് തനിക്ക് ഭീഷണിയാവുന്നതെന്ന് ശ്യാം പറയുന്നു.
ഔഷധസസ്യങ്ങളില്‍ പാതിയും വെള്ളപ്പൊക്കത്തില്‍ നശിച്ചുപോകും. സ്വാഭാവികവനത്തെ പരിപാലിക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്നും ശ്യാം പറയുന്നു.
കര്‍ഷകകുടുംബമാണ് ശ്യാമിന്റേത്. ഇപ്പോള്‍ കാട് നില്‍ക്കുന്ന രണ്ടരയേക്കര്‍ പണ്ട് കൃഷിസ്ഥലമായിരുന്നു. ശ്യാമിന് നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ശശിധരന് അപകടത്തില്‍ പരിക്കേറ്റു. പിന്നീട് ശശിധരന് പറമ്പില്‍ കൃഷിചെയ്യാനായില്ല. ശ്യാമിന്റെ എല്ലാ പ്രയത്‌നങ്ങളിലും കൂടെ നില്‍ക്കുന്നത് കൃഷിയില്‍ വര്‍ഷങ്ങളുടെ പരിജ്ഞാനമുള്ള അച്ഛനും അമ്മ ശാരദയുമാണ്. വനമിത്ര പുരസ്‌കാരമടക്കമുള്ള പതിനഞ്ചോളം പുരസ്‌കാരങ്ങളും ശ്യാമിനെ തേടിയെത്തിയിട്ടുണ്ട്.
29 Mar 2012 Mathrubhumi Alappuzha news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക