.

.

Tuesday, March 20, 2012

മൊബൈല്‍ ടവറുകളുടെ വര്‍ദ്ധന അങ്ങാടിക്കുരുവികളുടെ നാശത്തിന് ഇടയാക്കുന്നു

കൊല്ലം: റെയില്‍വേ സ്റ്റേഷനുകളിലും ഗോഡൗണുകളിലും ചന്തകളിലും യഥേഷ്ടം വിഹരിച്ചിരുന്ന അങ്ങാടിക്കുരുവികളെ ഇന്ന് കാണാനില്ല. ഈ പക്ഷികളുടെ വംശനാശം ഓര്‍മ്മപ്പെടുത്തുവാനും ഇതിനെ സംരക്ഷിക്കുവാനും ജനങ്ങളില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമായി മാര്‍ച്ച് 20 ലോക അങ്ങാടിക്കുരുവിദിനമായി ആചരിക്കുകയാണ്.

പുല്‍മേടുകളുടെ നവീകരണം, ആഗോളതാപനം, പക്ഷികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിടനിര്‍മ്മാണം, കീടനാശിനികളുടെ അമിതമായ ഉപയോഗം, ആഹാരങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയവയാണ് ഈ പക്ഷികളുടെ വംശനാശത്തിന് കാരണമായി കരുതപ്പെട്ടിരുന്നത്. എന്നാല്‍
പരിസ്ഥിതി ശാസ്ത്രജ്ഞനും കൊല്ലം എസ്.എന്‍.കോളേജിലെ സുവോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ.സൈനുദ്ദീന്‍ പട്ടാഴി നടത്തിയ പഠനത്തില്‍ മൊബൈല്‍ ടവറുകളുടെ അശാസ്ത്രീയമായ വര്‍ദ്ധന അങ്ങാടിക്കുരുവികളുടെ നാശത്തിന് ഇടയാക്കിയെന്ന് കണ്ടെത്തി. ടവറുകളില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങളാണ് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ദോഷകരമായി തീരുന്നത്. മൊബൈല്‍ ടവറുകള്‍ക്ക് സമീപം കൂടുവെച്ച അങ്ങാടിക്കുരുവികള്‍ ഒരാഴ്ചകൊണ്ട് കൂടുവിട്ട് പോകുന്നതായി കണ്ടു. ഇതിന്റെ മുട്ട വിരിയുവാന്‍ 10 മുതല്‍ 14 ദിവസമെടുക്കും. എന്നാല്‍ ടവറിന് സമീപത്ത് നിക്ഷേപിച്ച മുട്ടകള്‍ 30 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിരിയുന്നില്ലെന്ന് തെളിഞ്ഞു.
മൊബൈല്‍ ടവറുകള്‍ മൂലം അങ്ങാടിക്കുരുവികളും തേനീച്ചകളും നശിക്കുന്നതിനെപ്പറ്റി പഠിക്കാന്‍വേണ്ടി കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഒരു പത്തംഗ വിദഗ്ദ്ധ കമ്മിറ്റിയെ നിയമിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഡോ.പട്ടാഴിയെ നോമിനേറ്റ് ചെയ്തിരുന്നു.

2010ല്‍ ബ്രിട്ടണ്‍ റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ്' അങ്ങാടിക്കുരുവികളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഐ.യു.സി.എന്‍.(ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) ഇതുവരെ ഈ പക്ഷികളെ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല. അങ്ങാടിക്കുരുവികളെ സംരക്ഷിക്കുവാനും അശാസ്ത്രീയമായ മൊബൈല്‍ ടവറുകളുടെ പെരുപ്പം തടയുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഇന്ന് ലോക അങ്ങാടിക്കുരുവിദിനം
 20 Mar 2012 Mathrubhumi Kollam News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക