.

.

Saturday, March 17, 2012

വെള്ളംതേടി വന്യജീവികള്‍ കൂട്ടത്തോടെ തെന്മല ഡാമില്‍ ഇറങ്ങിത്തുടങ്ങി

തെന്മല:വെള്ളം തേടി വന്യജീവികള്‍ കൂട്ടത്തോടെ തെന്മല പരപ്പാര്‍ ഡാമിന്റെ തീരത്തേക്ക് വന്നുതുടങ്ങി. ചെന്തുരുണി വന്യജീവിസങ്കേതം, തെന്മല, ആര്യങ്കാവ്, അഞ്ചല്‍ വനം റേഞ്ചുകള്‍, തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടതുറ വന്യജീവിസങ്കേതം എന്നിവിടങ്ങളില്‍ നിന്നാണ് ജീവികള്‍ തീരങ്ങളിലേക്ക് വരുന്നത്.

കടുത്ത ചൂടില്‍ കാട്ടിലെ നീരുറവകള്‍ വറ്റിയതോടെയാണ് ഇവ ഡാം ജലാശയത്തെ ആശ്രയിച്ചു തുടങ്ങിയത്.
വെള്ളമിറങ്ങിയ ഡാം തീരത്തുകൂടി നിരനിരയായി കാട്ടാനയും കാട്ടുപോത്തും മാനും മ്ലാവുമെല്ലാം നീങ്ങുന്നത് കാഴ്ചയാണ്. ഇടിമുഴങ്ങാംപാറ, കളംകുന്ന്, ഉമയാര്‍, ഏണിപ്പാറ എന്നിവിടങ്ങളിലെല്ലാം വന്യജീവികളുടെ സജീവസാന്നിധ്യമുണ്ട്. സസ്യഭുക്കുകളായ ജീവികള്‍ കൂട്ടത്തോടെ ഡാമിലേക്ക് ഇറങ്ങിയതോടെ പുലിയും കടുവയും ചെന്നായും കുറുക്കനുമെല്ലാം തീരങ്ങള്‍ താവളമാക്കി കഴിഞ്ഞു. വേനല്‍മഴയില്‍ ഡാം തീരത്ത് പച്ചപ്പുല്ലുകള്‍ വളര്‍ന്നുതുടങ്ങിയത് കാട്ടുപോത്തും മ്ലാവും മാനുമെല്ലാം ഇവിടെ വാസമുറപ്പിക്കാന്‍ കാരണമായി. മുമ്പ് വെള്ളം കുടിച്ചശേഷം തീരം വിടുന്ന രീതിയാണ് മൃഗങ്ങള്‍ക്കുണ്ടായിരുന്നത്.

കിഴക്കന്‍ കാടുകളില്‍ ഒരുവര്‍ഷം മുമ്പുവരെ വന്യജീവികള്‍ക്ക് വേനല്‍ക്കാലത്ത് വെള്ളം ലഭിക്കാന്‍ കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇക്കുറി അതുണ്ടായിട്ടില്ല. കുളങ്ങളില്‍ പലതും വരണ്ട് നശിച്ചു. ചതുപ്പുനിലങ്ങളും തോടുകളുമെല്ലാം വറുതിയുടെ പിടിയിലാണ്. ചെന്തുരുണി വന്യജീവി സങ്കേതവുമായി 22 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടതുറ ടൈഗര്‍ റിസര്‍വോയറില്‍നിന്ന് വെള്ളം തേടി കൂടുതല്‍ കടുവകള്‍ ചെന്തുരുണി വഴി തെന്മല ഡാമില്‍ എത്തുന്നതായി സൂചനയുണ്ട്. ചെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലാണ് തെന്മല ഡാം.
17 Mar 2012 Mathrubhumi Kollam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക