.

.

Wednesday, August 24, 2011

പാലക്കാട്ട് 50 ടണ്‍ ശേഷിയുള്ള മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ നടപടി

പാലക്കാട്: പ്രതിദിനം 50 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള ഖരമാലിന്യ സംസ്കരണ പ്ളാന്റ് പാലക്കാട്ട് സ്ഥാപിക്കാന്‍ നടപടി. വിദേശ കമ്പനിയായ യുണികോയുടെ സഹായത്തോടെ സംസ്ഥാനത്തെ ആദ്യത്തെ പദ്ധതി എന്ന നിലയിലാണ് പാലക്കാട് നഗരസഭയില്‍ ഇത് നടപ്പാക്കുന്നത്.

രണ്ടരകോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രാഥമിക ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.ശേഖരിക്കുന്ന മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി മാറ്റി കമ്പനി തന്നെ വിപണി കണ്ടെത്തി ലാഭത്തിന്റെ ഒരു വിഹിതം നഗരസഭയ്ക്ക് നല്‍കും. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിച്ച് ടാറിങ്ങിന് ഉപയോഗിക്കാനും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ മുന്‍കൈ എടുത്താണ് പാലക്കാട് നഗരസഭയില്‍ പദ്ധതി നടപ്പാക്കുന്നത്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ടു പ്ളാന്റുകള്‍ നിലവിലെ ഖരമാലിന്യ സംസ്കരണ പ്ളാന്റില്‍ സ്ഥാപിച്ചാണ് സംസ്കരണം. കുടുംബശ്രീയുടെ സഹകരണത്തോടെയാകും മാലിന്യങ്ങള്‍ ശേഖരിക്കുക. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ പാലക്കാട് നഗരസഭയില്‍ പദ്ധതി നടപ്പാക്കാന്‍ ചെയര്‍മാന്‍ എ.അബ്ദുല്‍ ഖുദ്ദൂസിന്റെ അധ്യക്ഷതയില്‍ നടന്നകൌണ്‍സില്‍ യോഗം അനുമതി നല്‍കി. നഗരസഭയുടെ സമ്മതം സര്‍ക്കാരിനെ അറിയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും സ്ഥാപനവും തമ്മില്‍ കരാറും ഒപ്പിടേണ്ടതുണ്ട്. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള സഹായം കൂടി ഉള്ളതിനാല്‍ രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് നഗരസഭയില്‍ മാത്രം പ്രതിദിനം 42 ടണ്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ അഞ്ചു ടണ്‍ മാലിന്യം മാത്രമാണ് ഇപ്പോള്‍ സംസ്കരിക്കുന്നത്. പദ്ധതി വിപുലീകരിക്കുന്നതോടെ സമീപ പഞ്ചായത്തുകളിലെ മാലിന്യങ്ങളും ഇവിടെ സംസ്കരിക്കാന്‍ സാധിക്കും.

manoramaonline palakkad news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക