.

.

Tuesday, August 9, 2011

കമ്മാടം കാവില്‍ 'മിറിസ്റ്റിക്ക' ചതുപ്പ്

കാഞ്ഞങ്ങാട്: അപൂര്‍വമായ മിറിസ്റ്റിക്ക (കാവടിവേരുകളാല്‍ ചുറ്റപ്പെട്ടത്) ചതുപ്പ് കമ്മാടം കാവില്‍ കണ്ടെത്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അന്വേഷണത്തിനാണ് ഏറെ സംരക്ഷിക്കപ്പെടേണ്ട ഇത്തരം ചതുപ്പ് കണ്ടെത്തിയത്. ഇടതൂര്‍ന്ന് വളരുന്ന കണ്ടല്‍പോലെയാണ് കാവടിവേരുകള്‍. കാട്ടുജാതിക്ക മരത്തിന്റെ വേരുകളാണിവ. 'മിറസ്റ്റിക്ക മലബാറിക്ക' എന്നാണ് ശാസ്ത്രനാമം.

ചതുപ്പില്‍നിന്ന് മാറി വളരുന്ന ഇത്തരം മരങ്ങള്‍ക്ക് ഈ രീതിയിലുള്ള വേരുകള്‍ ഉണ്ടാകാറില്ലെന്നും കണ്ടല്‍ച്ചെടികളുടെ ശ്വസന വേരുകളുടെ ധര്‍മംതന്നെയാണ് കാവടിവേരുകളും നിര്‍വഹിക്കുന്നതെന്നും സസ്യശാസ്ത്രവിദഗ്ദ്ധര്‍ പറയുന്നു. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് ഒരടിയോളം മേല്‍പ്പോട്ടും പിന്നീട് താഴോട്ടും വളരുന്നതാണ് കാവടിവേരുകള്‍. വന്‍മരങ്ങളുടെ ഇനത്തില്‍ പെടുന്ന കാട്ടുജാതിക്കയുടെ ഫലങ്ങള്‍ നാട്ടുജാതിക്കയെ അപേക്ഷിച്ച് ചെറുതാണ്. ചെറിയ ശാഖയില്‍ത്തന്നെ നൂറുകണക്കിന് ജാതിക്ക ഉണ്ടാകുന്നു.

ഇടതൂര്‍ന്നവനങ്ങളും ഇതരസസ്യങ്ങളും പന്തലിച്ചുകിടക്കുന്ന കമ്മാടംകാവില്‍ അപൂര്‍വചതുപ്പ് കൂടി കണ്ടെത്തിയതോടെ കാവുസംരക്ഷണത്തിന് പ്രത്യേക പദ്ധതി രൂപവത്കരിക്കണമെന്ന ആവശ്യവും ശക്തമായി. മരങ്ങള്‍ മുറിച്ചുകടത്തുന്നതടക്കമുള്ള വിധ്വംസക പ്രക്രിയകള്‍ ഇവിടെ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക സംരക്ഷണപദ്ധതികളാണ് കമ്മാടംകാവില്‍ ഉണ്ടാകേണ്ടതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണനും ജില്ലാ സെക്രട്ടറി വി.എസ്.ബാബുവും ആവശ്യപ്പെട്ടു.


09 Aug 2011 Mathrubhumi Kasarkode News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക