.

.

Saturday, August 6, 2011

പൂമരം കാക്കാന്‍ കുരുന്നുകള്‍; നീതിപീഠം കണ്ണുതുറന്നപ്പോള്‍ അഭിമാനത്തോടെ കുട്ടികള്‍

മൂവാറ്റുപുഴ: ''പരസ്യം തൂക്കാന്‍ മരത്തില്‍ ആണി അടിച്ചു കയറ്റുമ്പോള്‍ ജീവനുള്ള ശരീരത്തിലേക്കാണ് ഇരുമ്പാണി തുളഞ്ഞുകയറുന്നതെന്ന് ആരും ചിന്തിക്കുന്നില്ല...മനുഷ്യരാശിയുടേതടക്കം ജീവന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഒരു വൃക്ഷം ആയുസു നല്‍കുന്നതെന്ന് ഇവരറിയുന്നില്ലേ?'' കുട്ടികള്‍ കണ്ടെത്തിയ ഈ നൊമ്പരക്കാഴ്ച നീതിപീഠത്തിന്റെയും അതുവഴി സര്‍ക്കാരിന്റെയും കണ്ണു തുറപ്പിച്ചതിന്റെ ആഹ്ലാദവും ചാരിതാര്‍ഥ്യവും തുറന്നു പങ്കുവയ്ക്കുന്നതിനൊപ്പം മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടികളും അധ്യാപകരും ഈ ആശങ്കയും മറച്ചുവയ്ക്കുന്നില്ല.

വഴിയോരങ്ങളിലെ വൃക്ഷങ്ങളില്‍ പരസ്യഫലകങ്ങള്‍ വയ്ക്കാനും ബാനറുകള്‍ തൂക്കാനുമൊക്കെ വലിയ ഇരുമ്പാണികള്‍ തുളച്ചുകയറ്റുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇവിടത്തെ പരിസ്ഥിതി സ്‌നേഹികളായ കുട്ടികളാണ്. മാതൃഭൂമി സീഡ് പദ്ധതിയില്‍ അംഗമായ ഈ വിദ്യാലയം 2009ല്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് വിദ്യാലയവുമായിരുന്നു.

''സര്‍ക്കാര്‍ തീരുമാനം വലിയ അംഗീകാരമാണ്. അതിലേക്കു വഴിതുറന്ന മാതൃഭൂമിയോടും കോടതിയോടും ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു''. പ്രധാനാധ്യാപിക സിസ്റ്റര്‍ ലിസീന, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റീനറ്റ് എന്നിവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

യാത്രകള്‍ക്കിടെയാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരായ കുട്ടികള്‍ വഴിയോരത്തെ ഈ ദുരന്തക്കാഴ്ച കണ്ടത്. അവര്‍ ഈ വിവരം സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റീനറ്റിനേയും പ്രധാനാധ്യാപിക സിസ്റ്റര്‍ ലിസീനയേയും അറിയിച്ചു. പിന്നീട് സിസ്റ്റര്‍ റീനറ്റും കുട്ടികളും ഒരുമിച്ചായി യാത്ര. മൂവാറ്റുപുഴ-തൊടുപുഴ, മൂവാറ്റുപുഴ-എറണാകുളം, കോതമംഗലം-അടിമാലി, കോതമംഗലം-കട്ടപ്പന തുടങ്ങിയ പ്രധാന പാതയോരങ്ങളിലെല്ലാം നിഷ്ഠുരമായ വൃക്ഷഹത്യയാണ് കണ്ടത്. ഓരോ വഴിയിലും നൂറിലേറെ മരങ്ങള്‍ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത് ഇവര്‍ കണ്ടു. വാഴക്കുളത്ത് ആണികള്‍ കയറി ഉണങ്ങിപ്പോയ മരവും ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.

പരിസ്ഥിതി സംഘടനകളെ ഈ വിവരങ്ങള്‍ ആദ്യം അറിയിച്ച വിദ്യാര്‍ഥികളും സ്‌കൂളധികൃതരും ഹൈക്കോടതിക്ക് ഈ കാഴ്ചകള്‍ ചിത്രങ്ങള്‍ സഹിതം അയച്ചത് കഴിഞ്ഞ ജനവരിയിലാണ്. ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറും ജസ്റ്റിസ് ആന്റണി ഡോമിനിക്കും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കത്ത് പരിഗണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പരിസ്ഥിതി സെക്രട്ടറിക്കും തദ്ദേശ സെക്രട്ടറിക്കും നോട്ടീസയച്ചു. വകുപ്പുതലവന്‍മാര്‍ ഏറെ ഗൗരവത്തോടെ ഈ പ്രശ്‌നം കണക്കിലെടുത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇപ്പോള്‍ മരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവ് സര്‍ക്കാരിറക്കിയപ്പോള്‍ ഏറ്റവുമധികം അഭിമാനിക്കുന്നത് സെന്റ് അഗസ്റ്റിന്‍സിലെ കുരുന്നു വിദ്യാര്‍ഥിനികളാണ്.




06 Aug 2011 mathrubhuni eranamkulam news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക