.

.

Tuesday, August 2, 2011

പുതുക്കാട്ട് ആദ്യ ഹരിത വിദ്യാര്‍ഥി സേന ഒരുങ്ങി.

ആമ്പല്ലൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച ഹരിത വിദ്യാര്‍ഥി സേനയുടെ ആദ്യ ബാച്ച് പുതുക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, അവര്‍ക്ക് യന്ത്രവത്കൃത കൃഷിരീതിയില്‍ പരിശീലനം നല്‍കുക എന്നതാണ് ഗ്രീന്‍ കേഡറ്റ് കോര്‍ അഥവാ ഹരിത വിദ്യാര്‍ഥി സേനയുടെ രൂപവത്കരണത്തോടെ ഉദ്ദേശിക്കുന്നത്. പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആഗോള മുതലാളിത്തം കൃഷിയെ ബിസിനസാക്കി മാറ്റിയെന്ന് എം.എല്‍.എ. പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലക്ക് ജനകീയമാക്കാന്‍ കഴിയാതിരുന്ന ഗാലസ പദ്ധതി പുതുക്കാട് മണ്ഡലത്തില്‍ വിജയപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെങ്ങ് കൃഷിയുടെ പ്രോത്സാഹനത്തിന് നാളികേര വികസന ബോര്‍ഡ് വേണ്ട ശ്രദ്ധചെലുത്തുന്നുണ്ടെങ്കിലും കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. പരമ്പരാഗത ജൈവ കൃഷിയിലേക്ക് തിരിച്ചു പോകണമെന്ന് കാര്‍ഷിക സര്‍വകലാശാല വി.സി കെ.ആര്‍. വിശ്വംഭരന്‍ പറഞ്ഞു. ഹരിത വിദ്യാര്‍ഥി സേവനം വിജയിച്ചാല്‍ മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. ഒല്ലൂര്‍ എം.എല്‍.എ എം.പി. വിന്‍സന്റ് അധ്യക്ഷത വഹിച്ചു. എന്‍.സി.സി മാതൃകയില്‍ സേനാംഗങ്ങള്‍ക്ക് ഡ്രില്ലും പരേഡും ഉണ്ടാകും. 54 പേരടങ്ങുന്ന സംഘത്തിന് യൂനിഫോമും പഠനോപാധികളും കാര്‍ഷിക സര്‍വകലാശാല നല്‍കും. ഒരു വര്‍ഷം നീളുന്ന പ്രവൃത്തിപരിചയ പരിശീലന പരിപാടിയില്‍ മുഖ്യപരിശീലകര്‍ എല്ലാ ശനിയാഴ്ചകളിലും സ്‌കൂളില്‍ എത്തി കൃഷിയില്‍ പ്രവൃത്തി പരിചയ പരിശീലനം നല്‍കും. പരിശീലന കാലത്ത് ഒട്ടുമിക്ക കാര്‍ഷിക വിളകളും സേന ഉല്‍പാദിപ്പിക്കും.

ഈ വിളകളില്‍ ഉപയോഗിക്കാവുന്ന കാര്‍ഷിക യന്ത്രങ്ങളിലും പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കി 'ഗ്രീന്‍ കേഡറ്റ് കോര്‍' ആയി അംഗീകരിക്കുകയും പാസിങ് ഔട്ട് പരേഡിലൂടെ ഭക്ഷ്യസുരക്ഷാ സേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്യും.

31.7.2011 madhyamam thrissur news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക