.

.

Thursday, August 11, 2011

അടിസ്ഥാന സൗകര്യങ്ങളും ആവശ്യക്കാരും ഉണ്ട്; ആവശ്യത്തിന് വൃക്ഷത്തൈകള്‍ ഉണ്ടാക്കാന്‍ വനം വകുപ്പിന് മടി

നിലമ്പൂര്‍: വൃക്ഷത്തൈകള്‍ ഉണ്ടാക്കാന്‍ ആവശ്യത്തിനു സ്ഥലവും മതിയായ അടിസ്ഥാനസൗകര്യങ്ങളും തൈകള്‍ക്ക് ധാരാളം ആവശ്യക്കാരുമുണ്ടായിട്ടും വനംവകുപ്പ് ആവശ്യത്തിന് തൈകള്‍ ഉത്പാദിപ്പിക്കുന്നില്ലെന്നാക്ഷേപം. നിലമ്പൂരില്‍ ഒരു പ്രത്യേക റെയ്ഞ്ച് തന്നെ (സെന്‍ട്രല്‍ നഴ്‌സറി) തൈ ഉത്പാദനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിലമ്പൂര്‍ റെയ്ഞ്ചിലെ വള്ളുവശ്ശേരിയിലാണ് സെന്‍ട്രല്‍ നഴ്‌സറി പ്രവര്‍ത്തിക്കുന്നത്. ഒരു റെയ്ഞ്ച് ഓഫീസര്‍, ഒരു ഫോറസ്റ്റര്‍, രണ്ട് ഗാര്‍ഡുമാര്‍, ഏതാനും വാച്ചര്‍മാര്‍ എന്നിവരാണ് റെയ്ഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. നോര്‍ത്ത് വനം ഡിവിഷന് കീഴിലാണ് നഴ്‌സറിയുടെ പ്രവര്‍ത്തനം.

20 ഹെക്ടര്‍ സ്ഥലമാണ് നഴ്‌സറിക്ക് മാത്രമായുള്ളത്. ഇതില്‍ മൂന്ന് ഹെക്ടറോളം സ്ഥലത്താണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. വിശാലമായ ഈ സ്ഥലത്ത് ഏഴരലക്ഷം തൈകള്‍ വരെ ഒരു വര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം വെറും ഒരുലക്ഷം തൈകള്‍ മാത്രമാണുണ്ടാക്കിയത്. നോര്‍ത്ത് ഡി.എഫ്.ഒ. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായ നിര്‍ദേശം നല്‍കാത്തതിന്റെ അടിസ്ഥാനത്തിലാണ് തൈ ഉത്പാദനം കുറയുന്നതെന്നാണറിയുന്നത്.

പ്രസിദ്ധമായ നിലമ്പൂര്‍ തേക്കിന്റെ തൈകള്‍ക്ക് കേരളത്തിലങ്ങോളമിങ്ങോളം വന്‍ഡിമാന്‍ഡാണ്. നിലമ്പൂര്‍ ഡിവിഷനുള്‍പ്പെടുന്ന ഒലവക്കോട് സര്‍ക്കിളിലേക്കാവശ്യമായ വൃക്ഷത്തൈകള്‍ ഇവിടെ ഉത്പാദിപ്പിക്കാറുണ്ട്. ഈ വര്‍ഷം ഉത്പാദിപ്പിച്ച ഒരു ലക്ഷം തൈകളില്‍ ഭൂരിഭാഗവും വകുപ്പിന് തന്നെയാണ് നല്‍കിയത്. സ്വകാര്യതോട്ടങ്ങള്‍ക്കും സ്ഥലത്തിന്റെ അതിരുകളില്‍ വെക്കാനും ഒരുമുതല്‍മുടക്ക് എന്ന നിലയിലും പലരും തേക്കുതൈകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വനംവകുപ്പ് ആവശ്യത്തിനുത്പാദിപ്പിക്കുന്നില്ല.

തൈകള്‍ക്കാവശ്യമായ മണ്ണിര കമ്പോസ്റ്റുണ്ടാക്കാനുള്ള യൂണിറ്റ്, നനയ്ക്കാനുള്ള മോട്ടോര്‍ പമ്പുകള്‍, ടാങ്കുകള്‍, ആവശ്യത്തിന് തൊഴിലാളികള്‍ എന്നിവയെല്ലാം ഇവിടെ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ശരിയായ പരിചരണമില്ലാതെ ഗ്രീന്‍ഹൗസുകള്‍ നശിക്കുന്നു. ലക്ഷക്കണക്കിനു തൈകള്‍ ഉണ്ടാക്കാനുള്ള ട്രേകള്‍ (റൂട്ട് ട്രെയ്‌നര്‍ തൈകള്‍) ഉപയോഗിക്കാത്തതിനാല്‍ കെട്ടിക്കിടക്കുകയാണ്.

അതേസമയം നിലമ്പൂരില്‍ സ്വകാര്യമേഖലയില്‍ ലക്ഷക്കണക്കിനു തേക്കുതൈകള്‍ ആണ് ഉത്പാദിപ്പിച്ച് വില്പന നടത്തുന്നത്. വനം വകുപ്പിന്റെ നടപടികള്‍ സ്വകാര്യ മേഖലയെ സഹായിക്കുന്ന തരത്തിലുള്ളതാണ്.

11 Aug 2011 Mathrubhumi Malappuram news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക