.

.

Thursday, August 25, 2011

മുളക് വിളവെടുപ്പ് ആരംഭിച്ചു

മലയാളികള്‍ക്കിടയില്‍ പേരുകേട്ട വളാഞ്ചേരി മുളക് വിളവെടുപ്പ് ആരംഭിച്ചു. കൊണ്ടാട്ടം ഉണ്ടാക്കാനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സീസണാകുന്നതോടെ വളാഞ്ചേരിയിലെത്തും. മുളകില്‍ മോരു പുരട്ടി ഉണക്കിയെടുത്താല്‍ മാസങ്ങളോളം മുളക് കേടുവരാതെയിരിക്കും. മറ്റു ഭാഗങ്ങളില്‍നിന്നു ലഭിക്കുന്ന മുളകിനെക്കാളും സ്വാദ് കൂടുതലുള്ളതിനാലാണു പലരും ഇവിടെയെത്തുന്നത്.

എടയൂര്‍ പഞ്ചായത്തിലെ എടയൂര്‍, വടക്കുംപുറം, കരേക്കാട്, ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂര്‍, മങ്കേരി, മേച്ചേരിപറമ്പ് എന്നിവിടങ്ങളിലും ആതവനാട്, വളാഞ്ചേരി, മാറാക്കര, കുറ്റിപ്പുറം പഞ്ചായത്തുകളില്‍പെട്ട അമ്പലപറമ്പ്, പേരശന്നൂര്‍, പൈങ്കണൂര്‍, മൂടാല്‍, കാര്‍ത്തല, അമ്പലപറമ്പ്, താണിയപ്പന്‍കുന്ന്, ആതവനാട്, കരിപ്പോള്‍, കാടാമ്പുഴ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ മുളക് പ്രധാനമായും കൃഷി ചെയ്യുന്നത്.

മഴ തുടങ്ങുന്നതോടെ മുളകില്‍ തൈ പാകും. 15 ദിവസത്തിനകം പറിച്ചു നടും. 60 ദിവസം തീവ്ര പരിചരണം നടത്തിയാല്‍ ഓഗസ്റ്റ് അവസാനത്തോടെ മുളക് വിളവെടുപ്പിനു പാകമാ വും. 50 രൂപയാണ് ഒരു കിലോയ്ക്ക് ഇപ്പോഴത്തെ വില. സീസണാകുന്നതോടെ ഇത് 100 രൂപ വരെയെത്തും.

ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴ വിളവിനെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.

ഇടയ്ക്കിടെ വെയില്‍ ലഭിക്കാത്തതിനാല്‍ തൈകള്‍ വേണ്ട രീതിയില്‍ വളര്‍ന്നില്ല. ഉള്ള തൈകള്‍ക്കു കരുത്തു കുറഞ്ഞതു വിളവിനെ പ്രതികൂലമായി ബാധിച്ചു. വിളവ് കുറഞ്ഞതു മൂലം ഈ വര്‍ഷം വിലയില്‍ വലിയ കുറവു വരില്ലെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.

ചൊവ്വാഴ്ചകളിലെ ആഴ്ച ചന്തയിലാണു വ്യാപാരം. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ കര്‍ഷകര്‍ ചന്തയില്‍ മുളക് എത്തിക്കും. ഈ പതിവിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

കൊണ്ടാട്ടം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിക്കാരും വളാഞ്ചേരിയിലെത്തി വലിയ അളവില്‍ മുളകു വാങ്ങാറുണ്ട്.

25.8.2010 Metrovaartha

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക