.

.

Saturday, August 6, 2011

പ്ലാസ്റ്റിക്കില്ലാതെ ഒരു മാസം

ജൂലായ് ഒന്നുമുതല്‍ കോര്‍പ്പറേഷനില്‍ പ്രാവര്‍ത്തികമാക്കിയ പ്ലാസ്റ്റിക് നിരോധനം വിജയകരമായി ഒരുമാസം പൂര്‍ത്തിയാക്കി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപരിപാടികളാണ് കോര്‍പ്പറേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗ് ഉപയോഗമെന്ന ദുശ്ശീലത്തെ കോര്‍പ്പറേഷന്റെ അധികാരസീമയില്‍നിന്നുകൊണ്ട് നിര്‍മാര്‍ജനം ചെയ്യാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ഒന്നാം ഘട്ടം പ്ലാസ്റ്റിക് നിരോധനമായിരുന്നെങ്കില്‍ മാലിന്യസംസ്‌കരണത്തിനായി ബിന്നുകള്‍ സ്ഥാപിക്കലാണ് രണ്ടാം ഘട്ടം. എങ്ങനെ തൃശ്ശൂരിനെ പ്ലാസ്റ്റിക്കിന്റെ കരാളഹസ്തത്തില്‍നിന്ന് രക്ഷിക്കാമെന്ന ചോദ്യത്തിന് പേപ്പര്‍ബാഗുകളും തുണിസഞ്ചികളുമാണ് ഉത്തരങ്ങളായി രംഗത്തുള്ളത്.


മനുഷ്യസ്‌നേഹികളേ ഇതിലേ ഇതിലേ


പ്ലാസ്റ്റിക് വിപത്തിനെതിരെ മനുഷ്യസ്‌നേഹികള്‍ ഒത്തുചേരുന്നു. കോര്‍പ്പറേഷന്റെ പ്ലാസ്റ്റിക് വിമുക്തനഗരം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ ഒത്തുചേരുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച 2 ന് തെക്കേ ഗോപുരനടയില്‍ പ്ലാസ്റ്റിക്‌വിരുദ്ധ പ്രതിജ്ഞയെടുക്കും. മന്ത്രി കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍, പോലീസ് സേന, ആരോഗ്യപ്രവര്‍ത്തകര്‍, ലളിതകലാ അക്കാദമി ജീവനക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ഒത്തുചേരും.


ലാലൂര്‍; 30ശതമാനം ജയം, ബാക്കി?


ലാലൂര്‍ മാലിന്യശാപബാധയേറ്റിട്ട് ഏകദേശം പതിനഞ്ച് വര്‍ഷത്തോളമായി. ജൈവവും അജൈവവുമായി ഇവിടത്തെ മാലിന്യങ്ങള്‍ കുന്നെന്ന പരിധിയും കടന്ന് മലയോളം എത്തിയിരിക്കുന്നു. ഇക്കണക്കിന് പോവുകയാണെങ്കില്‍ മാലിന്യക്കൂമ്പാരം ഹിമാലയത്തോളം എത്താന്‍ കാലതാമസം വരില്ല. എങ്കിലും ശാപമോക്ഷത്തിനായി ഒരുപാട് പദ്ധതികള്‍ കോര്‍പ്പറേഷന്റെ മനസ്സിലുണ്ട്.
മാലിന്യത്തിന് പരിഹാരം കാണുന്നതില്‍ കോര്‍പ്പറേഷന്‍ മുപ്പത് ശതമാനത്തോളം വിജയിച്ചുവെന്ന് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍ അറിയിച്ചു. ലാലൂരില്‍ സ്ഥാപിക്കുന്നതിനുള്ള ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം വര്‍ധിപ്പിക്കലാണ് ഒരുദ്ദേശം്യ. സെമിനാറും സംഘടിപ്പിക്കും. ഒരു ശാശ്വതപരിഹാരം കാണുകയെന്നതും ലക്ഷ്യമുണ്ട്. അടുത്തതായി ലാലൂരിലെ മാലിന്യങ്ങളുടെ തൂക്കം നോക്കലാണ്. തൂക്കം നോക്കുന്നതിനുള്ള വെയ്ബ്രിഡ്ജിന്റെ ഉദ്ഘാടനം 14 ന് നിര്‍വഹിക്കും. മാലിന്യങ്ങളുടെ അളവും ഇത്തരത്തില്‍ കണക്കാക്കും.


ഭയാശങ്കകള്‍ ഒഴിയുന്നില്ല


ശബരിമല സീസണും ഓണം സീസണും വരുമ്പോള്‍ കോര്‍പ്പറേഷന്റെ ഭയാശങ്കകള്‍ വര്‍ധിക്കും. നെഞ്ചിടിപ്പ് കൂടും. എത്രയൊക്കെ കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയാലും പൂര്‍വാധികം ശക്തിയോടെ പ്ലാസ്റ്റിക് വ്യാപാരികള്‍ സടകുടഞ്ഞ് എണീക്കുമെന്ന ഭയം കോര്‍പ്പറേഷനുണ്ട്. മുണ്ടത്തിക്കോട്, അവിണിശ്ശേരി, അടാട്ട്, പുത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളുമായി സഹകരിച്ച് പ്ലാസ്റ്റിക് നിരോധനം ഈ പഞ്ചായത്തുകളിലും നടപ്പാക്കി ശക്തിപ്പെടുത്തും. ഇതുസംബന്ധിച്ച് കഴിഞ്ഞ പത്ത് ദിവസങ്ങളായി കോര്‍പ്പറേഷനില്‍ യോഗങ്ങളുടെ പൊടിപൂരമാണ്.


രജിസ്‌ട്രേഷനുണ്ടോ?


'തീന്‍മേശയിലെ ദുരന്തം' എന്ന തലക്കെട്ടോടെ മാതൃഭൂമി നഗരത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കൊരു ഫോളോ അപ്പ്. വാര്‍ത്ത വന്നതിനു പിറകെ കോര്‍പ്പറേഷന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വൃത്തിഹീനമായ തട്ടുകടകള്‍ പരിശോധിച്ചു. പിന്നെ നാം കണ്ടത് ആഹാരസാധനങ്ങള്‍ എല്ലാം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയതായാണ്. ഇനി അടുത്ത നടപടി തട്ടുകടകളിലെ രജിസ്‌ട്രേഷന്‍ എടുക്കലാണ്.
റെയില്‍വേ സ്റ്റേഷനിലെ വൃത്തിഹീനമായ തട്ടുകടകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധിക്കും. കഴിഞ്ഞദിവസം കോര്‍പ്പറേഷന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെറുതും വലുതുമായ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിരുന്നു. 250 മുതല്‍ 1000 വരെയാണ് ഇവരില്‍നിന്ന് പിഴയീടാക്കിയത്.


ടി.എസ്. ധന്യ
06 Aug 2011 mathrubhumi thrissur news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക