.

.

Friday, August 12, 2011

പുഴയോര കാടുകള്‍ അമൂല്യ ജൈവ കലവറകള്‍-പഠനം

കൊടുങ്ങല്ലൂര്‍: പുഴയോരകാടുകളുടെ നാശം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘതങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഒരപൂര്‍വ പഠന ഗവേഷണം. കാലിക്കറ്റ് സര്‍വകലാശലയില്‍ സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.എച്ച്.അമിതാ ബച്ചനാണ് പുഴയോരകാട് സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നത്. ചാലക്കുടി നദീതടത്തിലെ സസ്യങ്ങളെ അടിസ്ഥാനമാക്കിയ പഠനമാണ് അമിതാബച്ചന് ഡോക്ടറേറ്റ് നേടിക്കൊടുത്തത്. പശ്ചിമ ഘട്ടത്തിലെ പുഴ തീരങ്ങളില്‍നിന്ന് അപ്രത്യക്ഷമാവുന്ന പുഴയോരകാടുകള്‍ അനന്യ സാധാരണമായ സസ്യജന്തു വൈവിധ്യ കലവറയാണെന്ന് പഠനം കാണിക്കുന്നു. ചാലക്കുടി നദിയുടെ തീരങ്ങളില്‍ കാണുന്ന 696 ഇനം സസ്യങ്ങളില്‍ 36 ശതമാനം സ്ഥാനീയ ഇനങ്ങളാണെന്നും ഇവയില്‍ 33 എണ്ണം അതീവ വംശനാശ ഭീഷണി നേരിടുന്നവയാണെന്നും പഠനം തെളിയിക്കുന്നു. ലോകത്ത് വാഴച്ചാല്‍ മേഖലയിലെ പുഴതടങ്ങളില്‍ മാത്രം അവശേഷിക്കുന്ന ലാജിനാന്‍ഡ്ര നായറി (lagenandra nairi) എന്ന സസ്യവും അണക്കെട്ടുകളില്ലാതെ പ്രകൃത്യാ ഒഴുകുന്ന പുഴകളില്‍ മാത്രം കാണപ്പെടുന്ന സുഷ്മകാലാവസ്ഥ സൂചകങ്ങളായ വില്ലീസിയ സെലാജനോയിസസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പശ്ചിമ ഘട്ടത്തിലും ഇന്ത്യയിലും ഇതുവരെ കണ്ടിട്ടില്ലാത്ത മൂന്ന് സസ്യജാലങ്ങള്‍ ഇവിടെ കണ്ടെത്തുകയുണ്ടായി. പുഴ സംരക്ഷണത്തിനും നീര്‍തട സംരക്ഷണ പദ്ധതികള്‍ക്കും മാര്‍ഗദര്‍ശിയാണ് ഇന്ത്യയില്‍ ആദ്യമായി നടന്ന ഈ പഠനമെന്ന്‌വിലയിരുത്തപ്പെടുന്നു. പാരിസ്ഥിതിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന അമിതാബച്ചന്‍ ലോക വന്യജീവി നിധിയുടെയും വനംവകുപ്പിന്റെയും വേഴാമ്പല്‍ സംരക്ഷണ ഗവേഷണ സംരക്ഷണ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 2005 മുതല്‍ കാടര്‍ ആദിവാസികളും വനംവകുപ്പുമായി ചേര്‍ന്ന് തുടങ്ങിയ വേഴാമ്പല്‍ സംരക്ഷണ പദ്ധതി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ സജീവ പങ്കാളിയായ അമിതാബച്ചന്‍ 'പുഴ ജീവന് വേണ്ടി', 'മലമുഴക്കി വേഴാമ്പലുകളുടെ ലോകം' തുടങ്ങിയ ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്.

Fri, 08/12/2011 Madhyamam Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക