.

.

Sunday, August 21, 2011

കര്‍ഷക ദിനാചരണം ഗംഭീരം; നെല്‍കൃഷി ചെയ്യാനാളില്ലാതെ വയലുകള്‍

കര്‍ഷക ദിനാചരണവും ആഘോഷങ്ങളും തകൃതിയായി നടക്കുമ്പോള്‍ നെല്‍കൃഷി ചെയ്യാന്‍ ആളെ കിട്ടാതെ വയലുകള്‍ തരിശിട്ടിരിക്കുന്നു.നെല്‍കൃഷി ചെയ്തിരുന്ന വയലുകളില്‍ പകുതിയിലേറെയും ഇപ്പോള്‍ വെറുതെ കിടക്കുകയാണ്. കൃഷി ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്ന കുറവും കൃഷിപ്പണിക്ക് ആളെ കിട്ടാനില്ലാത്തതുമാണു പ്രധാനകാരണം.

കൃഷി ചെലവു വര്‍ധിച്ചതും, കാലവര്‍ഷ കെടുതിയും കീടബാധയും ഉല്‍പാദന കുറവുംകൂടിയായപ്പോള്‍ മിക്ക കര്‍ഷകരും കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഞാറു പറിക്കാനും നടാനും ആളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആരെങ്കിലും ഇതിനു തയ്യാറായാല്‍ 500 മുതല്‍ 600 രൂപ വരെയാണ് കൂലി ചോദിക്കുന്നത്.

അന്യ സംസ്ഥാന തൊഴിലാളികള്‍ ധാരാളം നിര്‍മാണ മേഖലയില്‍ എത്തുന്നുണ്ടെങ്കിലും നെല്‍കൃഷിയില്‍ പരിചയമില്ലാത്തതുകാരണം ഇവര്‍ ഈ മേഖലയില്‍ എത്തിപ്പെടുന്നില്ല. തൊഴിലാളി ക്ഷാമം കാരണം ഹെക്റ്റര്‍ കണക്കിന് ഭൂമിയാണ് കൃഷിയിറക്കാതെ ഇട്ടിരിക്കുന്നത്.

കീടബാധയും കാലവര്‍ഷക്കെടുതിയും കര്‍ഷകര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നു. അമിത രാസവള കീടനാശിനി ഉപയോഗം മൂലം ഉല്‍പാദനം കുറഞ്ഞതും പുതിയ വിത്തുകള്‍ പ്രതീക്ഷിച്ച വിളവു തരാത്തതും നെല്‍കൃഷി നഷ്ടത്തിലാക്കുന്നു.

മൂന്നു വിളയും ഒരുക്കിയിരുന്ന പാടങ്ങള്‍ ഒരു വിള പോലും എടുക്കാതെ കിടക്കുകയാണിപ്പോള്‍. ചിങ്ങ മാസമാകുന്നതോടെ രണ്ടാം വിളക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ട കര്‍ഷകന്‍ നെല്‍വയലുകള്‍ ഉഴുതിടാനുള്ള മനസുപോലും കാണിക്കുന്നില്ല.

നെല്‍കൃഷി ചെയ്യുന്നതിനായി കൃഷി ഭവനുകള്‍ മുഖേന നിരവധി പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകര്‍ വിമുഖത കാണിക്കുകയാണ്.

•Posted: 20/08/2011 metrovaartha news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക