.

.

Wednesday, August 17, 2011

'കൂടുമാറ്റം' വരെ മൃഗശാല പ്രവര്‍ത്തിക്കും

തൃശൂര്‍: പുത്തൂരില്‍ പുതിയ മൃഗശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ തൃശൂരിലെ മൃഗശാലയ്ക്ക് രണ്ടു വര്‍ഷത്തേക്കു കൂടി പ്രവര്‍ത്തന അനുമതി നല്‍കാന്‍ കേന്ദ്ര മൃഗശാല അതോറിറ്റി തീരുമാനിച്ചു. ഇതോടെ തൃശൂര്‍ മൃഗശാലയുടെ പ്രവര്‍ത്തനം സംബന്ധിച്ച പ്രതിസന്ധിക്ക് തല്‍ക്കാലം പരിഹാരമായി.

മൃഗങ്ങളെ സുരക്ഷിതത്തോടെയും ശുചിത്വത്തോടെയും പാര്‍പ്പിക്കുന്നതിന് മൃഗശാലയില്‍ സൌകര്യങ്ങളില്ലെന്ന് അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ നഗര ഹൃദയത്തില്‍നിന്ന് മൃഗശാല പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങളും മുടങ്ങിയതോടെയാണ് കേന്ദ്ര അതോറിറ്റി അനുമതി റദ്ദാക്കിയത്.

മൃഗശാലയുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനം തണുപ്പന്‍ സമീപനമാണ് പുലര്‍ത്തുന്നതെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. കൂടാതെ മൃഗങ്ങളുടെ സ്വൈരവും സുരക്ഷിതവുമായ വാസത്തിന് സൌകര്യങ്ങളില്ലെന്നും അതോറിറ്റി കണ്ടെത്തി. 45 ഇനങ്ങളില്‍പെട്ട അഞ്ഞൂറിലേറെ മൃഗങ്ങളാണ് മൃഗശാലയില്‍ ഉള്ളത്. ഇതില്‍ ഇരുന്നൂറിലേറെ മാനുകളും നൂറിലേറെ കുരങ്ങുകളുമുണ്ട്.

കഴിഞ്ഞ മാസം കേന്ദ്ര അതോറിറ്റി ഉദ്യോഗസ്ഥര്‍ പുത്തൂരിലെ നിര്‍ദിഷ്ട മൃഗശാല സന്ദര്‍ശിക്കാനെത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്. പുത്തൂരിലെ സന്ദര്‍ശനത്തിന് ശേഷം തൃശൂര്‍ മൃഗശാലയും സന്ദര്‍ശിച്ച അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉപാധികളോടെ അനുമതി പുതുക്കി നല്‍കാന്‍ തയാറായി. മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതു വരെയുള്ള കാലയളവിലേക്ക് താല്‍ക്കാലിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇത് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശമെന്ന് മൃഗശാല ഡയറക്ടര്‍ ഡോ. ആര്‍. ഉദയവര്‍മന്‍ അറിയിച്ചു.

മൃഗങ്ങളുടെ കൂട്ടില്‍ ശുദ്ധജലം ശേഖരിക്കുന്നതിനുള്ള സജ്ജീകരണങ്ങളില്ല, ചില കൂടുകളില്‍ ചോര്‍ച്ചയുണ്ട്, പക്ഷികളുടെ കൂടിന്റെ ഒരു ഭാഗം മറച്ചിട്ടില്ല തുടങ്ങിയവയായിരുന്നു അതോറിറ്റിയുടെ കണ്ടെത്തലുകള്‍. അതോറിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്. കടുവകളെ കൂട്ടില്‍ സൂക്ഷിക്കുന്നതിന് പകരം തുറസായ സ്ഥലത്ത് പാര്‍പ്പിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു പകരം കൂടിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നുണ്ട്.

ഇതിനു പുറമെ മൃഗശാല കോംപൌണ്ടില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര മ്യൂസിയത്തിന്റെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവയും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

manoramaonline thrissur news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക