.

.

Tuesday, August 23, 2011

മുല്ലശേരി പഞ്ചായത്ത് പ്ളാസ്റ്റിക് വിമുക്തമാക്കല്‍; നടപടി തുടങ്ങി

പാവറട്ടി: മുല്ലശേരി പഞ്ചായത്തും ഭാരത് ഹെറിറ്റേജ് ഫോഴ്സും (ബി.എച്ച്.എഫ്) ചേര്‍ന്ന് പ്ളാസ്റ്റിക് വിമുക്ത പരിപാടി ആംഭിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും പ്ളാസ്റ്റിക് ശേഖരിക്കുന്നതിന് ബി.എച്ച്.എഫ് നല്‍കുന്ന സഞ്ചി നല്‍കി വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഭരതന്‍ നിര്‍വഹിച്ചു. വീടുകളില്‍ ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാര്‍ മുഖേന മാസത്തില്‍ ഒരിക്കല്‍ ബി.എച്ച്.എഫ് പ്രതിനിധികള്‍ ശേഖരിക്കും. റീസൈക്ളിങ് ചെയ്ത് ചെടിച്ചട്ടികള്‍, ഡസ്റ്റ്ബിന്‍ മാറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയുണ്ടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. മുല്ലശേരി പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ മുതലായവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാംഘട്ടമായി പഞ്ചായത്തിലെ ജൈവമാലിന്യങ്ങള്‍ ഉല്‍ഭവസ്ഥാനത്തുതന്നെ സംസ്കരിച്ച് ജൈവവളമാക്കി മാറ്റി ജൈവ പച്ചക്കറി ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് ബി.എച്ച്.എഫ് അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് കെ.പി. ആലി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സതിവാസു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍. സുഗുണന്‍, വാര്‍ഡംഗങ്ങളാരായ സി.എ. ബാബു, കെ.കെ. സുരേഷ് ബാബു, സബീന ബബ്ലു, മോഹനന്‍ ബിച്ച്.എഫ് ജില്ലാ കോഓഡിനേറ്റര്‍മാരായ ശങ്കരന്‍ കുന്നത്തുവളപ്പില്‍, രഘു എരണേഴത്ത്, ബിജേഷ് പന്നിപുലത്ത്, ഉണ്ണികൃഷ്ണന്‍ കുന്നംകുളം, പി.ടി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്ളാസ്റ്റിക് കവറുകള്‍ നിരോധിക്കുന്നതിന്‍െറ ഭാഗമായി പ്രസിഡന്‍റിന്‍െറയും അംഗങ്ങളുടെയും നേതൃത്വത്തില്‍ വീടുകളില്‍നിന്ന് പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമായി.
തളിക്കുളം സെന്‍ററിലെ വീടുകളില്‍ നിന്ന് പ്ളാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചു. പ്ളാസ്റ്റിക് നിരോധം ആവശ്യപ്പെട്ടുള്ള ലഘുലേഖകളും വിതരണം ചെയ്തു.
പ്രവര്‍ത്തനത്തിന് തുടക്കമിട്ട് വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നോട്ടിസ് അച്ചടിച്ച് വിദ്യാര്‍ഥികള്‍ മുഖേന അറിയിപ്പ് നല്‍കാനും തീരുമാനിച്ചു.
ബോധവത്കരണവും പ്ളാസ്റ്റിക് കവറുകള്‍ നിര്‍ത്തലാക്കുന്നതിനൊപ്പം ബദല്‍ സംവിധാനമെന്ന നിലയില്‍ കുടുംബശ്രീ മുഖേന തുണിസഞ്ചികള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ ആംഭിക്കാനും തീരുമാനിച്ചു.
കുടുംബശ്രീയും പഞ്ചായത്ത് അംഗങ്ങളും ശേഖരിക്കുന്ന പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഹെറിറ്റേജ് ഫോഴ്സ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കൊണ്ടുപോയി റീസൈക്ളിങിലൂടെ ചെടിച്ചട്ടിയും ഡസ്റ്റ്ബിന്നുകളും ഉണ്ടാക്കും. പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന്‍റ ഉദ്ഘാടനം പി.ഐ. ഷൗക്കത്തലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് ഗീത വിനോദന്‍ അധ്യക്ഷത വഹിച്ചു.
ചാവക്കാട്: സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധത്തിന്‍റ ഭാഗമായി ചാവക്കാട് നഗരസഭ അതിര്‍ത്തിയില്‍ അടുത്തമാസം രണ്ട് മുതല്‍ പൂര്‍ണമായും പ്ളാസ്റ്റിക് കവറുകള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്ളാസ്റ്റിക് കവറുകള്‍ കടകളില്‍ നിന്നും പിടിച്ചെടുത്താല്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കും.

23.8.2011 Madhyamam Thrissur News.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക