.

.

Sunday, August 7, 2011

ഇടമലക്കുടിയെ സ്വാശ്രയ ജൈവഗ്രാമമാക്കും

മൂന്നാര്‍: സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗപഞ്ചായത്തായ ഇടമലക്കുടിയെ സ്വാശ്രയ ജൈവ ഗ്രാമമാക്കുന്നതിനുള്ള നടപടികള്‍ വനം വകുപ്പു തുടങ്ങി. മൂന്നാര്‍ വന വികസന ഏജന്‍സിയുടെ കീഴില്‍ വനസംരക്ഷണ സമിതി വഴി പദ്ധതികള്‍ നടപ്പിലാക്കും. മുതുവാന്‍ ആവാസവ്യവസ്ഥയുടെ ഹൃദയം എന്നു വിളിക്കുന്ന ഇടമലക്കുടിയില്‍ ആദിവാസികളുടെ പാരമ്പര്യവും പ്രദേശത്തിന്റെ ജൈവവ്യവസ്ഥയും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കും. ഇടമലക്കുടിയിലെ ആദിവാസികളുടെ പച്ചമരുന്നുകളും വംശീയവൈദ്യവും കാത്ത്‌കൊണ്ടുള്ള പാരമ്പര്യ ഭക്ഷണരീതി നിലനിര്‍ത്തുന്നതിന്സൗകര്യങ്ങളൊരുക്കും.

മലകളും, പുഴകളുമടങ്ങുന്ന പ്രാചീന താഴ്‌വാരങ്ങളെ കാത്തു പോന്നവരുടെ ജൈവ കൃഷിരീതികളും ജൈവകീട നിയന്ത്രണ മാര്‍ഗങ്ങളും പ്രോത്സാഹിപ്പിക്കും.ആദിവാസികളുടെ കാര്‍ഷികവിളകളും അവര്‍ കാടിനുള്ളില്‍ നിന്ന് സംഭരിക്കുന്ന തേനും വനവിഭവങ്ങളും ഇടനിലക്കാരുടെ ഇടപെടലില്ലാതെ വിറ്റഴിക്കാന്‍ മൂന്നാറില്‍ വില്പനകേന്ദ്രം തുറക്കും. ഇതിനകം വനസംരക്ഷണ സമിതി വഴി ഏലം കൃഷി പ്രോത്സാഹനത്തിനായി 10 ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞു. ജൈവരീതിയില്‍ ആദിവാസികള്‍ ഉല്പാദിപ്പിക്കുന്ന ഏലവും മറ്റുവിളകളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാന്‍ വേണ്ട സംവിധാനങ്ങള്‍ നടപ്പിലാക്കും. ഇടമലക്കുടിയുടെ പരിസ്ഥിതിക്ക് ഹാനികരമാകാത്ത വിധത്തില്‍ എല്ലാ വീടുകളിലും സൗരോര്‍ജ പാനലുകള്‍ വഴി വൈദ്യുതി എത്തിക്കാന്‍ ഇവിടെ സോളാര്‍പവര്‍ ഹൗസ് സ്ഥാപിക്കാനും വനംവകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്.

ഗോത്രകലകളെയും അനുഷ്ഠാനങ്ങളെയും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇടമലക്കുടിയുടെ തനതുവികസനം സാദ്ധ്യമാക്കുമെന്ന് ഡി.എഫ്.ഒ. ഡോ. എന്‍.സി. ഇന്ദുചൂഡന്‍ പറഞ്ഞു. ആഗസ്ത് 9ന് ഡി.എഫ്.ഒ.യുടെ നേതൃത്വത്തിലുള്ള വനപാലകസംഘം ഇടമലക്കുടിയിലെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനസംരക്ഷണസമിതിക്ക് മാര്‍ഗനിര്‍ദ്ദേശം നല്കും.



07 Aug 2011 Mathrubhumi idukki news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക