.

.

Monday, August 15, 2011

തട്ടേക്കാട്ട് ചിറകടിക്കുന്നത് 'അവഗണന'

തട്ടേക്കാട് പക്ഷി സങ്കേതത്തിന് അവഗണന. 1930 ല്‍ ഡോക്ടര്‍ സലിം അലി കണ്ടെത്തിയ പക്ഷി സങ്കേതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. 25.16 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നതാണു പക്ഷി സങ്കേതം. 1983 ല്‍ എളിയ രീതിയില്‍ തുടങ്ങിയ സങ്കേതം വളരെ പെട്ടെന്നാണു ലോക ടൂറിസം മാപ്പില്‍ ഇടം തേടിയത്. 320 വിവിധയിനം പക്ഷികളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇവിടത്തെ കാഴ്ചക്കാര്‍ക്കും ഗവേഷകര്‍ക്കും സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള പക്ഷി സങ്കേതത്തിന് 27 വര്‍ഷമായിട്ടും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ ഏഴു വനപാലകരുടെ നേതൃത്വത്തിലാണ് പക്ഷി സങ്കേതം പ്രവര്‍ത്തിക്കുന്നത്. മിനി കാഴ്ച ബംഗ്ലാവ്, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, അക്വേറിയം, റിസര്‍ച്ച് സെന്റര്‍ എന്നിവയടങ്ങുന്ന സങ്കേതത്തില്‍ ദിവസം നൂറുകണക്കിനു വിദേശിയരാണ് എത്തിയിരുന്നത്. എന്നാല്‍, കെടുകാര്യസ്ഥതയും ആസൂത്രണ പിഴവും മൂലം പക്ഷി സങ്കേതത്തിന്റെ അവസ്ഥ ഏറെ മോശമാണ്. ഇടതിങ്ങിയ വനവും നിത്യഹരിത പുല്‍മേടുകളും പുഴയും അടങ്ങുന്ന സങ്കേതം കടുവ, പുലി, ചെന്നായ്, ആന, വിവിധയിനം ചിത്രശലഭങ്ങള്‍, മല്‍സ്യങ്ങള്‍ തുടങ്ങിയവ കൊണ്ടു സമ്പന്നമാണ്.

വര്‍ഷങ്ങളായി വികസന ഫണ്ടുകള്‍ ക്രിയാത്മകമായി വിനിയോഗിക്കാത്തതില്‍ ഇഡിസികളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. അടുത്ത കാലത്ത് ഇവിടെ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന കാഴ്ചബംഗ്ലാവ് നിര്‍ത്തലാക്കി. വന്യമൃഗങ്ങളെ തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകള്‍ക്കു കൈമാറുകയും ചെയ്തു. നിലനില്‍ക്കുന്ന റഫ്യൂജി സെന്ററിലാകട്ടെ മ്ളാവുകള്‍, മാനുകള്‍ എന്നിവ പേരിനു മാത്രം. ഇവയ്ക്കു വേണ്ടത്ര ഭക്ഷണം നല്‍കുന്നില്ലെന്നു പരാതിയുമുണ്ട്. 1933 ഫെബ്രുവരി രണ്ടു മുതല്‍ 13 വരെ ഡോ. സലിം അലി തിരുവിതാംകൂര്‍ മാഹാരാജാവിന്റെ നിര്‍ദേശപ്രകാരം തട്ടേക്കാടു തങ്ങി പക്ഷികളെക്കുറിച്ചു പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തിലാണിപ്പോഴും അംഗീകാരമില്ലാത്ത പക്ഷി സങ്കേതം പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ടൂറിസം നിരോധിച്ചിരിക്കുകയാണ്. നിയമ പരിമിതിക്കുള്ളിലാണു സങ്കേതത്തിന്റെ നടത്തിപ്പ് എന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. പ്രതിവര്‍ഷം ലക്ഷക്കണക്കിനു രൂപ വരുമാനമുണ്ടായിരുന്ന പക്ഷിസങ്കേതത്തിലിപ്പോള്‍ പ്രവേശന ഫീസിനത്തില്‍ കിട്ടുന്ന ചെറിയ തുകയാണ് സര്‍ക്കാരിനു ലഭിക്കുന്നത്.

പി.ടി. തോമസ് എംപി യുടെ നേതൃത്വത്തില്‍ അടുത്ത നാളില്‍ പക്ഷി സങ്കേതത്തിന്റെ വികസനത്തിനു കൂടിയാലോചനകള്‍ നടന്നു. തട്ടേക്കാട് ബോട്ട് ദുരന്തത്തിനു ശേഷം പക്ഷി സങ്കേതത്തില്‍ ബോട്ടിങ്ങും നിര്‍ത്തി. ടൂറിസ്റ്റുകള്‍ക്കു ഭക്ഷണത്തിനോ, താമസത്തിനോ, ഇവിടെ സൌകര്യമില്ല. 1982-ല്‍ 900 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്ന തട്ടേക്കാട് ഇപ്പോള്‍ പ്രതിവര്‍ഷം 70,000 പേരാണു വന്നു മടങ്ങുന്നത്. വരുമാനം ഏഴു ലക്ഷം. പശ്ചിമഘട്ടത്തില്‍ 1600 കിലോമീറ്റര്‍ നീളത്തിലുള്ള പ്രദേശത്തെ ഒരു ഭാഗം മാത്രമാണു തട്ടേക്കാട്.ഇവിടെയെത്തുന്നവരെ മുഴുവന്‍ ടൂറിസം പ്രദേശത്തേക്കു വിടാനാകാത്ത സ്ഥിതിയാണ് ഇപ്പോഴെന്നു റേഞ്ച് ഒാഫിസര്‍ അന്‍വര്‍ അറിയിച്ചു.

ആറു ലക്ഷം മുടക്കിയുള്ള ഇന്റര്‍പ്രട്ടേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പുതിയ പരിപാടികളും ഭാവിയില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിനു പുത്തനുണര്‍വു നല്‍കുമെന്നു ഡയറക്ടര്‍ ഡോ. സുഗതന്‍ അറിയിച്ചു. തട്ടേക്കാട് പ്രകൃതി ദത്തമായ സൌകര്യങ്ങളോടെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. തൊട്ടടുത്ത ഭൂതത്താന്‍കെട്ട് ടൂറിസം വികസനത്തില്‍ പെടുത്തി തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി പ്രദേശങ്ങളെയും വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കേണ്ടതുണ്ട്. വനവും വന വിസ്മയവും കൊണ്ട് സമ്പുഷ്ടമായ തട്ടേക്കാടിനെ അര്‍ഹമായ രീതിയില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
manoramaonline Eranamkulam news

പക്ഷിസ്നേഹികളെ കാത്ത് തട്ടേക്കാട്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക