.

.

Sunday, August 21, 2011

പ്ലാസ്റ്റിക്കിനെതിരേ "ആര്യംപാടം മോഡല്‍'

തൃശൂര്‍: പ്ലാസ്റ്റിക് വിപത്തിനെതിരേ പോരാടാന്‍ മുന്‍ നിരയില്‍ വിദ്യാര്‍ഥികളും. പ്ലാസ്റ്റിക് സഞ്ചികള്‍ക്കു ബദലായി തുണി സഞ്ചികള്‍ നിര്‍മിച്ചാണു ആര്യംപാടം സര്‍വോദയം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നത്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നിലവിലുള്ള മുണ്ടത്തിക്കോട് പഞ്ചായത്തിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ഥികള്‍ നിര്‍മിച്ച തുണി സഞ്ചികളാണു വിതരണം ചെയ്തത്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് നടപ്പാക്കുന്നുവെന്നറിഞ്ഞപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരികയായിരുന്നെന്നു മാനെജര്‍ എം. ശശികുമാര്‍. തുണി സഞ്ചികള്‍ക്കാവശ്യമായ കോട്ടണ്‍ തുണി പഞ്ചായത്താണു നല്‍കിയത്.

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷത്തിലെയും രണ്ടാം വര്‍ഷത്തിലെയും 100 വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണു തുണി സഞ്ചി നിര്‍മിച്ചത്. നാഷണല്‍ സര്‍വീസ് സ്കീമില്‍ ഉള്‍പ്പെടുത്തി രണ്ടാഴ്ച കൊണ്ട് 22,000 തുണി സഞ്ചികളാണു വിദ്യാര്‍ഥികള്‍ തയ്ച്ചെടുത്തത്. സൗജന്യമായാണ് ആദ്യഘട്ടത്തില്‍ സഞ്ചികള്‍ നല്‍കിയത്. അടുത്ത ഘട്ടത്തില്‍ തുണി സഞ്ചികള്‍ക്ക് ഒരു രൂപ ഈടാക്കുമെന്നും ഇതു വിദ്യാര്‍ഥികള്‍ക്കു നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അജിത്കുമാര്‍.

ഗ്രാമപഞ്ചായത്ത് നല്‍കിയ തുണികള്‍ വിദ്യാര്‍ഥികള്‍ തന്നെയാണു മുറിച്ചെടുത്തതും സ്വന്തമായി തയ്ച്ചതും. സ്ക്രീന്‍ പ്രിന്‍റ് ചെയ്തതും വിദ്യാര്‍ഥികളാണ്. എന്‍എസ്എസ് കോ - ഓര്‍ഡിനേറ്റര്‍ ടോണി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരു ദിവസം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയിരുന്നു. തുണികള്‍ മുറിച്ചെടുക്കുകയായിരുന്നു ആദ്യപടി. ഒഴിവു സമയങ്ങളും അവധി ദിനങ്ങളും ഉപയോഗപ്പെടുത്തിയാണു ലക്ഷ്യത്തിലെത്തിയത്. സ്ക്രീന്‍ പ്രിന്‍റിങ് ടെക്നോളജി പഠിപ്പിക്കുന്ന വടക്കാഞ്ചേരി സ്കൂളില്‍നിന്ന് അധ്യാപകരെ വരുത്തിയാണു സാങ്കേതിക കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുത്തത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നു. പഠനത്തോടൊപ്പം തൊഴിലും എന്ന മഹത്തായ ആശയത്തിന്‍റെ പടിക്കലാണു തങ്ങളെത്തി നില്‍ക്കുന്നതെന്നു പ്രിന്‍സിപ്പല്‍ സി.എ. മത്തായി. പ്ലാസ്റ്റിക് വിപത്ത് തുടച്ചു നീക്കുകയെന്ന മഹായജ്ഞത്തില്‍ പങ്കാളികളാവുന്നതിനു വിദ്യാര്‍ഥികളെല്ലാവരും ആവേശത്തോടെയാണെത്തിയതെന്നും പ്രിന്‍സിപ്പല്‍.

പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണവും ഇതിലൂടെ ലക്ഷ്യമിടുന്നു. സ്കൂളിനടത്തുള്ള കച്ചവട സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടാണു തുണി സഞ്ചികളെത്തിച്ചത്. ഓഗസ്റ്റ് ഒമ്പതു മുതലാണു മുണ്ടത്തിക്കോട് പഞ്ചായത്തില്‍ 40 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചത്.

Metrovaartha thrissur news21.8.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക