.

.

Wednesday, August 17, 2011

ഭാരതപ്പുഴയും ജീവിക്കാന്‍ പഠിക്കുന്നു

ഷൊര്‍ണൂര്‍: പടിഞ്ഞാറോട്ട് ഒഴുകേണ്ട പുഴയില്‍ പ്രവാഹങ്ങള്‍ക്ക് ദിശ മാറുന്നു. ഭാരതപ്പുഴയില്‍ കാണുന്നത് നിലനില്‍പ്പിന് വേണ്ടിയുള്ള ഗതിമാറ്റം. തീരത്തോട് ചേര്‍ന്ന് നീര്‍ച്ചാലാകുന്നത് ഒഴിവാക്കാന്‍ അതിജീവനത്തിന്റെ വഴിയിലാണ് നിളയും. ഷൊര്‍ണൂരില്‍ കൊച്ചി പാലത്തിനടുത്തെത്തുമ്പോള്‍ കാണാം പുഴയുടെ കിഴക്കോട്ടുള്ള ഒഴുക്ക്. കുറച്ചപ്പുറത്ത് മധ്യത്തിലായി കുറുകെയാണ് പുഴയിലെ പ്രവാഹം.

നീരൊഴുക്ക് മുറിഞ്ഞ് കണ്ണീര്‍ക്കാഴ്ച്ചയായി മാറിയിരുന്ന നിളയില്‍ മലമ്പുഴ അണക്കെട്ട് തുറന്ന് വിട്ടതോടെ എത്തിയ വെള്ളമാണ് പലദിശകളിലേക്കൊഴുകി പുഴയെ സംരക്ഷിക്കുന്നത്. തീരങ്ങളോട് ചേര്‍ന്ന് കൈത്തോട് പോലെ കുറേ ദൂരമാൈഴുകി ദിശമാറുകയാണ് പുഴ. നൂലിഴ പോലുമല്ലാത്ത പുഴയായിരുന്നു പോയ മാസത്തെ കാഴ്ച്ച. പക്ഷേ മലമ്പുഴ വെള്ളം നിളയെ വരള്‍ച്ചയില്‍ നിന്ന് കരകയറ്റി. സമുദ്ര നിരപ്പില്‍ നിന്ന് 1964 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് പുഴയുടെ തുടക്കം. പിന്നെ 250 കിലോമീറ്റര്‍ സഞ്ചരിച്ച് അറബിക്കടലിലെത്തുന്നു.

ഭാരതപ്പുഴയുടെ ജലച്ചായ്വ് തൂക്കേറിയതാണ്. ചെരിച്ച് വച്ച ഒരു കുഴലിലൂടെ വെള്ളമൊഴുകുന്ന സ്ഥിതി. ഇതിനിടെ പുഴയില്‍ നിന്നുള്ള ക്രമരഹിതമായ മണല്‍ വാരല്‍ തൂക്കേറിയ ജലച്ചായ്വിനെ കൂടുതല്‍ തൂക്കേറ്റുകയാണ്. പറളി മുതല്‍ പൊന്നാനി വരെ മണലെടുക്കുന്നത് പുഴയുടെ ചെരിവ് വര്‍ധിപ്പിച്ചാണ്. വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്ന സ്ഥിതിയാണ് ഇത് മൂലമുണ്ടാകുന്നത്. അരിപ്പ പോലെ പുഴയിലെ ജലവിതാനം പിടിച്ച് നിര്‍ത്തുന്ന മണല്‍പ്പാളികളാണ് നഷ്ടപ്പെട്ടത്. ഇതോടെ വേനലില്‍ അതിജീവനത്തിന് പുഴ പുതിയ ദിശകള്‍ തേടുകയാണ്. ഇനി കാലവര്‍ഷം വരണം പുഴയുടെ പ്രവാഹം വീണ്ടെടുക്കാന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക