.

.

Monday, August 29, 2011

'ഹംസ നദി' നദിയല്ലെന്ന് വിദഗ്ധര്‍

ബ്രസീലിയ: മലയാളിയായ പ്രൊഫ. വലിയമണ്ണത്തല്‍ ഹംസയുടെ പേരില്‍ ബ്രസീലില്‍ കണ്ടെത്തിയ ഭൂഗര്‍ഭനദി യഥാര്‍ഥത്തില്‍ നദിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആമസോണിനു സമാന്തരമായി പാറകളിലെ സുഷിരങ്ങളിലൂടെ പുറത്തുവരുന്ന നീരുറവകളില്‍ ലവണാംശം വളരെ കൂടുതലാണെന്നും അവ ഒഴുകുന്നേയില്ലെന്നും ഇതുസംബന്ധിച്ച ഗവേഷണങ്ങളില്‍ സഹകരിച്ച വിദഗ്ധരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. സാധാരണഗതിയില്‍ നമ്മള്‍ കരുതുന്നതുപോലൊരു നദിയല്ല ഇതെന്നും വിശാലാടിസ്ഥാനത്തില്‍ നദി എന്ന് പറഞ്ഞുവെന്നേയുള്ളൂവെന്നും പ്രൊഫ. ഹംസയും പറയുന്നു.

ബ്രസീലിയന്‍ എണ്ണക്കമ്പനിയായ പെട്രോബ്രാസ് ആമസോണ്‍മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച എണ്ണക്കിണറുകളില്‍ റയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ ഹംസയുടെ ബഹുമാനാര്‍ഥം 'റിയോ ഹംസ നദി' എന്ന് ഇതിനു പേരിടുകയും ചെയ്തു.

ആമസോണ്‍ നദിക്ക് നാലുകീലോമീറ്റര്‍ അടിയിലായി പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദിക്ക് 6000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ടെന്നും സെക്കന്‍ഡില്‍ 3000 ക്യുബിക് മീറ്റര്‍ വെള്ളം ഇതിലൂടെ ഒഴുകുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നദി ഒഴുകുന്നുണ്ടെന്നു പറയാനാവില്ലെന്നാണ് പെട്രോബാസിലെ ഭൗമശാസ്ത്രജ്ഞന്‍ യോര്‍ഗെ ഫിഗെറിഡോ പറയുന്നത്. ജലപ്രവാഹത്തിന്റെ വേഗം ഒരു വര്‍ഷത്തില്‍ ഏതാനും സെന്റിമീറ്റര്‍ മാത്രമാണെന്നും അതിനു തന്നെ തുടര്‍ച്ചയില്ലെന്നും അദ്ദേഹം പറയുന്നു. നാലു കിലോമീറ്റര്‍ ആഴത്തില്‍ ശുദ്ധജലമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

നദിയെന്നു പറയുന്നുണ്ടെങ്കിലും ഇതിനെ ഒരു സാധാരണ നദിയായി കാണരുതെന്ന് പ്രൊഫ. ഹംസ പറഞ്ഞു. ആമസോണില്‍ മൂന്നു തരം ജലപ്രവാഹങ്ങളുണ്ട്. ഒന്ന് നമുക്ക് കാണാവുന്ന നദീജലപ്രവാഹം. പിന്നെ അതിനു സമാന്തരമായി മുകളിലുള്ള നീരാവിയുടെ നീക്കം. മൂന്നാമത്തേതാണ് ഭൂഗര്‍ഭജലപ്രവാഹം. ആമസോണിന് സമാന്തരമായുള്ള പാറകള്‍ സുഷിരങ്ങള്‍ നിറഞ്ഞതാണെന്നും അതിലൂടെ ജലപ്രവാഹം സാധ്യമാണെന്നാണ് കരുതുന്നതെന്നും എന്നാല്‍ അതിനെ സാമ്പ്രദായികാര്‍ഥത്തില്‍ നദിയെന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Posted on: 29 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

ബ്രസീലില്‍ 'റിയോ ഹംസ' ഒഴുകുന്നു; മലയാളി ശാസ്ത്രജ്ഞന്റെ പേരില്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക