.

.

Saturday, August 27, 2011

യുദ്ധത്തിനും കലാപത്തിനും കാലാവസ്ഥാവ്യതിയാനം കാരണമാവുന്നതായി പഠനം

ലോകത്തിലെ പ്രധാനപ്പെട്ട കലാപങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനവും കാരണമാവുന്നെന്ന് ഗവേഷകര്‍. മൂന്നു മുതല്‍ ഏഴുവരെ വര്‍ഷത്തെ ഇടവേളയിലുണ്ടാകുന്ന എല്‍ നിനോ എന്ന പ്രതിഭാസമാണ് ഇതിന് പ്രധാന കാരണം എന്ന് യു. എസ്സിലെ കൊളംബിയ, പ്രിന്‍സ്ടണ്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശാന്തസമുദ്രത്തിലുണ്ടാകുന്ന ഈ പ്രതിഭാസം ഉഷ്ണം കൂടാനും അന്തരീക്ഷം വരണ്ടുണങ്ങാനും കാരണമാകുന്നു.

90 ഉഷ്ണമേഖലാ രാജ്യങ്ങളില്‍ 1950-2004 കാലത്ത് നടന്ന കുഴപ്പങ്ങള്‍ പരിശോധിച്ചാണ് കാലാവസ്ഥാ വ്യതിയാനവും കലാപങ്ങളും തമ്മിലുള്ള ബന്ധം ഗവേഷകര്‍ വിലയിരുത്തിയത്. എല്‍ നിനോയുടെ സമയത്ത് ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമായതായി കണ്ടെത്തി. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഓരോ അഞ്ച് കലാപങ്ങളില്‍ ഒന്ന് വീതം ഉണ്ടാകുന്നത് ചൂടുകൂടിയതും വരണ്ടതുമായ കാലാവസ്ഥയിലാണെന്നാണ് കണ്ടെത്തല്‍. 'നേച്ചര്‍' മാസികയുടെ പുതിയ ലക്കമാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

കാലാവസ്ഥ മാറുമ്പോള്‍ കാര്‍ഷികോത്പാദനം കുറയുന്നു. വിഭവങ്ങളുടെ അസന്തുലിത വിതരണം ആഭ്യന്തര കലാപത്തിനിടയാക്കുന്നു. ചൂടുകൂടുമ്പോള്‍ ആളുകള്‍ കൂടുതല്‍ അക്രമാസക്തരാകുന്നു. ഇത് കുറ്റകൃത്യങ്ങള്‍ കൂട്ടുന്നു-ഗവേഷക സംഘത്തിലെ അംഗമായ സോളമന്‍ സിയാങ് ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഡൊനീഷ്യ, സുഡാന്‍, ഹെയ്തി, ഒമാന്‍ തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ നടന്നത് എല്‍നിനോയുണ്ടായ വര്‍ഷങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സ്റ്റന്‍-കൊളംബിയ സംഘങ്ങളുടെ പഠനം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് സെക്യൂരിറ്റി ഡയറക്ടര്‍ ജേക്കബ് റൈനറും വിലയിരുത്തുന്നു.


Posted on: 27 Aug 2011
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക