.

.

Monday, August 22, 2011

പഴവിപണിയില്‍ വിദേശി ആധിപത്യം

കണ്ണൂര്‍: റംസാന്‍കാലമായതോടെ വിപണിയില്‍ വിദേശിപ്പഴങ്ങളുടെ ആധിപത്യം. സപ്പോട്ടയെപ്പോലെ മൊഞ്ചുള്ള ന്യൂസീലന്‍ഡുകാരനാണ് വിപണിയിലെ മുഖ്യതാരം. പേര് കിവി. ഈ പേര് എങ്ങനെ വീണുവെന്ന് കച്ചവടക്കാര്‍ക്കറിയില്ല. കിവി പക്ഷിയുമായി എന്തെങ്കിലും ബന്ധമുണ്ടാകുമെന്നാണ് ഇത് വാങ്ങാനെത്തിയ ഒരാളുടെ അഭിപ്രായം. കൂടെയുള്ളയാള്‍ കുറച്ചുകൂടി ആധികാരികമായി പറഞ്ഞു; കിവി പക്ഷിയുടെ മുട്ടയുടെ ആകൃതിയാണത്രെ ഇതിന്. എങ്കിലും ഈ ന്യൂസീലന്‍ഡുകാരന്‍ രുചിയില്‍ മുമ്പനാണ്. കിലോഗ്രാമിന് 300 രൂപയാണ് കിവിയുടെ വില. മലേഷ്യയില്‍നിന്നുവന്ന 'ലിച്ച്' സുന്ദരന്‍ മാത്രമല്ല, ജനപ്രിയന്‍ കൂടിയാണ്. ഇതിന് ലോഗന്‍ എന്നൊരു വിളിപ്പേരു കൂടിയുണ്ട്. കിലോയ്ക്ക് 200 രൂപയാണ് ലിച്ചിന്റെ വില. പഴക്കടകളെ അലങ്കരിച്ചുനിര്‍ത്തുന്നത് മുന്തിരികളാണ്. മനോഹരമായ പായ്ക്കുകളില്‍ കാര്‍വര്‍ണത്തോടെ തൂങ്ങിയാടുന്ന മുന്തിരിക്കുലകള്‍. പക്ഷേ, മുന്തിരിയെന്നൊന്നും ഇതിനെ ഇപ്പോള്‍ ആരും വിളിക്കാറില്ല. യു.എസ്.ഗ്രേപ്പ് എന്നാണു പേര്. പഴത്തിനുള്ളില്‍ കുരുപോലും കാണില്ല. ഈ സുന്ദരി മുന്തിരിക്ക് വില 350 രൂപ. സൗത്ത് ആഫ്രിക്കയില്‍നിന്നെത്തിയതാണ് 'പിയര്‍' എന്ന പഴം. വിപണിയില്‍ നല്ല ആവശ്യക്കാരാണ്. വില 250 രൂപ. നോമ്പു നോല്‍ക്കുന്നവര്‍ക്ക് ഉറുമാമ്പഴത്തോടാണ് പ്രിയമെന്ന് കണ്ണൂര്‍മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരന്‍ സമീര്‍ പറഞ്ഞു. 90 മുതല്‍ 120 രൂപവരെയാണ് ഉറുമാമ്പഴത്തിന്റെ വില.

പുളിയെന്നു കേള്‍ക്കുന്നവര്‍ക്ക് പോലും നാവില്‍ വെള്ളം നിറയും. രുചിക്കുമുമ്പേ പുളിരസത്തിന്റെ അനുഭവമറിയും. പുളിക്ക് മധുരമായാലോ! മുറ്റത്തെ പുളിമരത്തില്‍ തൂങ്ങിയാടുന്ന പുളി കണ്ടാലും തൊടിയില്‍ വീണുകിടക്കുന്ന കൊച്ചുപുളി കണ്ടാലും ക്രമേണ പുളിരസത്തിന്റെ നനവ് നാവില്‍നിന്നകന്നുപോകും. പഴക്കടയില്‍ കയറി പുളി ചോദിച്ചാല്‍ ഇപ്പോള്‍ നല്ല തായ്‌ലന്‍ഡുകാരനെ നല്‍കും. മനോഹരമായ കവറില്‍ നല്ല വാളന്‍പുളി. പക്ഷേ, രുചി മധുരമാണെന്നുമാത്രം. ഈ മധുരപ്പുളിയന്റെ വില 70 രൂപയാണ്. ആപ്പിളുകള്‍ ഇപ്പോള്‍ നിര്‍മാണമേഖലയിലെ തൊഴിലാളികളെപ്പോലെയാണ്. നാട്ടിലെപണിക്കാരെ തരിമ്പിനുപോലും കാണാനുണ്ടാവില്ല. ഒറീസ, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ളവരാണ് ഇപ്പോള്‍ നിര്‍മാണമേഖലയിലെ തൊഴിലാളികള്‍. അതുപോലെ ഹിമാലയന്‍ ആപ്പിള്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ആപ്പിള്‍ കടയില്‍ കാണാനേയില്ല. ഉണ്ടെങ്കില്‍ത്തന്നെ ഒരു മൂലയില്‍ കാര്യമായ പരിഗണന കിട്ടാതെ ഒതുങ്ങിക്കിടക്കുന്നുണ്ടാകും. വാഷിങ്ടണ്‍ ആപ്പിള്‍, ചൈനയില്‍നിന്നെത്തുന്ന ഫ്യുചി ആപ്പിള്‍, ന്യൂസീലന്‍ഡ് ആപ്പിള്‍ എന്നിങ്ങനെ നീളുന്നു പരദേശി ആപ്പിളിന്റെ പട്ടിക. 120 രൂപമുതല്‍ 150 രൂപവരെയാണ് വില. മലയാളികള്‍ കണ്ടുപരിചയിച്ച ഓറഞ്ച് ഇപ്പോള്‍ കണികാണാന്‍ പോലുമില്ലാതായി. പക്ഷേ, നല്ല സ്റ്റിക്കര്‍ പതിച്ച് സുന്ദരന്മാരായ ഓറഞ്ചിന്റെ നീണ്ടനിര കടകളിലുണ്ട്. സിട്രസ് എന്ന വിളിപ്പേരുമായി ഓസ്‌ട്രേലിയന്‍ ഓറഞ്ച്, യു.എസ്.ഓറഞ്ച്, പുണെ ഓറഞ്ച് എന്നിങ്ങനെയാണവ. ഓസ്‌ട്രേലിയന്‍ ഓറഞ്ചുതന്നെ രണ്ടുതരമുണ്ട്. 70 മുതല്‍ 90 രൂപവരെയാണ് വില. വൈവിധ്യങ്ങളില്‍ മുമ്പന്‍ ഷമാമാണ്. 18 തരം ഷമാമുകളാണ് വിപണിയിലുള്ളത്. യെല്ലോ ഷമാം, വൈറ്റ് ഷമാം എന്നിവയാണ് വിപണിയില്‍ പ്രിയപ്പെട്ടത്. ഈ വിദേശികളുടെ വരവ് ബാംഗ്ലൂര്‍ വഴിയാണ്. റംസാന്‍ അടുത്തതോടെ എല്ലാദിവസവും കണ്ണൂരില്‍ പഴങ്ങളെത്തുന്നുണ്ട്. ചില്ലറവില്പന പോലെതന്നെ മൊത്തക്കച്ചവടവും കണ്ണൂരില്‍ സജീവമായിട്ടുണ്ട്.



Posted on: 22 Aug 2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക