.

.

Sunday, August 7, 2011

ജൈവവൈവിധ്യത്തിന്റെ കലവറയായി അടുക്കത്ത് മോലോത്തുംകാവ്

കാസര്‍കോട്‌,കുണ്ടംകുഴി: ജൈവവൈവിധ്യത്തിന്റെ കലവറയായ കാവുകള്‍ നശിക്കുമ്പോഴും നാടിന് മാതൃകയായി നിലകൊള്ളുകയാണ് അടുക്കത്ത് മോലോത്തുംകാവ്. ആരാധനാലയങ്ങള്‍ കോണ്‍ക്രീറ്റ് വനങ്ങളായി മാറുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അതില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ക്ഷേത്രമാണ് കുണ്ടംകുഴി അടുക്കത്ത് ഭഗവതിക്ഷേത്രം.

11.80 ഏക്കര്‍ വിസ്തീര്‍ണമാണ് അടുക്കത്ത് കാവിനുള്ളത്. അടുക്കത്ത് ഭഗവതിക്ഷേത്രത്തിന്റെ ചുറ്റും പ്രകൃതിദത്തമായ നിബിഡ വനമാണ്. സമീപത്തായി ആമക്കുളവുമുണ്ട്.

അത്യപൂര്‍വ ഔഷധച്ചെടികളും വള്ളിപ്പടര്‍പ്പുകളും വന്‍ മരങ്ങളും നിറഞ്ഞതാണ് മോലോത്തുംകാവ്. മുന്നൂറിലേറെ ഔഷധസസ്യങ്ങളാണ് ഇവിടെയുള്ളത്. സര്‍പ്പഗന്ധി, കുറുന്തോട്ടി, ശവംനാറിച്ചെടി, ഏകനായകം, കുറിഞ്ഞി, മധുരക്കുറിഞ്ഞി, കൂവളം, ഓരില, തഴുതാമ, കാട്ടുചെക്കി, ഓരിലത്താമര, ഈന്ത്, മരമഞ്ഞള്‍, വാതംകൊല്ലി, കൃഷ്ണതുളസി, ആടലോടകം തുടങ്ങി നിരവധി ചെടികളാണ് കാവിലുള്ളത്.

ഓരിലത്താമര ഉപയോഗിച്ച് ലോഹ ദണ്ഡുകള്‍പോലും വളയ്ക്കുവാന്‍ കഴിയുമെന്ന് അടുക്കത്ത് ക്ഷേത്ര മേല്‍ശാന്തി ദാമോദര ഭട്ട് പറയുന്നു.

കാവില്‍ അപൂര്‍വയിനം പക്ഷികളും ഇഴജന്തുക്കളും ആമകളും ഉണ്ട്. ചര്‍മരോഗവുമായി ബന്ധപ്പെട്ട് നിരവധി ഭക്തര്‍ അടുക്കത്ത് ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വരുന്നുണ്ട്.

120-ല്‍ ഏറെ പ്രായമുള്ള ആമകള്‍ കാവിലുണ്ടെന്ന് ക്ഷേത്രക്കമ്മിറ്റി അംഗം ശങ്കരനാരായണ ഭട്ട് പറയുന്നു.

കാവിന്റെ ചാറ്റുമായി വ്യാപിച്ചുകിടക്കുന്ന മഴവെള്ളം കാവിനെ നിരവധി ജീവികളുടെ ആവാസകേന്ദ്രമാക്കുന്നു. നൂറുകണക്കിന് ആമകള്‍ നിവസിക്കുന്ന മോലോത്തുംകാവില്‍ ആമകളെ കാണുന്നതിനായി മാത്രം നിരവധിയാളുകള്‍ എത്തിച്ചേരുന്നുണ്ട്.

ക്ഷേത്രത്തിന് ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന കാവിന്റെ സംരക്ഷണവും പ്രാധാന്യവും കണക്കിലെടുത്താണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പത്തുലക്ഷം രൂപ കാവിന് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനകം 20,000 രൂപ ലഭിച്ചു. ബാക്കിയുള്ള തുക ഉപയോഗിച്ച് കാവ് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് കമ്മിറ്റി കരുതുന്നത്.


07 Aug 2011 Mathrubhumi Kasargaod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക