.

.

Wednesday, August 3, 2011

കേരള പരിസ്ഥിതി ഉച്ചകോടിക്ക് തുടക്കമായി

പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ നയസമീപനവും പരിപാടികളും നിര്‍ദ്ദേശിക്കുക എന്ന ലക്‌ഷ്യം വെച്ചുകൊണ്ട് പ്രഥമ കേരള പരിസ്ഥിതി ഉച്ചകോടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. രാവിലെ ഒന്‍പതിനു പാളയത്തെ സര്‍വകലാശാലാ ആസ്ഥാനത്തുനിന്നു സമ്മേളനസ്ഥലമായ തൈക്കാട് ഗാന്ധിഭവനിലെ സൈലന്‍റ് വാലി നഗറിലേക്കു നടന്ന ഹരിത റാലിയോടെ ആണ് ഉച്ചകോടി തുടങ്ങിയത്. വെള്ളിയാഴ്ച സമാപിക്കും.

വെള്ളിയാഴ്ച വരെ തുടരുന്ന ഉച്ചകോടി സംസ്ഥാനത്ത് വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഏകോപനമുണ്ടാക്കാന്‍ ലക്‌ഷ്യമിടുന്നു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കേണ്ട ഘട്ടമായെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഏകോപനമുണ്ടാക്കുകയെന്ന ലക്‌ഷ്യമിടുന്ന ഉച്ചകോടി 14 ജില്ലകളിലും ഏകോപന സമിതികള്‍ ഉണ്ടാക്കുക, സംസ്ഥാന തലത്തില്‍ അപെക്സ് ബോഡി ഉണ്ടാക്കുക എന്നിങ്ങനെ സംഘടനാതലത്തിലുള്ള ഏകീകരണം ലക്‌ഷ്യമിടുന്നു. സംസ്ഥാനത്തിന്‍റെ പരിസ്ഥിതി പ്രശ്നങ്ങള്‍ കണ്ടെത്തി അവയ്ക്കു പരിഹാരമെന്ന നിലയില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാനും സ്കൂള്‍ കേന്ദ്രിതമായി പരിസ്ഥിതി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനുമുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും. കേരള സര്‍വകലാശാലയുടെ ഗാന്ധിയന്‍ പഠനകേന്ദ്രം, ഗ്രീന്‍ കമ്മ്യൂണിറ്റി പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ജൈവവൈവിധ്യ ബോര്‍ഡ്, വിവിധ സംഘടനകള്‍ എന്നിവ ചേര്‍ന്നാണു ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തു മലിനമായിക്കൊണ്ടിരിക്കുന്ന ജലം, വായു, മണ്ണ്, വിഷമയമാവുന്ന ഭക്ഷണം, വേനല്‍ച്ചൂടിന്റെ ഏറുന്ന കാഠിന്യം, പകര്‍ച്ചവ്യാധികളുടെയും പുതിയ രോഗങ്ങളുടെയും കടന്നുകയറ്റം, അനുദിനം ശോഷിച്ചുവരുന്ന പ്രകൃതിസമ്പത്ത് തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രധാന വിഷയങ്ങള്‍. പതിനാലു ജില്ലാതല റിപ്പോര്‍ട്ടുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ 60 പ്രബന്ധങ്ങള്‍, ശാസ്ത്രജ്ഞരുടെയും വിദ്യാര്‍ഥികളുടെയും അവതരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എണ്‍പതോളം വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

തിരുവനന്തപുരം, കാസര്‍കോട് ജില്ലകളുടെ പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍, പരിസ്ഥിതി ആഘാതം കുട്ടനാട്ടില്‍, അഗസ്ത്യകൂടവും കാണിക്കാരും, കാവുകളുടെ പരിസ്ഥിതി പ്രാധാന്യം, പ്ലാച്ചിമടയും കോര്‍പറേറ്റ് ചൂഷണവും, ഖരമാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍, പരുക്കേറ്റ പരിസ്ഥിതിയും ശുചിത്വ കേരളവും എന്നിവയാണ് ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍.മലയാള മനോരമ ഫൊട്ടോഗ്രഫര്‍മാരുടെ പരിസ്ഥിതി ചിത്രങ്ങളുടെ പ്രദര്‍ശനമായ 'ഹരിതം-2011 ഉച്ചകോടിക്ക് അനുബന്ധമായി നടക്കും. പരിസ്ഥിതി കലോല്‍സവം, ഗ്രീന്‍ ഫിലിം ഫെസ്റ്റിവല്‍, ഹരിത വിദ്യാര്‍ഥി സംഗമം, ഹരിത സാഹിത്യ സംഗമം, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ഉണ്ട്.

ആഗസ്റ്റ് 3, 2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക