.

.

Thursday, August 25, 2011

മുളയരി ശേഖരണം റെക്കോഡ് ഭേദിച്ചു

സുല്‍ത്താന്‍ബത്തേരി: വയനാടന്‍ കാടുകളില്‍ മുളങ്കാടുകള്‍ വ്യാപകമായി പുഷ്പിച്ച ഈ വര്‍ഷം സൊസൈറ്റികളും വ്യക്തികളും പതിനായിരക്കണക്കിന് കിലോ മുളനെല്ല് കാട്ടില്‍നിന്നും ശേഖരിച്ചു. ഇതിന് മുമ്പൊരിക്കലും ഈ രീതിയില്‍ മുളയരി സംഭരിച്ചിട്ടില്ല.

കല്ലൂരിലെ പട്ടികവര്‍ഗ സഹകരണസംഘം ആദിവാസികള്‍ വഴി 13 ടണ്‍ മുളനെല്ലാണ് സംഭരിച്ചത്. വ്യക്തികളില്‍നിന്നും രണ്ടു ടണ്‍ അരിയും വാങ്ങി സൊസൈറ്റി വഴി വിറ്റു. ഇതിനെക്കാള്‍ ഏറെ മുളനെല്ല് മറ്റു വ്യക്തികളും ആദിവാസികളും കാട്ടില്‍നിന്നും ശേഖരിച്ച് വില്പന നടത്തിയിട്ടുണ്ട്.

കല്ലൂര്‍സംഘം ആദിവാസികളില്‍നിന്നും ഒരു കിലോ 40 രൂപ പ്രകാരം വാങ്ങി ഉണക്കി കുത്തിച്ചാണ് വില്പന നടത്തുന്നത്. 13 ടണ്‍ നെല്ലില്‍നിന്നും സൊസൈറ്റി ഏഴു ടണ്‍ അരിയാക്കി വിറ്റു. നെല്ലായും വിറ്റിട്ടുണ്ട്. മുളയരി മഴക്കാലത്ത് ഉപയോഗിക്കാനാണ് ഏറ്റവും നല്ലത്.

ആദിവാസികളും മറ്റും കാട്ടില്‍നിന്നും ശേഖരിച്ച് വെച്ച മുളനെല്ല് വയനാട്ടില്‍ വന്ന് ചില ഏജന്‍സികള്‍ വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍നിന്നും വരുന്നവര്‍ ടണ്‍കണക്കിന് മുള നെല്ലും അരിയും വാങ്ങിക്കൊണ്ടുപോകുന്നു.

കല്ലൂര്‍ സൊസൈറ്റിയുടെ കല്ലൂരിലെ സംഘം സ്റ്റോറില്‍നിന്നും മുത്തങ്ങയിലെയും ബത്തേരി കോട്ടക്കുന്നിലെയും വില്പന കേന്ദ്രങ്ങള്‍ വഴി ആവശ്യക്കാര്‍ക്ക് മുളയരി നല്‍കുന്നുണ്ട്. കിലോക്ക് നൂറു രൂപയാണെന്ന് കല്ലൂര്‍ പട്ടികവര്‍ഗ സഹകരണസംഘം സെക്രട്ടറി പി.എം. ജോര്‍ജ് പറഞ്ഞു. ഇത്തവണ മുളനെല്ല് സംഭരണത്തിലൂടെ ആദിവാസികള്‍ക്കിടയില്‍ ലക്ഷക്കണക്കിന് രൂപയെത്തി. സംഭരിച്ച നെല്ലില്‍ പ്രാണിശല്യം ഉണ്ടാകാതിരിക്കാന്‍ പുല്‍ത്തൈലത്തിന്റെ പുല്ല് നെല്‍ക്കൂനയില്‍ വിതറിയിടും.

മുപ്പത് മുതല്‍ നാല്പത് വര്‍ഷം കൂടുമ്പോഴാണ് മുളങ്കാടുകള്‍ കൂട്ടമായി പൂക്കുന്നത്. വയനാട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തവണയാണ് ഇത്രയധികം മുള പുഷ്പിച്ചത്. മുളങ്കാടിന് ചുറ്റും പ്ലാസ്റ്റിക്പായ കെട്ടിയും വിരിച്ചും കാവലിരുന്നാണ് കാട്ടില്‍നിന്നും മുളയരി ശേഖരിച്ചത്. കൊഴിഞ്ഞുവീഴുന്ന മുളനെല്ല് പാറ്റിപെറുക്കിയെടുക്കുന്നതില്‍ ആദിവാസികളാണ് മുന്നില്‍. കുറുമരും പണിയരും നായ്ക്കരുമെല്ലാം ഇവ കാട്ടില്‍ കാവലിരുന്ന് സംഭരിക്കാറുണ്ട്. മുള പൂത്തുവരുമ്പോള്‍ അത് തിന്നുന്നതിന് കാട്ടാനകളുമെത്താറുണ്ട്.

25 Aug 2011 Mathrubhumi wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക