.

.

Sunday, August 28, 2011

കിളിയും തവളയും ഇരകള്‍

കാലാവസ്ഥാമാറ്റം കിളികളെ ബാധിച്ചു തുടങ്ങിയോ? ഒരു പഠനവും ഇതിനുത്തരം നല്‍കുന്നില്ല. എന്നാല്‍, വര്‍ഷങ്ങളോളം കിളികള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്ന, അവയുടെ ജീവിതം ശ്രദ്ധിക്കുന്ന, പക്ഷിനിരീക്ഷകര്‍ക്ക് ആശങ്കകളുണ്ട്. നാട്ടിലെ കാവുകളും മരങ്ങളും ചതുപ്പുകളും ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ കുറഞ്ഞതോടെ പലയിനം കിളികളെയും കാണാതായിട്ടുണ്ട്. കാടുകളില്‍ത്തന്നെ കിളികള്‍ പലതും കുറഞ്ഞുതുടങ്ങി. ഈ സാഹചര്യത്തിലാണ് മാറുന്ന കാലാവസ്ഥയുടെ സ്വാധീനം കൂടുതല്‍ ഭീഷണിയാവുന്നത്.

കിളിമുട്ടകള്‍ വിരിയാതെ നശിക്കുന്ന പ്രവണത കൂടിവരുന്നുവെന്നാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം വെളിപ്പെടുത്തുന്നത്.

വയനാട്ടിലെ തൃക്കൈപ്പറ്റ മുതല്‍ മണിക്കുന്ന് മല വരെയുള്ള മൂന്നു കിലോമീറ്റര്‍ പ്രദേശത്ത് വിവിധ കിളികളുടെ പത്ത് കൂടുകള്‍ വീതം നിരീക്ഷിച്ചത് എന്‍.വി.കൃഷ്ണനാണ്. 2007, 2008, 2009, 2010 ന്റെ ആദ്യപകുതി മാസങ്ങള്‍ എന്നീ കാലങ്ങളിലാണ് കിളിക്കൂടുകള്‍ ശ്രദ്ധിച്ചത്.

ഇരട്ടത്തലച്ചി എന്ന റെഡ്‌വിസ്‌കേഡു ബുള്‍ബുള്ളിന്റെ പത്ത് കൂടുകള്‍ നിരീക്ഷിച്ചപ്പോള്‍ 2007-ല്‍ നാല് കൂട്ടിലെ മുട്ടകളെല്ലാം വിരിഞ്ഞതായി കണ്ടു. ഒരു കൂട്ടിലെ മുട്ടകള്‍ വിരിയാതെ നശിച്ചു. അഞ്ചെണ്ണത്തിലെ മുട്ടകള്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. എന്നാല്‍ 2009-ലെ പത്ത് കൂടുകളിലെ മൂന്നു കൂടുകളിലേത് മുഴുവന്‍ വിരിഞ്ഞപ്പോള്‍ രണ്ടു കൂടുകളിലേത് വിരിഞ്ഞില്ല. 2010-ല്‍ വിരിയാത്ത കൂടുകള്‍ മൂന്നെണ്ണമായി. ഇതിനനുസരിച്ച് ഈ കിളികളെ കാണുന്നതും കുറഞ്ഞുതുടങ്ങി. നീലപ്പാറ്റപിടിയന്‍ എന്ന ബ്ലാക്ക് നേപ്ഡ് മൊണാര്‍ക്ക്, മരതകപ്രാവ്, പുള്ളിപ്രാവ് എന്നിവയുടെ മുട്ടകളും ഇതുപോലെ വിരിയാന്‍ 'മടിക്കുന്ന'തായി കാണുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റം മാത്രമാണ് ഇതിന് കാരണമെന്ന് തീര്‍ച്ചയില്ലെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. കിളികളുടെ തീറ്റയില്‍ വന്ന മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ടാവാം.

ദിവസേന കാണുന്ന മേല്‍പ്പറഞ്ഞ പക്ഷികളുടെ എണ്ണം 2007 മുതല്‍ 74, 77, 62, 54 എന്നിങ്ങനെയാണ്. വംശനാശം വന്ന കിളികളുടെ കൂട്ടത്തിലേക്ക് പുതിയ ഇനങ്ങള്‍ ചേര്‍ക്കാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ഈ നിരീക്ഷണങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളോട് കിളികള്‍ പെട്ടെന്ന് പ്രതികരിക്കുന്നു. ലോകത്ത് എല്ലായിടത്തും അതങ്ങനെയാണ്. വടക്കേ അമേരിക്കയിലെ 305 ഇനം കിളികളില്‍ പകുതിയും മഞ്ഞുകാലദേശാടനത്തിന് മുമ്പ് പോയിരുന്നതിനേക്കാള്‍ 35 മൈല്‍ അകലേക്കാണ് ഇപ്പോള്‍ പോകുന്നത്. ഇവയില്‍ ചിലയിനങ്ങള്‍ കൂടുതല്‍ തീറ്റതേടിയും വാസസ്ഥലങ്ങള്‍ തേടിയുമാകാം പോകുന്നത്. എന്നാല്‍, ഇത്രയധികം ഇനം ദേശാടനസ്ഥലം മാറ്റുന്നത് കാലാവസ്ഥാമാറ്റം കൊണ്ടുതന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. 40 കൊല്ലത്തെ പഠനങ്ങള്‍ പറയുന്നത്, അമേരിക്കയിലെ ജനവരിയിലെ ശരാശരി ചൂട് അഞ്ചു ഡിഗ്രി ഫാറന്‍ഹീറ്റ് കൂടിയെന്നാണ്.

നമ്മുടെ വീട്ടുപറമ്പിലേക്ക് നോക്കിയാലും ഈ മാറ്റം കാണാം. കടുത്ത വേനലില്‍ അവിടെ കിളികള്‍ വളരെ കുറവായിരിക്കും. കാറ്റും തണുപ്പും വരുന്നതോടെ പലതും വന്നുചേരുന്നു. കാലാവസ്ഥാമാറ്റം കിളികളുടെ വംശവര്‍ധനയെ സാരമായി ബാധിക്കുമെന്നതിന് വയനാട്ടില്‍ നിന്നുമാത്രമല്ല സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും തെളിവുണ്ട്.

2005-ല്‍ അലാസ്‌കയില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം സാന്‍ഫ്രാന്‍സിസ്‌കോയുടെ പടിഞ്ഞാറന്‍ ദ്വീപിലെ 'ഓക്‌ലെറ്റ്' എന്ന കടല്‍പ്പക്ഷികളെ ബാധിക്കുകയുണ്ടായി. അതിങ്ങനെയാണ്: അലാസ്‌ക ഉള്‍ക്കടലില്‍ ഉണ്ടായ മാറ്റംകാരണം അപ്‌വെല്ലിങ് (കടലിലെ അടിവള്ളെം മുകളിലെത്തുന്ന പ്രതിഭാസം) ഇല്ലാതായി. അപ്പോള്‍, പോഷകസമൃദ്ധവും തണുപ്പുള്ളതുമായ വെള്ളം മുകളിലെത്താതാവുകയും ചെറുസസ്യങ്ങളും ചെറുജീവികളും വളരാതാവുകയും ചെയ്തു. ഇതോടെ കടല്‍പ്പക്ഷികള്‍ പട്ടണിയായി. മുട്ടകള്‍ വിരിയാതായി. വിരിഞ്ഞുവന്ന കുഞ്ഞുങ്ങള്‍ തന്നെ പട്ടിണികിടന്നു ചത്തു. ദ്വീപിലെ നാല്പതിനായിരത്തോളം പക്ഷിക്കുഞ്ഞുങ്ങളാണ് ഇങ്ങനെ ഇല്ലാതായത്. ദ്വീപ് വലിയൊരു മോര്‍ച്ചറി പോലെയായി എന്നാണ് ജൈവശാസ്ത്രജ്ഞര്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. കൂട്ടില്‍ വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാനാവാതെ അസ്വസ്ഥത പ്രകടിപ്പിച്ച അമ്മക്കിളികള്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് അവര്‍ രേഖപ്പെടുത്തുന്നു.

ആഗോളതാപനം കാലക്രമത്തില്‍ കടല്‍പ്പക്ഷികളെ കൂട്ടത്തോടെ വംശനാശം വരുത്തുമെന്ന ഭയം ശാസ്ത്രജ്ഞര്‍ക്കുണ്ട്. 2005-ലെ ദുരന്തം തുടര്‍ച്ചയായി ആവര്‍ത്തിക്കാനുള്ള സാധ്യതയും അവര്‍ പ്രവചിക്കുന്നു.
എല്‍നിനോയുടെ ഭാഗമായി ചൂടേറിയവെള്ളം പസഫിക് തീരത്ത് അനേകം ഓക്‌ലെറ്റ് കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിരുന്നു. 1983-ലും 1998-ലുമാണ് ഇതുണ്ടായത്. എന്നാല്‍ 2005-ലെ സംഭവമാണ് ഏറ്റവും വലിയ ദുരന്തമായത്. ഇത് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ദുരിതത്തിന്റെ ആഴം കൂട്ടി.

കാലാവസ്ഥാമാറ്റത്തിന്റെ ഭാവിഫലങ്ങള്‍ വിവരണാതീതമാണ്. 25 ശതമാനം ഇനം സസ്തനികളും 12 ശതമാനം ഇനം പക്ഷികളും മുപ്പതോ നാല്പതോ കൊല്ലത്തിനുള്ളില്‍ വംശനാശത്തിലാവും. വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയ ആവാസകേന്ദ്രങ്ങള്‍ നശിക്കുന്നതുകൊണ്ടാണിത് സംഭവിക്കുക. ഭൂമിയുടെ ഒട്ടേറെ ഭാഗങ്ങളിലും മനുഷ്യന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എത്തുന്നതുകൊണ്ട് ഈ ജീവികള്‍ക്ക് എവിടേക്കെങ്കിലും ദേശാടനം ചെയ്ത് രക്ഷപ്പെടാനും വഴിയില്ലാതാവും.

തവളകളില്‍ കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന സ്വാധീനം മറ്റൊരു വിധമാണ്. തവളകള്‍ രോഗംവന്നു ചാവുന്നതു കൂടുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതു സംബന്ധിച്ച ഒരു നിരീക്ഷണം ഇങ്ങനെ: ''രോഗം തവളകളെ കൊല്ലുന്ന വെടിയുണ്ടയാണെങ്കില്‍ അതിനുള്ള കാഞ്ചി വലിക്കുന്നത് കാലാവസ്ഥാമാറ്റമാണ്.''

110 ഇനം ഹാര്‍ലിക്വിന്‍ സ്​പീഷിസ് തവളകളില്‍ മൂന്നില്‍ രണ്ടുഭാഗവും നശിച്ചത് ഒരിനം ഫംഗസ് രോഗം കാരണമാണ്. 1980-കളിലും 90 കളിലുമാണ് ഇത് സംഭവിച്ചത്. കനം നന്നേകുറഞ്ഞ തൊലിയുള്ള തവളകളെപ്പോലുള്ള ഉഭയജീവികളെ ചൂട്, ഈര്‍പ്പം, വായു-ജല ഗുണനിലവാരം എന്നിവയിലെ ചെറിയ മാറ്റങ്ങള്‍പോലും സാരമായി ബാധിക്കും. തവളകള്‍ക്ക് ഫംഗസ് രോഗം ബാധിച്ചത് ഇതുകൊണ്ടാണെന്ന് പറയുന്നു. പകല്‍ ചൂട് കുറഞ്ഞിരിക്കുകയും രാത്രി കൂടുകയും ചെയ്യുന്ന കാലാവസ്ഥയില്‍ ഫംഗസ് തവളകളെ രൂക്ഷമായി ബാധിക്കുകയാണുണ്ടായത്. 2050-ഓടെ ഉഭയജീവികളില്‍ മൂന്നിലൊരുഭാഗം അന്യം നില്‍ക്കുമെന്ന് ബ്രിട്ടനിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനത്തില്‍ പറയുന്നു.

കടപ്പാട്: എം.കെ.കൃഷ്ണകുമാര്‍ Mathrubhumi മായുന്ന മാമ്പഴക്കാലം-2

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക