.

.

Saturday, August 27, 2011

നിലമ്പൂര്‍ ടൂറിസം പാക്കെജിനു രൂപരേഖ

നിലമ്പൂര്‍ ടൂറിസം പാക്കെജിനു പുതിയ രൂപരേഖ തയാറാവുന്നു. നിലമ്പൂര്‍ വനമേഖലയെ സംയോജിപ്പിച്ച് ഇക്കോ ടൂറിസത്തിനാണു തുടക്കം കുറിക്കുന്നത്. വനം വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവരുടെ സന്ദര്‍ശനത്തോടെയാണു പുതിയ രൂപ രേഖ തയാറാക്കുന്നത്. നിലമ്പൂരിനെ സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുമെന്നു മന്ത്രിമാര്‍ പറഞ്ഞു.

ജില്ലയില്‍ ഏറ്റവും ടൂറിസം സാധ്യതയുള്ള മേഖലയാണു നിലമ്പൂര്‍. വനം വകുപ്പുമായി ചേര്‍ന്നായിരിക്കും ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കുക. ഊട്ടി, മൈസൂര്‍, ബംഗളൂരു, വയനാട് തുടങ്ങിയ പ്രദേശങ്ങള്‍ കൂട്ടിയോജിപ്പിച്ചു പ്രത്യേക ടൂറിസം പാക്കെജ് നടപ്പിലാക്കും. മലപ്പുറം ജില്ലയെപോലെ തന്നെ വയനാട് ജില്ലയും അതിവേഗം പുരോഗമിക്കുകയാണ്.

ഈ രണ്ടു ജില്ലകളെയും ബന്ധപ്പെടുത്തി ടൂറിസം പാക്കെജ് നിലവില്‍ വന്നാല്‍ ഏറെ പ്രയോജനപ്പെടും. നിലമ്പൂര്‍ ടൂറിസത്തിന്‍റെ ഇന്‍ഫൊര്‍മേഷന്‍ സെന്‍ററായി വുഡ് കോപ്ലക്സിന്‍റെ പഴയ കെട്ടിടം വിട്ടുനല്‍കും. പുതിയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനു ജില്ലാ കലക്റ്റര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി.

നിലമ്പൂര്‍ നഗരസഭയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും പദ്ധതിയുമായി സഹകരിക്കും. നിലമ്പൂര്‍ ടൗണും വിപുലമായ രീതിയില്‍ വികസിപ്പിക്കും. കനോലി പ്ലോട്ടില്‍ ഇ - ടോയ്ലെറ്റ് സംവിധാനം നടപ്പാക്കും. ചന്തക്കുന്നിലെ ബംഗ്ളാവ് ഹെറിറ്റെജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും.

നെടുങ്കയത്തെ ബംഗ്ലാവും പുതുക്കി നിര്‍മിക്കും. വനത്തില്‍ വീണുകിടക്കുന്ന മരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വനത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ഡിഎഫ്ഒയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനത്തിലെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

ഇന്നലെ രാവിലെ 9.30ന് അരുവാക്കോട് കനോലി പ്ലോട്ടില്‍നിന്നുമാണു മന്ത്രിമാര്‍ സന്ദര്‍ശനം ആരംഭിച്ചത്. നിലമ്പൂര്‍ കനോലി തോട്ടം, വുഡ് കോപ്ലക്സ്, ഇന്‍ഫൊര്‍മേഷന്‍ സെന്‍റര്‍, ചന്തക്കുന്നിലെ ഡിഎഫ്ഒ ബംഗ്ളാവ്, നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രം, നിലമ്പൂര്‍ തേക്ക് മ്യൂസിയം എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക