.

.

Thursday, August 4, 2011

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍....

കാറ്റിലെ കസ്തൂരിമണം ഇന്ന് പാട്ടില്‍ മാത്രമേയുള്ളൂ. കാരണം, അത്രയും ദുര്‍ലഭവും അമൂല്യവുമാണ് കസ്തൂരി.

'പൊന്നിന്‍െറ വിലയുള്ളത് എന്ന ഉപമ കസ്തൂരിയുടെ കാര്യത്തില്‍ വിലപ്പോവില്ല.
എന്തെന്നാല്‍, സ്വര്‍ണത്തിന്‍െറ ഇരട്ടിയിലേറെ വിലയുണ്ട് അതിന്. അതായത്, കിലോയ്ക്ക് കാല്‍ കോടിയോളം രൂപ!

ഹിമാലയസാനുക്കളിലും റഷ്യയുടെ കിഴക്കന്‍ ഭാഗങ്ങളിലും കഴിയുന്ന കൊമ്പില്ലാത്ത ചെറുമാനാണ് കസ്തൂരിമൃഗം അഥവാ കസ്തൂരിമാന്‍ (മസ്ക്ഡീര്‍). മനുഷ്യന്‍െറ കണ്‍വെട്ടത്തുപോലും വരാതെ, മലമ്പ്രദേശത്തെ കൊടുങ്കാടുകളില്‍ മാത്രം കഴിയുന്ന ഒരു സാധുമൃഗം. ആണ്‍മാനുകള്‍ ഇണയെ ആകര്‍ഷിക്കുന്നതിനായി പ്രത്യേകതരം സുഗന്ധവസ്തു പുറപ്പെടുവിക്കും. കറുപ്പോ ചുവപ്പു കലര്‍ന്ന ഇളം തവിട്ടോ നിറമുള്ള ഈ ജൈവ വസ്തുവാണ് കസ്തൂരി.

എന്നാല്‍, കസ്തൂരിയുടെ സൌരഭ്യത്തില്‍ പെണ്‍മാനുകളേക്കാള്‍ ആകൃഷ്ടരായത് മനുഷ്യരാണ്. പിന്നീട് പ്രശസ്തമായ പല സുഗന്ധലേപനങ്ങളുടെയും വിശിഷ്ട ഔഷധങ്ങളുടെയും അടിസ്ഥാന ഘടകമായി അത് ഉപയോഗിച്ചു തുടങ്ങി.

5000 വര്‍ഷം മുമ്പു 'മുതല്‍ക്കേ മനുഷ്യന്‍ കസ്തൂരി ഉപയോഗിച്ചിരുന്നു. അക്കാലത്ത്, സ്വര്‍ണവും രത്നങ്ങളും പോലെ കസ്തൂരിയും രാജാക്കന്മാര്‍ തങ്ങളുടെ ഖജനാവില്‍ സൂക്ഷിച്ചു. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുവാന്‍ പലായനം ചെയ്യുന്നതിനിടെയാണ് ഹുമയൂണ്‍ ചക്രവര്‍ത്തിക്കു മകന്‍ പിറന്നത്. ആ സന്തോഷവാര്‍ത്ത അറിയിച്ചവര്‍ക്ക് കൈവശമുണ്ടായിരുന്ന കസ്തൂരി അദ്ദേഹം പങ്കിട്ടുകൊടുത്തു. കസ്തൂരിയുടെ സൌരഭ്യം പോലെ അദ്ദേഹത്തിന്‍െറ പുത്രനായ അക്ബറിന്‍െറ യശസ്സ് പില്‍ക്കാലത്ത് ലോകമെങ്ങും വ്യാപിക്കുകയും ചെയ്തു.

ശ്വാസതടസ്സം അകറ്റാന്‍ കസ്തൂരിക്ക് അസാമാന്യ കഴിവുണ്ട്. മരിക്കാന്‍ കിടക്കുന്നവര്‍ക്ക് കസ്തൂരി ചേര്‍ത്ത വായുഗുളിക അരച്ചുകൊടുക്കുന്നത് നമ്മുടെ നാട്ടിലെ പതിവായിരുന്നു. ആയുര്‍വേദത്തിനു പുറമേ യുനാനി സമ്പ്രദായത്തിലും കസ്തൂരി ഒഴിവാക്കാനാവാത്ത ഔഷധക്കൂട്ടാണ്.

ഒരു കാലത്ത് ഹിമാലയത്തിലെ 2700 മുതല്‍ 4200 മീറ്റര്‍ വരെ ഉയരമുള്ള വനങ്ങളില്‍ കസ്തൂരിമാന്‍ ധാരാളമുണ്ടായിരുന്നു. മനുഷ്യന് ഉപകാരം ചെയ്യുന്ന മറ്റേതൊരു ജീവിയ്ക്കും വന്നുപെടാവുന്ന വിധി പില്‍ക്കാലത്ത് കസ്തൂരിമാനിനെ തേടിയെത്തി. അകാലനാശം! ഹിമാലയമേഖലയില്‍ അപൂര്‍വമായി മാത്രമേ ഇപ്പോള്‍ അവയുള്ളൂ. വന്‍തോതിലുള്ള വനനശീകരണവും വേട്ടയുമാണ് കാരണം.

നിയാസ് കരീം manoramaonline environment life.

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക