.

.

Wednesday, August 10, 2011

'മണ്ണിലെ കാന്‍സര്‍' കേരളത്തിലും

'മണ്ണിലെ കാന്‍സര്‍ എന്നു ഭൌമശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന സോയില്‍ പൈപ്പിങ് കേരളത്തിലും. സംസ്ഥാനത്ത് ഇൌയിടെ കിണര്‍ ഇടിഞ്ഞു താഴുകയും കൃഷിഭൂമിയും റോഡും ഇടിഞ്ഞു പോവുകയും ചെയ്ത സ്ഥലങ്ങളില്‍ തിരുവനന്തപുരം ഭൌമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് സോയില്‍ പൈപ്പിങ് എന്ന ഭീഷണി കേരളത്തിലും എത്തിയതായി കണ്ടെത്തിയത്.

മണ്ണിനടിയിലെ മണ്ണൊലിപ്പാണ് ഇത്. മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീട് തുരങ്കവലിപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ചു നീങ്ങുന്നതുവഴി മേല്‍ മണ്ണ് ഇടിയുന്നതാണ് ഇത്. മണ്ണിനടിയില്‍ വലിയ തുരങ്കങ്ങള്‍ രൂപപ്പെടുന്നതോ അവ ശാഖകളായി വികസിക്കുന്നതോ സംബന്ധിച്ച ഒരു സൂചനയും പുറത്തേക്കു ലഭിക്കില്ല. അപ്രതീക്ഷിതമായിട്ടാവും ദുരന്തം എത്തുക. നിശബ്ദമായി വ്യാപിക്കുന്നതുകൊണ്ടാണ് 'മണ്ണിന്റെ കാന്‍സര്‍ എന്ന് ഇതിനെ വിളിക്കുന്നതെന്നു പഠന സംഘത്തിനു നേതൃത്വം നല്‍കിയ ഭൌമശാസ്ത്രജ്ഞന്‍ ഡോ.ജി. ശങ്കര്‍ പറഞ്ഞു. തിരുവനന്തപരുത്തു നടക്കുന്ന കേരള പരിസ്ഥിതി ഉച്ചകോടിയില്‍ ഇൌ പ്രതിഭാസത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം അവതരിപ്പിച്ചു.

സോയില്‍ പൈപ്പിങ് സംഭവിക്കുന്ന പുരയിടങ്ങള്‍ കൃഷിക്കോ മനുഷ്യവാസത്തിനോ പറ്റാത്ത തരത്തില്‍ ആകെ തകര്‍ന്നടിയുന്നതാണ് ഇതിന്റെ പ്രധാനദോഷം. അണക്കെട്ടുകള്‍, വീടുകള്‍, റോഡുകള്‍ എന്നിവയ്ക്ക് അടിയില്‍ ഇതു നടക്കാമെന്നതാണു വലിയ ആശങ്ക ഉയര്‍ത്തുന്നത്. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപത്തും നേര്യമംഗലം-തട്ടേക്കണ്ണി റോഡിനു സമീപം തട്ടേക്കണ്ണിയിലും ഇത്തരം തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതുമൂലം ഉരുള്‍പൊട്ടലുകളും ഉണ്ടാകാം. റെയില്‍വേ ലൈനിനും ഇതു ഭീഷണിയാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ കഴിഞ്ഞ സെപ്തംബര്‍ 25നു റെയില്‍വേ പാളത്തിലേക്കു മണ്ണിടിഞ്ഞു വീണത് ഇതുമൂലമാണെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
കോട്ടയം, എറണാകുളം, കണ്ണൂര്‍, ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇതുവരെ കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ വലിയ ഭാഗം സ്ഥലങ്ങളും ഇൌ ഭീഷണിയിലാണെന്ന് ഡോ. ശങ്കര്‍ പറഞ്ഞു. ചെറുപുഴയിലെ ചട്ടിവയലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സോയില്‍ പൈപ്പിങ് കണ്ടെത്തിയിരിക്കുന്നത്. ഒരു ജീപ്പിനു പോകാവുന്ന വലിപ്പമുള്ള തുരങ്കങ്ങള്‍ വരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. 200 മീറ്റര്‍ വരെ നീളമുള്ള തുരങ്കങ്ങളും ഉണ്ടായിട്ടുണ്ട്.

manoramaonline environment news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക