.

.

Tuesday, August 16, 2011

മഴക്കാട്ടിലെ മലമുഴക്കം

നീണ്ട് മൂര്‍ച്ചയേറിയ കൊക്ക്, വലിയ ശരീരം, പറക്കുമ്പോള്‍ ആവിയന്ത്രം ചലിക്കുന്ന ശബ്ദം...
സഹ്യപര്‍വത മഴക്കാടുകളിലെ വിസ്മയമാണ് മലമുഴക്കി വേഴാമ്പല്‍. വന്‍വൃക്ഷങ്ങളില്‍
സ്വാഭാവികമായി രൂപംകൊള്ളുന്ന പൊത്തുകളാണ് മലമുഴക്കിയുടെ താവളം. ഇത്തരം പൊത്തുകള്‍
കുറയുന്നതിനാല്‍ വേഴാമ്പലിന്റെ വംശം വേരറ്റുപോകുന്നു...


മഴക്കാടുകളുടെ ദൃശ്യഭംഗിയില്‍ ക്യാമറയുടെ ഫ്‌ളാഷ് മിന്നി. ഏറെനേരം കാത്തിരുന്ന അതിഥി മുന്നിലെത്തിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ അറിയാതെ ക്ലിക്ക് ചെയ്തതായിരുന്നു. ആദ്യം ഞെട്ടിയ മലമുഴക്കി വേഴാമ്പല്‍ ആകാംക്ഷയോടെ വെളിച്ചംവന്ന ഭാഗത്തേക്ക് നോക്കി. പച്ച വസ്ത്രങ്ങളിട്ട്, ശ്വസിക്കുന്ന ശബ്ദംപോലും കേള്‍പ്പിക്കാതെ വൃക്ഷക്കൊമ്പിലിരുന്ന ഫോട്ടോഗ്രാഫറെ വേഴാമ്പലിന് തിരിച്ചറിയാനായില്ല. എങ്കിലും പന്തികേട് മനസ്സിലായപ്പോള്‍ ചിറകടിച്ച് അത് പറന്നുപോയി. ആവിയന്ത്രം മെല്ലെ നീങ്ങുന്ന ശബ്ദം അപ്പോള്‍ മഴക്കാടിന്റെ ഹൃദയമിടിപ്പായി കേള്‍ക്കാമായിരുന്നു. വേഴാമ്പലിന്റെ ചിറകടിയെ ആവിയന്ത്രമായാണ് പക്ഷിഗവേഷകര്‍ താരതമ്യപ്പെടുത്തിയിട്ടുള്ളത്.
സഹ്യപര്‍വതത്തിലെ മഴക്കാടുകളിലെ വിസ്മയമാണ് മലമുഴക്കി വേഴാമ്പല്‍. കാഴ്ചയില്‍ അസാധാരണമായ ആകൃതി. 'കേരളത്തിലെ പക്ഷികള്‍' എന്ന ഗ്രന്ഥത്തില്‍ വിശാലമായ കുറിപ്പ് തന്നെയാണ്, തന്റെ ഹൃദയം കവര്‍ന്ന മലമുഴക്കിയെക്കുറിച്ച് സലിം അലി രേഖപ്പെടുത്തിയിട്ടുള്ളത്. ''വളരെ ദൂരത്ത് നിന്നാല്‍പോലും മലമുഴക്കിയുടെ ചിറകടി കേള്‍ക്കാം. പക്ഷിയുടെ ശബ്ദം വനത്തിലെ താഴ്‌വരകളിലൂടെ ചിലപ്പോള്‍ പ്രതിധ്വനിക്കുന്നതായി തോന്നും. മലമുഴക്കിയെന്ന പേരിന് അതാണ് കാരണം.''
മലമുഴക്കിയെ (Great Indian hornbill) തേടിയുള്ള യാത്ര ദുഷ്‌കരമാണ്. ആകാശത്തിന് കുടപിടിക്കുന്ന വന്‍വൃക്ഷങ്ങളില്‍ സ്വാഭാവികമായി മാത്രം രൂപപ്പെടുന്ന പൊത്തുകളാണ് വേഴാമ്പലിന്റെ കൂട്. ഇങ്ങനെയുള്ള പൊത്തുകള്‍ കുറയുന്നതിനാല്‍ വേഴാമ്പലിന്റെ വംശവും വേരറ്റു പോകുന്നു.
പ്രമുഖ പക്ഷിഗവേഷകനായ സലിം അലി 1987ലും തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് വയസ്സ് 92. സഹായത്തിന് വാക്കിങ് സ്റ്റിക്ക് വേണമായിരുന്നു. ശിഷ്യനും പക്ഷിഗവേഷകനുമായ ഡോ. സുഗതന്‍ അദ്ദേഹത്തെ അനുഗമിച്ചു. സലിം അലി പലപ്പോഴും തല ഉയര്‍ത്തി ആകാശത്തേക്ക് നോക്കി. മലമുഴക്കി വേഴാമ്പലിനെ കാണുകയായിരുന്നു പ്രതീക്ഷാ നിര്‍ഭരമായ ദൗത്യം. ചിറകടി കേള്‍ക്കാതായപ്പോള്‍ മനസ്സ് വേദനിച്ചുകൊണ്ട് അദ്ദേഹം ആത്മഗതമെന്നോണം പറഞ്ഞു- ''വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണോ? അതോ വനംകൈയേറ്റക്കാര്‍ വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തിയിട്ടുവോ? കൂട് കൂട്ടാന്‍ വന്‍മരങ്ങള്‍ ഇല്ലാത്തതിനാല്‍ മലമുഴക്കികള്‍ മറ്റു മലനിരകളിലേക്ക് കുടിയേറിക്കാണും.'' ഡോ. സുഗതന്റെ കൈപിടിച്ച് സലിം അലി തിരിച്ചുനടന്നു. ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം അന്തരിച്ചു. മുമ്പൊക്കെ എത്രയോ മലമുഴക്കികളെ ഇവിടെ കണ്ടിരുന്നു. ഇന്ന് ഒന്നുപോലുമില്ല.
1933-ലാണ് തിരുവിതാംകൂര്‍-കൊച്ചി പക്ഷിസര്‍വേക്ക് സലിം അലി ആദ്യമായി കേരളത്തിലെത്തിയത്. സഞ്ചാരം കൂടുതലും കാല്‍നടയായായിരുന്നു. 'ഒരു കുരുവിയുടെ വീഴ്ച' എന്ന അദ്ദേഹത്തിന്റെ ആത്മകഥ അവിസ്മരണീയമായ അനുഭവങ്ങള്‍ നിറഞ്ഞതാണ്. മലമുഴക്കി വേഴാമ്പലിന്റെ വന്‍വ്യൂഹങ്ങളെ അദ്ദേഹം തേക്കടിയിലും പറമ്പിക്കുളത്തും തട്ടേക്കാട്ടും നേരില്‍കണ്ട് മതിമറന്നു. തേക്കടിയില്‍ 62 മലമുഴക്കികളെ ഒറ്റക്കെട്ടായി എണ്ണിയിട്ടുണ്ട്.
വന്‍വൃക്ഷങ്ങളിലെ പൊത്തുകളാണ് വേഴാമ്പല്‍കൂട്. ചിത്രമെടുക്കണമെങ്കില്‍ അതേ ഉയരത്തിലുള്ള സമീപത്തുള്ള മറ്റൊരു മരത്തില്‍ ക്യാമറയുമായി കാത്തിരിക്കണം. ഫോട്ടോഗ്രാഫര്‍മാരുടെ സാന്നിധ്യം വേഴാമ്പല്‍ അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ടോപ്പ് സ്ലിപ്പിലും ആനമല സങ്കേതത്തിലും അങ്ങനെ നീണ്ട കാത്തിരിപ്പിലൂടെയാണ് നസീര്‍ ചിത്രങ്ങള്‍ എടുത്തത്.
നെല്ലിയാമ്പതിയിലെ ഹൃദയഹാരിയായ വിക്ടോറിയ കുന്നുകളില്‍ നിന്നാല്‍, ഒരു വിളിപ്പാടകലെ ഹരിതസമുദ്രമായി മാറിയിരിക്കുന്ന പറമ്പിക്കുളം കാണാം. ആലുകള്‍ പൂത്ത് കായ്കള്‍ നിറയുമ്പോള്‍ മലമുഴക്കികള്‍ കൂട്ടത്തോടെ പറമ്പിക്കുളത്ത് നിന്ന് നെല്ലിയാമ്പതിയിലേക്ക് പറന്നെത്തും.
കാഴ്ചയില്‍ ആരെയും വിസ്മയിപ്പിക്കും മലമുഴക്കി. നീണ്ട് മൂര്‍ച്ചയേറിയതാണ് കൊക്ക്. ശരീരത്തിന് വലിപ്പം കൂടുതലാണ്. നിത്യഹരിത വനങ്ങളാണ് വേഴാമ്പലിന്റെ വാസസ്ഥലം. പറക്കുമ്പോള്‍ കാട്ടിലൂടെ ഒരു ആവിയന്ത്രം ചലിക്കുന്ന ശബ്ദമാണ് കേള്‍ക്കുക. കൂട്ടിനുള്ളിലെ വേഴാമ്പല്‍കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ കാട്ടുജാതിക്കാര്‍ ശ്രമിച്ചപ്പോള്‍ അവരെ മൂര്‍ച്ചയേറിയ കൊക്കുകൊണ്ട് വേഴാമ്പല്‍ ആക്രമിച്ച സംഭവങ്ങളുണ്ട്. ചില കാട്ടുജാതിക്കാരുടെ ശരീരത്തിലെ ഉണങ്ങിയ മുറിപ്പാടുകള്‍ അന്വേഷിച്ചപ്പോഴാണ്, വാഴച്ചാലില്‍ ഡി.എഫ്.ഒ. ആയിരുന്ന ഡോ. എന്‍.സി. ഇന്ദുചൂഡന്‍ ഇതേക്കുറിച്ച് അറിഞ്ഞത്. ആദിവാസികളുടെ പങ്കാളിത്തത്തോടെ വേഴാമ്പല്‍ സംരക്ഷണത്തിന് പ്രത്യേക പദ്ധതി വാഴച്ചാലില്‍ 2003-ല്‍ നടപ്പാക്കിയത് ഇന്ദുചൂഡനാണ്. വേഴാമ്പല്‍ വേട്ടക്കാരായിരുന്നവര്‍ അങ്ങനെ സംരക്ഷകരായി മാറി.
1933-ല്‍ സലിം അലി സഞ്ചരിച്ച വഴികളിലൂടെ ഒരു സംഘം പക്ഷിഗവേഷകരും ശാസ്ത്രജ്ഞരും ഒരുവര്‍ഷം മുമ്പ് നടന്നു. സി. ശശികുമാറായിരുന്നു സംഘനേതാവ്. പലപ്പോഴായി കണ്ട മലമുഴക്കികളുടെ എണ്ണം വെറും 48 മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അതില്‍, കൂടുതല്‍ എണ്ണത്തെ കാണാന്‍ കഴിഞ്ഞത് തേക്കടിയിലാണ്.
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പേര് ഇപ്പോള്‍ 'സലിം അലി പക്ഷിസങ്കേത'മെന്നാണ്. ഡോ. സുഗതന്‍ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്- ''മലമുഴക്കികളെ ഇപ്പോള്‍ തട്ടേക്കാട്ട് കാണാന്‍ കഴിയുന്നില്ല. കാലം കഴിഞ്ഞപ്പോള്‍ അവയുടെ എണ്ണവും കുറഞ്ഞു. സലിം അലി 1933-ല്‍ ഇവിടെ വന്നപ്പോഴും കോഴിവേഴാമ്പലുകളെ (Malabar Grey hornbill) കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. കോഴിവേഴാമ്പലുകള്‍ ഇപ്പോഴും തട്ടേക്കാട്ട് കൂടുതലുണ്ട്. മലമുഴക്കികളാകട്ടെ പൂയംകുട്ടിയിലാണ്.''
മലമുഴക്കിയുടെ കൂടുകള്‍ തേടിയുള്ള ദൗത്യത്തില്‍ പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറായ എന്‍.എ. നസീറിന്റെ അനുഭവങ്ങള്‍ നിരവധിയാണ്. ''ചെറിയ ഒരനക്കം മതി, വേഴാമ്പല്‍ ചിറകടിച്ച് പറന്നുപോകും. തന്നെ വീഴ്ത്താനുള്ള ശത്രു സ്ഥലത്തുണ്ടെന്നാണ് പക്ഷി കരുതുക. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും തീറ്റതേടി അലഞ്ഞ് അവ പകര്‍ന്നുകൊടുക്കുകയാണ് ആണിന്റെ ജോലി. പരിസരത്ത് അപരിചിതര്‍ ഉണ്ടെന്നുകണ്ട് ഭയന്നാല്‍ ആണ്‍പക്ഷി മണിക്കൂറുകള്‍ക്കുശേഷമേ തിരിച്ചെത്തൂ. അതീവ ജാഗ്രതയാണ് വേഴാമ്പലിന് അപ്പോള്‍. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകള്‍.
വേഴാമ്പല്‍കൂടുകള്‍ക്ക് ഏറെ നാശം സംഭവിച്ചിട്ടുള്ളത് പഴനി മലനിരകളിലാണെന്ന് പശ്ചിമഘട്ടത്തിലെ വേഴാമ്പലുകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ഡോ. ആര്‍. കണ്ണന്‍ പറയുന്നു. കാരണം, വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളിലെ വനപ്രദേശത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിച്ചു. കൂടുതല്‍ സംരക്ഷണ പദ്ധതികള്‍ തേക്കടി, കളക്കാട്, ആനമല എന്നിവിടങ്ങളിലെ വേഴാമ്പലുകള്‍ക്ക് അനുഗ്രഹമാകുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ഏഴ് തരത്തിലുള്ള വേഴാമ്പലുകള്‍ ഉണ്ട്. അതില്‍ ഏറ്റവും വലുതാണ് പശ്ചിമഘട്ടത്തില്‍ കാണുന്ന മലമുഴക്കി. വേഴാമ്പലുകള്‍ ഗുരുതരമായ വംശനാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാടും കുന്നും മരവും പുഴയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമുക്ക് മലമുഴക്കിയും ഒരു ഓര്‍മ മാത്രമാവാന്‍ ഇനി അധികസമയം വേണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജി. ഷഹീദ്‌

ചിത്രം 1: വിക്കിപീഡിയയിൽ നിന്ന്
ചിത്രം 2: എന്‍.എ.നസീര്‍
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
Mathrbhumi വാരാന്തം 14 Aug 2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക