.

.

Wednesday, August 3, 2011

കൃത്രിമക്കാട്ടില്‍ വിരിഞ്ഞ രാജവെമ്പാലകള്‍ നാല്‌പതായി

മംഗലാപുരം:കാടിനൊത്ത സാഹചര്യം കൃത്രിമമായി കൂട്ടിലൊരുക്കി നടത്തിയ പ്രത്യുത്പാദന പരീക്ഷണത്തില്‍ മുട്ട വിരിഞ്ഞ് പുറത്തുവന്ന രാജവെമ്പാലക്കുഞ്ഞുങ്ങളുടെ എണ്ണം നാല്പതായി. മുട്ട മേലുള്ള അടയിരിപ്പ് 82 ദിവസം പൂര്‍ത്തിയായപ്പോള്‍ ആദ്യ നാളില്‍ 32 രാജവെമ്പാലകളാണ് തോടുടച്ച് പുറത്തുവന്നത്. ആദ്യ പരീക്ഷണത്തിലെ ശേഷിച്ച മുട്ടകളും വിരിയുന്നത് കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് പിലിക്കുള നിസര്‍ഗധാം ഉദ്യാനം ഡയറക്ടര്‍ ജയപ്രകാശ് ഭണ്ഡാരിയും സഹപ്രവര്‍ത്തകരും.
രാജവെമ്പാലകളുടെ പ്രത്യുത്പാദനം കൃത്രിമ സാഹചര്യത്തില്‍ നടത്താന്‍ 2007 നവംബറില്‍ പിലിക്കുള നിസര്‍ഗധാമിന് കേന്ദ്ര മൃഗശാല അതോറിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിരന്തര നിരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമായി വന്നതിനാല്‍ പദ്ധതിയുടെ നടത്തിപ്പ് വൈകി.
ഒമ്പത് ആണ്‍ രാജവെമ്പാലകളും അഞ്ച് പെണ്‍ രാജവെമ്പാലകളും ഉദ്യാനത്തില്‍ ഉണ്ടായിരുന്നെങ്കിലും നാലു ജോഡികളെയാണ് അധികൃതര്‍ ഇണചേര്‍ക്കാന്‍ തിരഞ്ഞെടുത്തത്. ഇണചേരല്‍ പൂര്‍ത്തിയായി 52 ദിവസം തികയുമ്പോഴേക്കും പെണ്‍പാമ്പുകള്‍ മുട്ടയിട്ടു. ഇതില്‍ നിന്ന് 82 മുട്ടകളാണ് അടവെച്ചത്.
കുഞ്ഞ് രാജവെമ്പാലകള്‍ക്ക് 17 ഇഞ്ച് നീളമുണ്ട്. പ്രായപൂര്‍ത്തിയായ രണ്ടുപേരെ അരമണിക്കൂറിനകം കൊല്ലാന്‍ ആവശ്യമായ വിഷം ഓരോ കുഞ്ഞിനും ഉണ്ടെന്ന് ഡയറക്ടര്‍ പത്രലേഖകരോട് പറഞ്ഞു. രാജവെമ്പാലകളുടെ ഇത്തരത്തിലുള്ള പരീക്ഷണപ്പിറവി ലോകത്ത് ആദ്യത്തേതാണെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.


ടി.പി.രാജീവന്‍ 03 Aug 2011 mathrubhumi kerala news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക