.

.

Tuesday, August 9, 2011

കുട്ടിപ്പച്ചപ്പട്ടാളം

നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന കൃഷിയിടങ്ങള്‍ വീണ്ടെടുക്കുക എന്ന ചരിത്രദൗത്യവുമായിട്ടാണ് പുതുക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹരിത സംരക്ഷണ സേന ഒരുങ്ങുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഗ്രീന്‍ കേഡറ്റ് കോറിന്റെ സംസ്ഥാനത്തെ ആദ്യബാച്ചാണ് ഇവിടെ പരിശീലനം ആരംഭിച്ചത്. സ്‌കൂള്‍ പരിസരത്ത് പ്രത്യേകമൊരുക്കുന്ന തോട്ടങ്ങളില്‍ ഇനി പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിളയും. ഹരിത സംരക്ഷണ സേനയുടെ സന്നദ്ധ സൈനികര്‍ ഇനി കൃഷിയിടങ്ങളിലേക്ക് പടനയിക്കും.
വിദ്യാര്‍ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, യുവതലമുറയ്ക്ക് യന്ത്രവത്കൃത കൃഷിരീതികള്‍ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗ്രീന്‍ കേഡറ്റ് കോര്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. വികസനത്തിന്റെ ആരംഭം കൃഷിയില്‍ നിന്നാണെന്ന തിരിച്ചറിവാണ് ഗ്രീന്‍ കേഡറ്റ് കോറിന്റെ അടിസ്ഥാന ആശയമെന്ന് പരിശീലന പരിപാടിയുടെ ഉദ്ഘാടന വേളയില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. കാര്‍ഷിക സര്‍വ്വകലാശാല അക്ഷരാര്‍ത്ഥത്തില്‍ കൃഷിയിലേക്കിറങ്ങിവരുന്നതിന്റെ സൂചനയാണ് ഹരിത സംരക്ഷണ സേനയുടെ രൂപവത്കരണത്തിലൂടെ ലഭിക്കുന്നത്. പുതുക്കാട് സ്‌കൂളിലെ 54 വിദ്യാര്‍ഥികളാണ് സേനയിലെ അംഗങ്ങള്‍.
എന്‍.സി.സി. മാതൃകയില്‍ സേനാംഗങ്ങള്‍ക്ക് പരേഡും ഡ്രില്ലും ഉണ്ടാകും. പരിശീലനസമയത്തുതന്നെ ഒട്ടുമിക്ക കാര്‍ഷിക വിളകളും വിദ്യാര്‍ഥികള്‍ കൃഷിചെയ്യും. സ്‌കൂളിനോടു ചേര്‍ന്നുള്ള രണ്ടേക്കര്‍ ഭൂമിയിലായിരിക്കും വിദ്യാര്‍ഥികള്‍ കൃഷിയിറക്കുന്നത്. ഇതില്‍ ഒരേക്കര്‍ പഞ്ചായത്തുതന്നെ കണ്ടെത്തും. ഒമ്പതു പേരടങ്ങുന്ന ആറു സംഘങ്ങളായിട്ടായിരിക്കും സേന പ്രവര്‍ത്തിക്കുന്നത്. ഒരു വിദ്യാര്‍ഥിക്ക് ഏകദേശം രണ്ടര സെന്റോളം സ്ഥലത്ത് കൃഷി ചെയ്യാന്‍ പ്രാപ്തനാക്കുംവിധത്തിലുള്ളതാണ് പദ്ധതി. സര്‍വ്വകലാശാലയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ചകളില്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്ന ഗ്രീന്‍ കേഡറ്റിന് കാര്‍ഷിക സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കും. 'പാസിങ് ഔട്ട്' പരേഡിലൂടെ ഭക്ഷ്യസുരക്ഷാ സേന സേവനസജ്ജമായെന്ന് പ്രഖ്യാപിക്കും.
കൃത്യത കൃഷിപദ്ധതിയും ശാസ്ത്രീയമായ ജൈവകൃഷിയും മണ്ഡലത്തില്‍ നടപ്പാക്കാനിരിക്കെ ഹരിത സംരക്ഷണ സേനയ്ക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃഷിയില്‍നിന്നകന്ന വികസന സങ്കല്പങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ലോകവ്യാപകമായി ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതില്‍ കണ്ണികളാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പുതുക്കാട്ടെ ഹരിത സൈനികര്‍.

Mathrubhumi thrissur News 09 Aug 2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക