.

.

Sunday, August 14, 2011

കാട്ടിലെ ഒളിക്യാമറകളില്‍ വന്യകാഴ്ചകളുടെ പൂരം

കല്‍പറ്റ: കാട്ടില്‍ സ്ഥാപിച്ച ഒളിക്യാമറകളില്‍ ഡിസ്കവറി ചാനലിലേതു പോലെ മൃഗസമൃദ്ധമായ കാഴ്ചകള്‍. കടുവയുടെ പടം പിടിക്കാനാണ് വയനാട് വന്യജീവി സങ്കേതത്തില്‍ ക്യാമറ സ്ഥാപിച്ചതെങ്കിലും കടുവ മാത്രമല്ല പുള്ളിപുലി, ആന, മലമാന്‍, കരടി, പുള്ളിമാന്‍, മുള്ളന്‍പന്നി തുടങ്ങി ഒട്ടേറെ വന്യജീവികളുടെ സുന്ദരന്‍ കാഴ്ചകളും പതിഞ്ഞിട്ടുണ്ട്.

കടുവകളുടെ എണ്ണമറിയാനും പ്രത്യേകതകളും സ്വഭാവവും നിരീക്ഷിക്കാനുമാണ് കാടിനുള്ളില്‍ നൂറോളം 'ട്രാപ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ മുത്തങ്ങ ഫോറസ്റ്റ് റേഞ്ചില്‍ പതിനഞ്ച് ക്യാമറകളാണ് സ്ഥാപിച്ചത്.

344.44 സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി, തോല്‍പെട്ടി, കുറിച്യാട് എന്നിവിടങ്ങളിലായി നൂറോളം ക്യാമറകളാണ് ഘടിപ്പിക്കുക. ഇതിനു മുന്നോടിയായി അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തെ ഗ്രിഡുകളായി തിരിക്കുന്ന നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തോല്‍പെട്ടിയിലെ ഗ്രിഡ് തിരിക്കല്‍ ഉടന്‍ ആരംഭിക്കും. ഓരോ ഗ്രിഡിലും ഓരോ ജോടി ക്യാമറകളാണ് അഭിമുഖമായി വയ്ക്കുക. ഒരേ സമയം ഇരുക്യാമറകളിലായി ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ജീവികളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും മനസിലാക്കാം. വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാണ്. കൂടാതെ ഗവേഷണ ആവശ്യങ്ങള്‍ക്കായും ഇവ ഉപയോഗിക്കാം.

'ക്യാമറ ട്രാപ്പിലൂടെ ഓരോരുത്തരേയും പ്രത്യേകം നിരീക്ഷിക്കാനും വിവരശേഖരണത്തിനും കഴിയും. വന്യജീവിസങ്കേതത്തില്‍ പ്രാഥമിക പഠനം നടത്തിയ ശേഷമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കടുവകളുടെ കാഷ്ഠം, കാല്‍പ്പാടുകള്‍ എന്നിവ കണ്ടെത്തി അവയുടെ സാന്നിധ്യമുള്ള മേഖലകള്‍ തിരിച്ചറിഞ്ഞാണ് ക്യാമറകള്‍ സ്ഥാപിച്ചത്.

കടുവകളുടെ ശരീരത്തിലെ വരകള്‍ നിരീക്ഷിച്ചാണ് അവയെ തിരിച്ചറിയുക. മനുഷ്യര്‍ക്കു വിരലടയാളം പോലെ ഓരോ കടുവകളുടേയും ശരീരത്തിലെ വരകള്‍ വ്യത്യസ്തമായിരിക്കും.ഓട്ടമാറ്റിക് സ്വിച്ച് ഓണ്‍ സംവിധാനമുള്ള ക്യാമറകളാണ് സ്ഥാപിച്ചത്. കടുവകള്‍ ക്യാമറയ്ക്കു മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ വഴി തിരിച്ചറിയുകയും ഓട്ടമാറ്റിക് ആയി ക്യാമറ പ്രവര്‍ത്തനക്ഷമമാകുകയും ഫോട്ടോ പതിയുകയും ചെയ്യും. രാത്രിയിലും ഇവ പ്രവര്‍ത്തിക്കും. ഡബ്ള്യുഡബ്ള്യുഎഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് ക്യാമറ ട്രാപ് പദ്ധതി നടപ്പിലാക്കുന്നത്.

Manorama online wayanadu news... 14.8.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക